കൊച്ചി: നടൻ മമ്മൂട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ കുറിപ്പ് പങ്കുവെച്ച് ജോൺ ബ്രിട്ടാസ് എംപി. ഇനിയും ഒരുപാട് കാതങ്ങൾ കരംപിടിച്ച് മുന്നേറാനുണ്ടെന്നും അഭിനയമികവിന്റെ എത്രയോ ഭാവതലങ്ങൾക്കായി കാത്തിരിക്കുന്നുവെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടാണ് കുറിപ്പ്.
തടസങ്ങളെ ചിരിച്ചുകൊണ്ട് മമ്മൂട്ടി നേരിടുമെന്നും ആത്മവിശ്വാസത്താൽ ഉറച്ചു നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
നോവിന്റെ തീയിൽ മനം കരിയില്ല…പരീക്ഷണത്തിന്റെ വാൾ വീശലുകളിൽ പതറുകയുമില്ല…വീശുന്ന കൊടുങ്കാറ്റുകൾ ചിരികൊണ്ടു നേരിടും…പെയ്യുന്ന പേമാരികൾ മുറിച്ചു നടക്കും… ആത്മവിശ്വാസത്തിന്റെപാറമേൽ ഉറച്ചുനിന്നു തലയുയർത്തും…പ്രിയപ്പെട്ട മമ്മൂക്കാ ….ഇനി എത്രയോ കാതങ്ങൾ ഞങ്ങളുടെ കരം പിടിച്ചു മുന്നേറാനുണ്ട് …അഭിനയമികവിന്റെ എത്രയോ ഭാവതലങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു ..ഒത്തിരി സന്തോഷത്തോടെ ..നിറഞ്ഞ സ്നേഹത്തോടെ..
നടന് മമ്മൂട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്ന സൂചന നല്കി പേഴ്സണല് അസിസ്റ്റന്റ് ജോര്ജ് എസ് കുറിപ്പ് പങ്കുവെച്ചിരുന്നു. കൈകൂപ്പി നില്ക്കുന്ന മമ്മൂട്ടിയുടെ ചിത്രത്തിനൊപ്പമാണ് കുറിപ്പ്. ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാര്ത്ഥനയ്ക്ക് ഫലം കണ്ടെന്ന് നിര്മാതാവ് ആന്റോ ജോസഫും ഫേസ്ബുക്കില് പങ്കുവെച്ചിരുന്നു. ദൈവമേ നന്ദിയെന്നും ആന്റോയുടെ പോസ്റ്റിലുണ്ട്. എന്നാല് മറ്റു സൂചനകളൊന്നും നല്കിയിരുന്നില്ല.
എക്കാലത്തെയും വലിയ വാര്ത്തയെന്ന് നടി മാല പാര്വതി കമന്റ് ചെയ്യുകയുമുണ്ടായി. ഇത്രയും ആളുകള് ഒരുമിച്ച് പ്രാര്ത്ഥിക്കുമ്പോള് ദൈവത്തിന് കേള്ക്കാതിരിക്കാന് പറ്റില്ലല്ലോ എന്ന് സംവിധായകന് കണ്ണന് താമരകുളവും കമന്റ് ചെയ്തു.
കുറച്ചു കാലമായി സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്ത് മാറി നിൽക്കുകയായിരുന്നു മമ്മൂട്ടി. ഇപ്പോൾ വന്ന വാർത്തയിൽ ആരാധകർ സന്തോഷത്തിലാണ്.
Content Highlights: john brittas mp on mammootty