മത്സരിക്കാൻ താൽപ്പര്യമുണ്ടെങ്കിലും വിട്ടുകൊടുക്കാൻ വടകരക്കാർ ഒരുക്കമല്ലെന്ന് സണ്ണി ജോസഫ്; പ്രതികരിച്ച് ഷാഫിയും

നിങ്ങളോട് തമാശ പറഞ്ഞാലും തന്റെ ഉത്തരവാദിത്തം പ്രസിഡന്റ് കൃത്യമായി ഏല്‍പ്പിച്ചിട്ടുണ്ടെന്ന് ഷാഫി പറമ്പിൽ

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എംപിമാര്‍ക്ക് താല്‍പര്യമുണ്ടെന്ന സൂചന നല്‍കി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ. വടകര എംപി ഷാഫി പറമ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച ചോദ്യത്തിനായിരുന്നു മറുപടി. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഷാഫി പറമ്പിലിന് താല്‍പ്പര്യമുണ്ടെങ്കിലും പുയ്യാപ്ലയെ വിട്ടുകൊടുക്കാന്‍ വടകരക്കാര്‍ ഒരുക്കമല്ലെന്നായിരുന്നു സണ്ണി ജോസഫിന്റെ മറുപടി.

വിഷയത്തില്‍ ഷാഫി പറമ്പിലും വ്യക്തത വരുത്തി. നിങ്ങളോട് തമാശ പറഞ്ഞാലും തന്റെ ഉത്തരവാദിത്തം പ്രസിഡന്റ് കൃത്യമായി ഏല്‍പ്പിച്ചിട്ടുണ്ടെന്നും വടകരയില്‍ നിന്നും കൂടുതല്‍ യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭയിലേക്ക് എത്തണമെന്നാണ് താല്‍പര്യമെന്നും ഷാഫി പ്രതികരിച്ചു. കണ്ണ് നിറഞ്ഞിട്ടാണ് വടകരക്കാര്‍ ജയിച്ചു വരാന്‍ പറഞ്ഞത്. അവരോടുളള ഉത്തരവാദിത്തം നിറവേറ്റുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

'വടകരയില്‍ നിന്നും കൂടുതല്‍ യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭയിലേക്ക് എത്തണമെന്നാണ് എന്റെ താല്‍പര്യം. ആ ഉത്തരവാദിത്തമാണ് പാര്‍ട്ടി ഏല്‍പ്പിച്ചത്. നിങ്ങളോട് തമാശ പറഞ്ഞാലും എന്റെ ഉത്തരവാദിത്തം പ്രസിഡന്റ് കൃത്യമായി ഏല്‍പ്പിച്ചിട്ടുണ്ട്. കോഴിക്കോടും കോണ്‍ഗ്രസിനെ വിജയിപ്പിക്കണം. അധ്യക്ഷന്റെ നേതൃത്വത്തില്‍ ആ ഉത്തരവാദിത്തം നടപ്പിലാക്കാന്‍ പരിശ്രമിക്കും. കേരളത്തില്‍ ഭരണമാറ്റം അനിവാര്യമാണ്. കേരളത്തിന്റെ നികുതിപ്പണമാണ് വെള്ളത്തില്‍ പോകുന്നത്', തോരായിക്കടവ് പാലം തകര്‍ന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഷാഫിയുടെ പ്രതികരണം.

കൊയിലാണ്ടി തോരായിക്കടവ് പാലം തകര്‍ന്നതിന് പിന്നില്‍ സര്‍ക്കാരിന്റെ അനാസ്ഥയാണെന്ന് സണ്ണി ജോസഫ് പ്രതികരിച്ചു. പാലം തകരുന്നത് ഒറ്റപ്പെട്ട സംഭവമാണെന്നും പാലം പുനര്‍നിര്‍മ്മിക്കുന്നത് വൈകിപ്പിക്കരുതെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.

സിപിഐഎമ്മിലെ കത്ത് വിവാദത്തിലും സണ്ണി ജോസഫ് പ്രതികരിച്ചു. പാര്‍ട്ടിയ്ക്ക് കൊടുക്കുന്ന കത്തുകള്‍ പാര്‍ട്ടി നേതാക്കളുടെ കുടുംബാംഗങ്ങള്‍ തന്നെ പരസ്യപ്പെടുത്തുന്നത് അസംബന്ധമാണെന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. കോണ്‍ഗ്രസിന്റെ ജനസമ്പര്‍ക്ക പരുപാടി ആഗസ്റ്റ് 29, 30, 31 സെപ്റ്റംബര്‍ 1, 2 തീയതികളിലായി നടക്കുമെന്നും കേരളത്തിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റിന്റെ ജനദ്രോഹ നടപടിക്കെതിരെയാണ് ജനസമ്പര്‍ക്ക പരിപാടിയെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Sunny Joseph Reaction Over Shafi Parambil Candidature in Assembly Election

To advertise here,contact us