കൊച്ചി: വ്യവസായി ബി മുഹമ്മദ് ഷർഷാദിന്റെ കത്തുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദത്തില് പ്രതികരിച്ച് വ്യവസായിയും പ്രൊഡ്യൂസറുമായ രാജേഷ് കൃഷ്ണ. 2022 മുതല് പൊതുജന മധ്യത്തിലുള്ളതാണ് ഷഹഷാദിന്റെ കത്ത് എന്നും തനിക്കെതിരെ വാര്ത്ത വന്നാല് അതിനൊരു ഗുമ്മില്ലാത്തതിനാല് സിപിഐഎമ്മിനെയും സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ കുടുംബത്തെയും ചേര്ച്ച് കെട്ടാന് ശ്രമിച്ച പ്രതിയുടെ അതിബുദ്ധിയാണ് പുതിയ വിവാദം എന്നും രാജേഷ് കൃഷ്ണ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. പാര്ട്ടി എടുക്കുന്ന എന്ത് തീരുമാനത്തോടും ഒപ്പമുണ്ടാകുമെന്ന് രാജേഷ് കൃഷ്ണ വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം-
ഇക്കാലമത്രയും ഒരുവന് ഒരു മഞ്ഞ പത്രക്കാരനുമായി ചേര്ന്ന് എനിക്കെതിരെ ദുഷ്പ്രചരണം നടത്തി നടന്നപ്പോള് എന്റെ സുഹൃത്തുക്കളും സഖാക്കളും ചോദിച്ചത് ഒരേ ചോദ്യമായിരുന്നു. 'എന്തുകൊണ്ട് ഇയാള്ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നില്ല' ?ക്ഷമയുടെ നെല്ലിപ്പലകയും കടന്നപ്പോള് കഴിഞ്ഞമാസം ഡല്ഹി കോടതിയില് അദ്ദേഹത്തിന് എതിരെ ഞാന് പത്തു കോടി രൂപയ്ക്ക് മാനനഷ്ട കേസ് ഫയല് ചെയ്തു. ഇതില് നിയമനടപടി ഉറപ്പായപ്പോള് പഴയ മഞ്ഞപത്രക്കാരന്റെ നേതൃത്വത്തില് ഒരു മുഖ്യധാരാ പത്ര റിപ്പോര്ട്ടറെ കളത്തിലിറക്കി. നിരന്തര CPM വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായും ഇന്നത്തെ മത്സര മാര്ക്കറ്റിംഗ് റേറ്റിങ്ങ് പ്രഷറിലും മറ്റ് മാദ്ധ്യമങ്ങളും കളത്തിലിറങ്ങി.വ്യക്തമായി തന്നെ പറയട്ടെ, ഈ വിവാദത്തില്പ്പെട്ട കത്ത് പ്രസ്തുത പ്രതി തന്നെ തന്റെ ഇന്സ്റ്റാഗ്രാം പേജിലും ഫേസ്ബുക്ക് പേജിലും പങ്കുവെച്ചതും പിന്നീട് ഡിലീറ്റ് ചെയ്തതുമാണ്. എന്നാല് ഡിലീറ്റ് ചെയ്ത പോസ്റ്റുകള് റിട്രൈവ് ചെയ്യാന് ഇവിടെ സംവിധാനങ്ങളുണ്ടല്ലോ, വരും ദിവസങ്ങളില് അതും പുറത്തുവരും.
സോഷ്യല് മീഡിയ പോസ്റ്റില് അയാള് തന്നെ പറയുന്നുണ്ട് 'രാജേഷ് കൃഷ്ണയ്ക്കെതിരെ സിപിഎം പോളിറ്റ്ബ്യൂറോ മെമ്പര് അശോക് ധാവ്ലെയ്ക്ക് പരാതി കൊടുത്തത് ഞാനാണ്. ആര്ക്കുവേണമെങ്കിലും പരാതിയുടെ പകര്പ്പ് ആവശ്യപ്പെടാം. ' അപ്പോള് അയാളില് നിന്നു തന്നെ ഇത് പൊതുജന മദ്ധ്യത്തില് വന്നതാണെന്ന് വ്യക്തമാണല്ലോ. മാത്രവുമല്ല മധുര പാര്ട്ടി കോണ്ഗ്രസ് നടന്ന ദിവസങ്ങളിലെ ചാനല് വാര്ത്തകളില് മേല് പറഞ്ഞ പ്രതിയുടെ കത്ത് അവരുടെ കയ്യിലുണ്ടെന്നു പറഞ്ഞിട്ടുള്ളതും അത് പ്രസിദ്ധപ്പെടുത്തിയിട്ടുമുള്ളതാണല്ലോ.ഇപ്പോള് മാധ്യമങ്ങള് കൊട്ടിഘോഷിക്കുന്ന ഈ കത്ത് 2022 മുതല് മലയാളത്തില് പലയിടങ്ങളിലും ലഭ്യമായിരുന്നെന്ന് പ്രതി തന്നെ പറയുന്നുണ്ടല്ലോ.
എനിക്കെതിരെ വാര്ത്ത വന്നാല് അതിനൊരു ഗുമ്മില്ലാത്തതിനാല് സിപിഎമ്മിനെയും സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേയും കുടുംബത്തെയും ചേര്ത്ത് കെട്ടാന് ശ്രമിച്ച പ്രതിയുടെ അതിബുദ്ധിയില് ഇത്തവണ വീണത് 'മാധ്യമ സിന്ഡിക്കേറ്റാണ്'.എന്തായാലും മാധ്യമപ്രവര്ത്തകരുടെ വര്ഗ്ഗബോധം എനിക്കിഷ്ടപ്പെട്ടു, കാരണം അതില് പ്രതിപാദിച്ചിരിക്കുന്ന എന്റെ സുഹൃത്തുക്കളായ മാധ്യമപ്രവര്ത്തകരുടെ പേരുകള് ഒന്നും തന്നെ അവര് ചര്ച്ചയ്ക്ക് എടുത്തിട്ടില്ല. രാഷ്ട്രീയ നേതാക്കളുടെ പ്രതികരണം ആരാഞ്ഞവര് മാധ്യമ സുഹൃത്തുക്കളുടെ പ്രതികരണത്തിന് മെനക്കെട്ടതുമില്ല.
ഞാന് ഫയല് ചെയ്ത കേസ്, എനിക്കെതിരെ അപവാദപ്രചരണം നടത്തിയ ആള്ക്കെതിരെ മാത്രമാണ്. എന്നാല് അയാള് മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചത് മാധ്യമങ്ങള് കൂടി ഇതില് പ്രതിയാണെന്നാണ്.മാധ്യമ സ്ഥാപനങ്ങളെ അയാള് സമര്ത്ഥമായി കളിപ്പിക്കുകയായിരുന്നു എന്ന് വരും ദിവസങ്ങളില് നിങ്ങള്ക്ക് ബോദ്ധ്യപ്പെടും. ഉണ്ടെന്ന് പറഞ്ഞ രേഖകള് ചോദിച്ചാല് കൈ രേഖയല്ലാതെ അയാള്ക്ക് ഒന്നും കാണിക്കാനുണ്ടാകില്ല.ഏതന്വേഷണത്തെയും ഞാന് സ്വാഗതം ചെയ്യുന്നു. 25 വര്ഷത്തോളമായി ഇംഗ്ലണ്ടില് ജീവിക്കുന്ന, പണ്ടേ ബ്രിട്ടീഷ് പൗരത്വം എടുക്കാന് കഴിയുമായിരുന്ന, ഒരു വോട്ട് ചെയ്യാന് മാത്രം ഇന്നും ഇന്ത്യന് പാസ്പോര്ട്ട് നിലനില്ത്തിയിരിക്കുന്ന വ്യക്തിയാണ് ഞാന്. പാര്ട്ടിയുടെ മെമ്പര് ആണെന്ന് എന്നും അഭിമാനത്തോടെ പറയുന്ന, CPM ബ്രിട്ടണ് ഘടകമായ അസോസിയേഷന് ഓഫ് ഇന്ത്യന് കമ്മ്യൂണിസ്റ്റിന്റെ ദേശീയ എക്സിക്യൂട്ടീവ് മെമ്പറായി പ്രവര്ത്തിച്ചു വരുന്ന ഞാന്, പാര്ട്ടി എടുക്കുന്ന എന്ത് തീരുമാനത്തോടൊപ്പവും ഉണ്ടാകും.
പണ്ട് പറഞ്ഞത് വീണ്ടും ആവര്ത്തിക്കുന്നു. 'അവള്ക്കൊപ്പം' എന്നത് ഹാഷ് ടാഗിടാനുള്ള ഒരു വരി മാത്രമല്ല എനിക്ക്. നടിയുടെ തിരിച്ചു വരവിനിടയാക്കിയ ചലച്ചിത്രം, പല നിര്മ്മാതാക്കളും പിന്മാറിയപ്പോള് അഭിമാനപൂര്വ്വം ഏറ്റെടുത്തു നിര്മ്മിച്ച ആളാണ് ഞാന്. ജന്ഡര് വ്യത്യാസമില്ലാതെ സുഹൃത്തുക്കളെ അവരുടെ വേട്ടയാടപ്പെടലുകളില് ഉള്പ്പടെ ഏതവസ്ഥയിലും എന്നാലാവും വിധം ചേര്ത്തു നിര്ത്താന് ശ്രമിച്ചിട്ടുണ്ട്. അതൊരു മനുഷ്യന്റെ ഉത്തരവാദിത്തമാണെന്ന ഉത്തമ വിശ്വാസം പേറുന്ന ആളാണ് ഞാന്.ഒരു സംശയവും വേണ്ട, തുടര്ന്നും അങ്ങനെ തന്നെയായിരിക്കും.
Content Highlights: Producer Rajesh Krishna Reaction Over Controversy