പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

പിതാവിനൊപ്പം സ്‌കൂളിലേക്ക് ബൈക്കില്‍ പോകുന്നതിനിടെയാണ് നഫീസത്ത് അപകടത്തിൽപ്പെട്ടത്

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കൊഴിഞ്ഞാമ്പാറ സെന്റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയും കൊഴിഞ്ഞാമ്പാറ പഴണിയാര്‍പാളയം സ്വദേശികളുടെ മകളുമായ നഫീസത്ത് മിസ്രിയയാണ് മരിച്ചത്. കൊഴിഞ്ഞാമ്പാറ അത്തിക്കോടുവെച്ചാണ് അപകടം നടന്നത്.

പിതാവിനൊപ്പം സ്‌കൂളിലേക്ക് ബൈക്കില്‍ പോകുന്നതിനിടെയാണ് നഫീസത്ത് അപകടത്തിൽപ്പെട്ടത്. റോഡിലെ കുഴിയിൽ വീണ് ബൈക്ക് മറിയുകയും കുട്ടി റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം. തൊട്ടുപിന്നാലെ അമിതവേഗത്തിലെത്തിയ ബസ് കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം അത്തികോട്ടെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. അപകടകാരണം കണ്ടെത്താൻ പൊലീസും മോട്ടോർ വാഹന വകുപ്പും അന്വേഷണം ആരംഭിച്ചു.

Content Highlight; Bus runs over student's body; student dies tragically

To advertise here,contact us