പി പി ദിവ്യക്കെതിരായ അഴിമതി ആരോപണം; അന്വേഷണം അട്ടിമറിച്ചെന്ന ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി

കണ്ണൂരിലെ കെഎസ്‌യു നേതാവ് പി മുഹമ്മദ് ഷമ്മാസിന്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി

കൊച്ചി: കണ്ണൂർ ജില്ലാ പഞ്ചായത്തംഗവും സിപിഐഎം നേതാവുമായ പി പി ദിവ്യക്കെതിരായ അന്വേഷണം അട്ടിമറിച്ചുവെന്ന് ആരോപിച്ച് നൽകിയ ഹർജിയിൽ വിജിലൻസിനോട് വിശദീകരണം തേടി ഹൈക്കോടതി. ഹർജിയിൽ ഒരാഴ്ചയ്ക്കകം വിജിലൻസ് വിശദീകരണം നൽകണം. കണ്ണൂരില്‍ നിന്നുള്ള കെഎസ്‌യു നേതാവ് പി മുഹമ്മദ് ഷമ്മാസിന്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെ പി പി ദിവ്യ കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ബിനാമി കമ്പനി ആരംഭിച്ചുവെന്നാണ് ഹർജിയിലെ ആരോപണം.

ഈ കമ്പനിക്ക് ജില്ലാ പഞ്ചായത്തിലെ നിർമ്മാണ കരാറുകൾ നൽകി. സാങ്കേതിക പരിജ്ഞാനമില്ലാത്തവരാണ് കമ്പനിയുടെ ഉടമകൾ. കമ്പനി അധികൃതരും പി പി ദിവ്യയുടെ ഭർത്താവും അടുത്ത സുഹൃത്തുക്കളാണ്. സാമ്പത്തിക നേട്ടത്തിനായി കമ്പനി രൂപീകരിച്ച് കരാറുകൾ നേടിയത് അഴിമതിയാണ്. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പരാതിയിലെ അന്വേഷണം അട്ടിമറിക്കപ്പെട്ടു. പ്രാഥമിക അന്വേഷണം നടത്തി പിപി ദിവ്യയെ കുറ്റാരോപണത്തിൽ നിന്ന് ഒഴിവാക്കിയെന്നുമായിരുന്നു കെഎസ്‌യു നേതാവിന്റെ ഹർജിയിലെ ആക്ഷേപം.

Content Highlights: High Court seeks explanation from Vigilance on petition alleging sabotage of investigation against PP Divya

To advertise here,contact us