കോതമംഗലം: കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില് ആണ്സുഹൃത്ത് റമീസിന്റെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയില് എടുത്തു. തമിഴ്നാട്ടില് നിന്നാണ് റമീസിന്റെ പിതാവ് റഹീമിനേയും മാതാവ് ശരീഫയേയും പൊലീസ് കസ്റ്റഡിയില് എടുത്തത്. യുവതിയുടെ മരണത്തില് പൊലീസ് കേസെടുത്തതിന് പിന്നാലെ ഇരുവരും ഒളിവില് പോയിരുന്നു. ഇരുവരേയും ഉടന് കേരളത്തിലേക്ക് കൊണ്ടുവരും. കേസില് റഹീം രണ്ടാം പ്രതിയും മാതാവ് ശരീഫ മൂന്നാം പ്രതിയുമാണ്. റമീസാണ് ഒന്നാം പ്രതി.
കോതമംഗലം കറുകടം ഞാഞ്ഞൂള്മല നഗറില് കടിഞ്ഞുമ്മേല് പരേതനായ എല്ദോസിന്റെ മകളായ സോനയെ ഇക്കഴിഞ്ഞ പതിനൊന്നിനാണ് വീട്ടില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തിയത്. ഇതിന് പിന്നാലെ വീട്ടില് നിന്ന് സോന എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. ഇതില് റമീസിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ഉണ്ടായിരുന്നത്. റമീസും കുടുംബവും മതം മാറാന് നിര്ബന്ധിച്ചിരുന്നുവെന്നും ഇതിന്റെ പേരില് ക്രൂരമായി മര്ദിച്ചതായും സോന ആത്മഹത്യാ കുറിപ്പില് പറഞ്ഞിരുന്നു.
ഇമോറല് ട്രാഫിക്കിന് റമീസിനെ പൊലീസ് പിടിച്ചിരുന്നുവെന്നും ഇതിനോട് താന് ക്ഷമിച്ചിരുന്നുവെന്നും സോന പറയുന്നു. എല്ലാം മറന്ന് ഇറങ്ങിച്ചെന്ന തന്നോട് മതം മാറാന് പറഞ്ഞു. എന്നാല് അതിന് താന് വഴങ്ങിയില്ല. ഇതോടെ രജിസ്റ്റര് വിവാഹം ചെയ്യാം എന്ന് പറഞ്ഞ് തന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ചും മതം മാറണമെന്ന് ആവശ്യപ്പെട്ടു. മതം മാറില്ലെന്ന് പറഞ്ഞപ്പോള് മര്ദിച്ചു. ഒടുവില് മതംമാറാന് തയ്യാറാണെന്ന് പറഞ്ഞു. അതിന് ശേഷവും മര്ദനം തുടര്ന്നുവെന്നും സോന കുറിപ്പില് ചൂണ്ടിക്കാട്ടിയിരുന്നു. റമീസ് സോനയെ മര്ദിച്ചതിന്റെ തെളിവുകള് പൊലീസിന് ലഭിച്ചിരുന്നു. ഇരുവരും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റില് നിന്നാണ് പൊലീസിന് തെളിവ് ലഭിച്ചത്. ആത്മഹത്യ ചെയ്യുമെന്ന് സോന പറഞ്ഞപ്പോള് അതിനെ എതിര്ക്കാതെ ആത്മഹത്യ ചെയ്യാനായിരുന്നു റമീസ് പറഞ്ഞത്. റമീസിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം, വിവാഹ വാഗ്ദാനം നല്കി പീഡനം, ശാരീരിക ഉപദ്രവം ഏല്പിക്കല് അടക്കമുള്ള വകുപ്പുകളായിരുന്നു ചുമത്തിയത്. കേസ് നിലവില് മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.
Content Highlights- Main accused of kothamangalam ttc students death case captured from Tamilnadu