കോതമംഗലം: കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തിൽ യുവതിയുടെ സുഹൃത്ത് സഹദ് കസ്റ്റഡിയിൽ. കേസിൽ നാലാം പ്രതിയാണ് സഹദ്. യുവതിയെ ആൺസുഹൃത്ത് റമീസ് മർദ്ദിക്കുന്നത് കണ്ടിട്ടും സഹദ് തടഞ്ഞില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അതേസമയം, സേലത്ത് നിന്ന് പിടികൂടിയ റമീസിന്റെ മാതാപിതാക്കളെ കോതമംഗലം സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്യുകയാണ്. പിതാവ് റഹീം, മാതാവ് ശരീഫ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. യുവതിയുടെ മരണത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ഇരുവരും ഒളിവിൽ പോയിരുന്നു. കേസിൽ റഹീം രണ്ടാം പ്രതിയും മാതാവ് ശരീഫ മൂന്നാം പ്രതിയുമാണ്. റമീസാണ് ഒന്നാം പ്രതി.
കോതമംഗലം കറുകടം ഞാഞ്ഞൂൾമല നഗറിൽ കടിഞ്ഞുമ്മേൽ പരേതനായ എൽദോസിന്റെ മകളായ സോനയെ ഇക്കഴിഞ്ഞ പതിനൊന്നിനാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ വീട്ടിൽ നിന്ന് സോന എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. ഇതിൽ റമീസിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ഉണ്ടായിരുന്നത്. റമീസും കുടുംബവും മതം മാറാൻ നിർബന്ധിച്ചിരുന്നുവെന്നും ഇതിന്റെ പേരിൽ ക്രൂരമായി മർദിച്ചതായും സോന ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിരുന്നു.
ഇമ്മോറൽ ട്രാഫിക്കിന് റമീസിനെ പൊലീസ് പിടിച്ചിരുന്നുവെന്നും ഇതിനോട് താൻ ക്ഷമിച്ചിരുന്നുവെന്നും സോന കുറിച്ചിരുന്നു.
എല്ലാം മറന്ന് ഇറങ്ങിച്ചെന്ന തന്നോട് മതം മാറാൻ പറഞ്ഞു. എന്നാൽ അതിന് താൻ വഴങ്ങിയില്ല. ഇതോടെ രജിസ്റ്റർ വിവാഹം ചെയ്യാം എന്ന് പറഞ്ഞ് തന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ചും മതം മാറണമെന്ന് ആവശ്യപ്പെട്ടു. മതം മാറില്ലെന്ന് പറഞ്ഞപ്പോൾ മർദിച്ചു. ഒടുവിൽ മതംമാറാൻ തയ്യാറാണെന്ന് പറഞ്ഞു. അതിന് ശേഷവും മർദനം തുടർന്നുവെന്നും സോന കുറിപ്പിൽ ചൂണ്ടിക്കാട്ടിയിരുന്നു. റമീസ് സോനയെ മർദിച്ചതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചിരുന്നു. ഇരുവരും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റിൽ നിന്നാണ് പൊലീസിന് തെളിവ് ലഭിച്ചത്. ആത്മഹത്യ ചെയ്യുമെന്ന് സോന പറഞ്ഞപ്പോൾ അതിനെ എതിർക്കാതെ ആത്മഹത്യ ചെയ്യാനായിരുന്നു റമീസ് പറഞ്ഞത്.
റമീസിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം, വിവാഹ വാഗ്ദാനം നൽകി പീഡനം, ശാരീരിക ഉപദ്രവം ഏൽപിക്കൽ അടക്കമുള്ള വകുപ്പുകളായിരുന്നു ചുമത്തിയത്. കേസ് നിലവിൽ മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.
Content Highlights: 23-year-old woman death in Kothamangalam updates