മിമിക്രി താരം പാലാ സുരേഷിനെ മരിച്ച നിലയില്‍ കണ്ടെത്തി; ഉറക്കത്തില്‍ ഹൃദയസ്തംഭനമെന്ന് നിഗമനം

മെഗാ ഷോകളിലൂടെയും സ്‌റ്റേജ് ഷോകളിലൂടെയും മിമിക്രി വേദികളില്‍ നിറഞ്ഞുനിന്നിരുന്ന കലാകാരനാണ് സുരേഷ് കൃഷ്ണ

പിറവം: മൂന്ന് പതിറ്റാണ്ടോളം മിമിക്രി വേദികളില്‍ നിറസാന്നിധ്യമായിരുന്ന മിമിക്രി താരം സുരേഷ് കൃഷ്ണയെ (പാലാ സുരേഷ്) മരിച്ച നിലയില്‍ കണ്ടെത്തി. പിറവത്തെ വാടക വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. 53 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സുരേഷ് കോട്ടയം മെഡി. കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഉറക്കത്തില്‍ ഹൃദയസ്തംഭനം ഉണ്ടായതാകാം എന്നാണ് പ്രാഥമിക നിഗമനം.

മെഗാ ഷോകളിലൂടെയും സ്‌റ്റേജ് ഷോകളിലൂടെയും മിമിക്രി വേദികളില്‍ നിറഞ്ഞുനിന്നിരുന്ന കലാകാരനാണ് സുരേഷ് കൃഷ്ണ. മുന്‍മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശബ്ദം അനുകരിച്ചതിലൂടെ മിമിക്രി രംഗത്ത് തന്‍റെ സാന്നിധ്യം ഊട്ടിയുറപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. നിരവിധി സിനിമകള്‍, സീരിയലുകള്‍, സ്റ്റേജ് ഷോകള്‍ എന്നിവയില്‍ വേഷമിട്ടിരുന്ന കലാകാരന്‍കൂടിയാണ് സുരേഷ് കൃഷ്ണ. കൊല്ലം നര്‍മ ട്രൂപ്പിലെ പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റും കൊച്ചിന്‍ രസികയിലെ അംഗവുമായിരുന്നു.

രാമപുരം വെള്ളിലാപ്പിള്ളില്‍ വെട്ടത്തുകുന്നേല്‍ വീട്ടില്‍ പരേതനായ ബാലന്റെയും ഓമനയുടെയും മകനാണ് സുരേഷ്. ഭാര്യ: പേപ്പതി കാവലംപറമ്പില്‍ കുടുംബാംഗം ദീപ. മക്കള്‍: മക്കള്‍: ദേവനന്ദു (നഴ്‌സിങ് വിദ്യാര്‍ഥിനി, ജര്‍മനി), ദേവകൃഷ്ണ. സംസ്‌കാരം ചൊവ്വാഴ്ച 10-ന് പിറവം കണ്ണീറ്റുമല ശ്മശാനത്തില്‍.

Content Highlight; Mimicry artist Pala Suresh found dead

To advertise here,contact us