'വെറുതെ വിടാൻ തീരുമാനിച്ചിട്ടില്ല, ഈ മാന്യനെതിരെ മൂന്ന് കോടതി വിധികളുണ്ട്'; ഷെർഷാദിനെതിരെ തോമസ് ഐസക്ക്

പ്രതിനിധി സ്ഥാനത്ത് നിന്ന് തന്നെ നീക്കിയത് വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണെന്ന് ചൂണ്ടിക്കാട്ടി രാജേഷ് ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മാനനഷ്ടക്കേസിലായിരുന്നു പരാതി രേഖയായി സമര്‍പ്പിച്ചത്

തിരുവനന്തപുരം: വ്യവസായി മുഹമ്മദ് ഷെര്‍ഷാദ് ആരോപണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് മുന്‍ മന്ത്രി ഡോ. തോമസ് ഐസക്ക്. തികച്ചും അടിസ്ഥാനരഹിതമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നതെന്നും വെറുതെ വിടാന്‍ തീരുമാനിച്ചിട്ടില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു.

'ഷെര്‍ഷാദിന്റെ പശ്ചാത്തലം അന്വേഷിക്കുന്നത് നന്നായിരിക്കും. ഈ മാന്യനെ സംബന്ധിച്ച് മൂന്ന് കോടതി വിധികള്‍ ഉണ്ട്. അതിന്റെ ഉള്ളടക്കത്തിലേക്ക് പോകുന്നില്ല. ആരോപണം ഉന്നയിച്ചയാള്‍ തന്നെ ഫേസ്ബുക്കില്‍ ഇട്ടകത്ത് ആണ് ചോര്‍ന്നുവെന്ന് പറയുന്നത്. അത് എങ്ങനെയാണ് ചോരുന്നത്. തികച്ചും അടിസ്ഥാന രഹിതമാണ്. പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും. വെറുതെ വിടാന്‍ തീരുമാനിച്ചിട്ടില്ല', തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു. വ്യവസായി രാജേഷ് കൃഷ്ണയെ അറിയാമെന്നും തോമസ് ഐസക്ക് പറഞ്ഞു. പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന ചോദ്യം തോമസ് ഐസക്ക് തള്ളി. തനിക്ക് വേറെ പണിയൊന്നുമില്ലേയെന്നായിരുന്നു തോമസ് ഐസക്കിന്റെ മറുപടി.

വ്യവസായി മുഹമ്മദ് ഷര്‍ഷാദ് സിപിഐഎം യുകെ ഘടകം ഭാരവാഹിയും വ്യവസായിയുമായ രാജേഷ് കൃഷ്ണക്കെതിരെ പോളിറ്റ് ബ്യൂറോയ്ക്ക് നല്‍കി കത്തിന്റെ പകര്‍പ്പായിരുന്നു പുറത്തുവന്നത്. ഇതില്‍ നേതാക്കള്‍ക്കെതിരായ ആരോപണങ്ങളും ഉണ്ടായിരുന്നു. 2022ലായിരുന്നു ഷെര്‍ഷാദ് രാജേഷ് കൃഷ്ണയ്ക്കെതിരെ പരാതി നല്‍കിയത്. ഈ കത്ത് ചോർന്നെന്നാണ് ആരോപണം. മധുര പാര്‍ട്ടി കോണ്‍ഗ്രസില്‍ വിദേശ പ്രതിനിധിയായി രാജേഷ് കൃഷ്ണയെ ഉള്‍പ്പെടുത്തിയതിനെതിരെയും ഷെർഷാദ് പരാതി നൽകിയിരുന്നു. ഷെർഷാദ് സിപിഐഎം നേതൃത്വത്തിന് നൽകിയ കത്ത് കോടതിയില്‍ ഒരു രേഖയായി വന്നതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയായത്.

പ്രതിനിധി സ്ഥാനത്ത് നിന്ന് തന്നെ നീക്കിയത് വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണെന്ന് ചൂണ്ടിക്കാട്ടി രാജേഷ് ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മാനനഷ്ടക്കേസിലായിരുന്നു പരാതി രേഖയായി സമര്‍പ്പിച്ചത്. പൊളിറ്റ് ബ്യൂറോയ്ക്കും കേന്ദ്ര കമ്മിറ്റിക്കും നല്‍കിയ പരാതി രാജേഷ് കൃഷ്ണയ്ക്ക് ചോര്‍ത്തി നല്‍കിയത് എം വി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്താണെന്ന ആരോപണവുമായി ഷെര്‍ഷാദ് രംഗത്തെത്തിയിരുന്നു. എം വി ഗോവിന്ദനും മകനുമെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ഇയാള്‍ ഉന്നയിച്ചത്. രാജേഷ് കൃഷ്ണ കടലാസ് കമ്പനി ഉണ്ടാക്കി കേരളത്തിലെ സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പണം തട്ടിയെന്നതടക്കമുള്ള ആരോപണങ്ങള്‍ ഇയാള്‍ ഉന്നയിച്ചിരുന്നു. ശ്യാംജിത്തുമായി ചേര്‍ന്ന് രാജേഷ് സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നും ഷെര്‍ഷാദ് പറഞ്ഞിരുന്നു.

ഷെര്‍ഷാദ് 2018 ല്‍ ഡല്‍ഹി സന്ദര്‍ശിച്ചപ്പോള്‍ പാര്‍ലമെന്റ് സന്ദര്‍ശനത്തിന് പാസ് ലഭിക്കുന്നതിനായി എം വി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്തിനെ ബന്ധപ്പെട്ടിരുന്നു. ശ്യാംജിത്തിന്റെ നിര്‍ദേശപ്രകാരമാണ് രാജേഷിനെ വിളിക്കുന്നത്. അന്ന് എംപിയായിരുന്ന പി കെ ബിജുവിന്റെ ഓഫീസ് വഴി രാജേഷ് പാസ് ലഭ്യമാക്കി. സ്വകാര്യ ബാങ്കുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ തടസ്സം നേരിട്ടപ്പോഴും രാജേഷിന്റെ സഹായം തേടി. അന്ന് തോമസ് ഐസക്ക് നേരിട്ട് ബാങ്കില്‍ വിളിച്ചാണ് പ്രശ്‌നം പരിഹരിച്ചത്. പിന്നീട് കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട പരിപാടിക്കായി മുഖ്യമന്ത്രിയും ഐസക്കും ലണ്ടനിലെത്തിയപ്പോള്‍ രാജേഷ് ഒപ്പമുണ്ടായിരുന്നു. ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട് ലണ്ടനിലെ കടലാസ് കമ്പനി വഴി രാജേഷ് നടത്തിയ നിക്ഷേപത്തിന് പിന്നില്‍ തട്ടിപ്പുണ്ട് എന്നതടക്കമുള്ള ആരോപണങ്ങളും ഷെര്‍ഷാദ് ഉന്നയിക്കുന്നുണ്ട്.

Content Highlights: Dr. Thomas Isaac against mohammed sharshad

To advertise here,contact us