ഗവൺമെൻ്റിൻ്റെ വീഴ്ചകൾ വളരെ പ്രകടമാണ്; കോഴിക്കോട് തോരായിക്കടവ് പാലം തകർന്നതിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

നിർമ്മാണ പ്രവർത്തനം നടത്തുന്ന കരാറുകാരെ യോഗ്യതയുടെ അടിസ്ഥാനത്തിൽ മാത്രം കരാർ ഏൽപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു

കോഴിക്കോട് : നിർമാണത്തിനിടെ കോഴിക്കോട് തോരായിക്കടവ് പാലം തകർന്നതിന് പിന്നിൽ ഗവൺമെൻ്റിൻ്റെ അനാസ്ഥയെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. പാലം തകരുന്നത് ഒറ്റപ്പെട്ട സംഭവം അല്ലായെന്നും അദ്ദേഹം പറഞ്ഞു. തോരായിക്കടവ് പാലം എത്രയും വേഗം പുനർ നിർമ്മിക്കണമെന്നും ഒരു കാരണവശാലും ഇതിൽ കാലതാമസം ഉണ്ടാകാൻ പാടില്ലയെന്നും അദ്ദേഹം പറഞ്ഞു. നിർമ്മാണ പ്രവർത്തനം നടത്തുന്ന കരാറുകാരെ യോഗ്യതയുടെ അടിസ്ഥാനത്തിൽ മാത്രം കരാർ ഏൽപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗവൺമെൻ്റിൻ്റെ വീഴ്ചകൾ വളരെ പ്രകടമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സിപിഐഎമ്മിലെ കത്ത് വിവാദത്തിലും സണ്ണി ജോസഫ് പ്രതികരിച്ചു. പാർട്ടിയ്ക്ക് കൊടുക്കുന്ന കത്തുകൾ പാർട്ടി നേതാക്കളുടെ കുടുംബാംഗങ്ങള്‍ തന്നെ പരസ്യപ്പെടുത്തത് അസംബന്ധമാണെന്നായിരുന്നു സണ്ണി ജോസഫിൻ്റെ പ്രതികരണം. കോൺഗ്രസിൻ്റെ ജനസമ്പർക്ക പരിപാടി ആ​ഗസ്റ്റ് 29 30, 31 സെപ്റ്റംബ‍‌‍ർ 1,2 തീയതികളിലായി നടക്കുമെന്നും കേരളത്തിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും കോൺ​ഗ്രസ് പ്രവർത്തകർ എത്തുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സംസ്ഥാന ​ഗവൺമെൻ്റിൻ്റെ ജനദ്രോഹ നടപടിക്കെതിരെയാണ് ജനസമ്പർക്ക പരുപാടിയെന്നും അദ്ദേഹം പറഞ്ഞു.

കൊയിലാണ്ടി, ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായികടവിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്‍റെ ബീം ചെരിഞ്ഞു വീണാണ് ഇക്കഴിഞ്ഞ ദിവസം അപകടമുണ്ടായത്. 24 കോടിയോളം രൂപ ചെലവിട്ട് നിര്‍മ്മിക്കുന്ന പാലമാണിത്. പിഡബ്ല്യു‍ഡി, കേരള റോഡ് ഫണ്ട് ബോര്‍ഡിന്‍റെയും മേൽനോട്ടത്തിലായിരുന്നു നിർമാണം. അപകടത്തിൽ ഒരു തൊഴിലാളിക്ക് പരുക്കേറ്റിരുന്നു.

Content Highlight : KPCC President Sunny Joseph on the collapse of the Torayikkadu bridge in Kozhikode

To advertise here,contact us