കൊച്ചി: കൊച്ചി പുറംകടലിൽ കപ്പൽ ബോട്ടിൽ ഇടിച്ച് നിർത്താതെ പോയ സംഭവത്തിൽ നടപടി. കപ്പലിനെതിരെ ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ 282, 125 (എ) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
മനുഷ്യജീവന് ആപത്തുണ്ടാക്കുന്ന വിധത്തിലാണ് ക്യാപ്റ്റൻ കപ്പൽ ഓടിച്ചതെന്ന് എഫ്ഐആറിൽ പറയുന്നു. ബോട്ട് ഉടമയ്ക്ക് ഏകദേശം 30 ലക്ഷത്തോളം രൂപ നഷ്ടം സംഭവിച്ചതായും എഫ്ഐആറിൽ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ ഡി ജി ഷിപ്പിംഗ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടം നടന്നത്. കൊല്ലം നീണ്ടകരയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ നിസ്നിയ എന്ന ബോട്ടിൽ ചരക്കുമായി പോയ പനാമ പതാകയുള്ള ഓയിൽ കെമിക്കൽ ടാങ്കർ കപ്പൽ ആണ് ഇടിച്ചത്. പന്ത്രണ്ട് പേരായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്.
ഇടിയുടെ ആഘാതത്തിൽ ബോട്ടിലുണ്ടായിരുന്ന ആറ് മത്സ്യത്തൊഴിലാളികൾ കടലിൽ വീണിരുന്നു. ഇവരിൽ രണ്ട് പേർക്ക് സാരമായി പരിക്കേറ്റിരുന്നു. ഇടിച്ചതിന് പിന്നാലെ രക്ഷാപ്രവര്ത്തനത്തിന് പോലും നില്ക്കാതെ കപ്പൽ പോകുകയും ചെയ്തു. മറ്റ് ബോട്ടുകളിലാണ് മത്സ്യത്തൊഴിലാളികള് കരയ്ക്ക് എത്തിയത്.
Content Highlights: Ship collides with boat in Kochi