അയാൾ വിസർജിച്ച അമേദ്യവുമായി ആരും എന്റെ ഉമ്മറത്തോട്ട് കയറണ്ട: കത്ത് ചോർച്ചാ വിവാദത്തിനിടെ റത്തീന പി ടി

മുഹമ്മദ് ഷർഷാദിന്റെ മുൻ ജീവിതപങ്കാളിയായ സംവിധായക റത്തീന പി ടിയെയും പലരും ഈ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചിരുന്നു.

കൊച്ചി: വ്യവസായിയും സിപിഐമ്മിന്റെ യുകെ ഘടകത്തിലെ നേതാവുമായ രാജേഷ് കൃഷ്ണയ്‌ക്കെതിരെ വ്യവസായി മുഹമ്മദ് ഷർഷാദ് സമർപ്പിച്ച പരാതി കോടതിയിൽ രേഖയായി എത്തിയതിന് പിന്നാലെ പലതരം വിവാദങ്ങൾ ഉടലെടുത്തിരിക്കുയാണ്. മുഹമ്മദ് ഷർഷാദിന്റെ മുൻ ജീവിതപങ്കാളിയായ സംവിധായക റത്തീന പി ടിയെയും പലരും ഈ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചിരുന്നു.

ഇപ്പോൾ അതിനോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരിക്കുകയാണ് റത്തീന. സമൂഹമാധ്യമങ്ങളിലൂടെയാണ് അവരുടെ പ്രതികരണം. 'ആടിനെ പട്ടിയാക്കുന്ന ഒരുത്തന്റെ വർത്താനം കേട്ട്, അയാൾ വിസർജ്ജിച്ച അമേദ്യം ഇപ്പൊ ബിരിയാണി ആകുമെന്നും കരുതി അത് രുചിച്ചു നോക്കുന്നവർ ചെയ്‌തോളൂ. തൊട്ട് നോക്കുന്നവർക്ക് അങ്ങനെ ആവാം, മണക്കുന്നവർക്ക് അതും ചെയ്യാം. അതൊക്കെ നിങ്ങളുടെ താല്പര്യം പോലെ. അടിച്ചു തളിച്ച് വൃത്തിയാക്കിയ എന്റെ ഉമ്മറത്തോട്ടു അതും പിടിച്ചു കയറാൻ നോക്കണ്ട. നടക്കൂല്ല .. നഹീന്ന് പറഞ്ഞാ നഹീ… ! NB : കറന്റുള്ളവർക്കു കത്തിയാൽ മതി !,' എന്നാണ് റത്തീനയുടെ പോസ്റ്റിൽ പറയുന്നത്.

നേരത്തെ പുഴു സിനിമയുമായി ബന്ധപ്പെട്ടും വിവാഹബന്ധം പിരിയാനിടയായ സാഹചര്യത്തെ കുറിച്ചും മുഹമ്മദ് ഷർഷാദ് പല ആരോപണങ്ങളും ഉന്നയിച്ചിരുന്നു. ഇവ റത്തീനയ്‌ക്കെതിരെ അധിക്ഷേപ പരാമർശങ്ങളും സൈബർ ആക്രമണവും ഉണ്ടാകുന്നതിന് കാരണമായിരുന്നു. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് മുഹമ്മദ് ഷർഷാദ് പ്രചരിപ്പിക്കുന്നതെന്നായിരുന്നു ഇതിനോടുള്ള റത്തീനയുടെ പ്രതികരണം.

അതേസമയം, കത്തുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്നത് അനാവശ്യ വിവാദങ്ങളും അസംബന്ധവുമാണെന്നാണ് സിപിഐഎമ്മിന്റെ പ്രതികരണം. 2022ലായിരുന്നു ഷർഷാദ് രാജേഷ് കൃഷ്ണയ്ക്കെതിരെ പരാതി നൽകിയത്. മധുര പാർട്ടി കോൺഗ്രസിൽ വിദേശ പ്രതിനിധിയായി രാജേഷ് കൃഷ്ണയെ ഉൾപ്പെടുത്തിയതിനെതിരെയായിരുന്നു ഷർഷാദിന്റെ കത്ത്. എന്നാൽ ഈ കത്ത് കോടതിയിൽ ഒരു രേഖയായി വന്നതോടെയാണ് വിഷയം വീണ്ടും ചർച്ചയായത്.

പ്രതിനിധി സ്ഥാനത്ത് നിന്ന് തന്നെ നീക്കിയത് വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണെന്ന് ചൂണ്ടിക്കാട്ടി രാജേഷ് ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച മാനനഷ്ടക്കേസിലായിരുന്നു പരാതി രേഖയായി സമർപ്പിച്ചത്. പൊളിറ്റ് ബ്യൂറോയ്ക്കും കേന്ദ്ര കമ്മിറ്റിക്കും നൽകിയ പരാതി രാജേഷ് കൃഷ്ണയ്ക്ക് ചോർത്തി നൽകിയത് എം വി ഗോവിന്ദന്റെ മകൻ ശ്യാംജിത്താണെന്ന ആരോപണവുമായി ഷർഷാദ് രംഗത്തെത്തിയിരുന്നു. എം വി ഗോവിന്ദനും മകനുമെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ഇയാൾ ഉന്നയിച്ചത്. രാജേഷ് കൃഷ്ണ കടലാസ് കമ്പനി ഉണ്ടാക്കി കേരളത്തിലെ സർക്കാർ പദ്ധതിയിൽ നിന്ന് പണം തട്ടിയെന്നതടക്കമുള്ള ആരോപണങ്ങൾ ഇയാൾ ഉന്നയിച്ചിരുന്നു. ശ്യാംജിത്തുമായി ചേർന്ന് രാജേഷ് സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ഷർഷാദ് പറഞ്ഞിരുന്നു.

പ്രചരിക്കുന്ന വാർത്തകൾ അസംബന്ധമാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. വിശദമായി അന്വേഷിച്ച ശേഷമാണ് ഇക്കാര്യം പറയുന്നതെന്നും പരാതിയിൽ കഴമ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിൽ വീണ്ടുമൊരു ചർച്ചയുടെ ആവശ്യമില്ലെന്നാണ് പാർട്ടി വിലയിരുത്തുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടി സ്ഥാനത്തെത്തിയ ശേഷം എം വി ഗോവിന്ദനെ വിവാദത്തിലേയ്ക്ക് വലിച്ചിഴയ്ക്കേണ്ടെന്നും പാർട്ടി കരുതുന്നു. ഇന്ന് ചേരുന്ന പൊളിറ്റ് ബ്യൂറോയിൽ വിഷയം കാര്യമായി ചർച്ചയാകില്ലെന്നാണ് വിവരം.

Content Highlights: Director Ratheena PT on letter controversy related Muhammed Sharshad and CPIM

To advertise here,contact us