അഖിൽ പി ധർമജനെതിരെ അപകീർത്തികരമായ പരാമർശം; ഇന്ദു മേനോനെതിരെ കേസെടുത്ത് കോടതി

സെപ്റ്റംബർ പതിനഞ്ചിന് ഇന്ദു മേനോൻ ഹാജരാകണമെന്ന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിർദ്ദേശിച്ചു

കൊച്ചി: സമൂഹമാധ്യമത്തിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ എഴുത്തുകാരി ഇന്ദു മേനോനെതിരെ കേസെടുത്ത് കോടതി. യുവ നോവലിസ്റ്റ് അഖിൽ പി ധർമജന്റെ പരാതിയിലാണ് കേസെടുത്തത്. സെപ്റ്റംബർ പതിനഞ്ചിന് ഇന്ദു മേനോൻ ഹാജരാകണമെന്ന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിർദ്ദേശിച്ചു.

ജൂറിയെ സ്വാധീനിച്ചും അഴിമതി നടത്തിയുമാണ് അഖിൽ പി ധർമജൻ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയതെന്നായിരുന്നു ഇന്ദു മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്. പരാമർശം പ്രഥമദൃഷ്ട്യാ അപകീർത്തികരമെന്ന് കോടതി വ്യക്തമാക്കി. പരാതിക്കാരന്റെ മൊഴിയെടുത്ത ശേഷമാണ് കേസെടുത്തത്. റാം കെയർ ഓഫ് ആനന്ദി എന്ന നോവലാണ് അഖിലിനെ യുവ സാഹിത്യ പുരസ്കാരത്തിന് അർഹനാക്കിയത്.

മുത്തുച്ചിപ്പിയിൽ പ്രസിദ്ധീകരിച്ചു വരുന്ന ഏതെങ്കിലും ഒരു വ്യക്തിക്ക് മുഖ്യ അവാർഡ് കൊടുക്കുന്നതും ഇനി പ്രതീക്ഷിക്കാം എന്നും അവാർഡ് നേട്ടത്തെ കുറിച്ച് ഇന്ദു മേനോൻ വിമർശിച്ചിരുന്നു. വളരെ റെസ്പെക്റ്റഡ് ആയ എഴുത്തുകാരിയാണ് ഇന്ദു മേനോൻ എന്നും അവർ പറഞ്ഞത് വേദനയുണ്ടാക്കിയെന്നും അഖിൽ പി ധർമജൻ റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മുൻപ് നേരിട്ട് കണ്ടപ്പോൾ ഓടി വന്ന് കൈ തന്ന് സംസാരിച്ച വ്യക്തി എന്തിനാണ് ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ല. പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കണം എന്നുള്ള അപേക്ഷ മാത്രമാണ് തനിക്കുള്ളതെന്നും റിപ്പോർട്ടറിനോട് അഖിൽ പി ധർമജൻ പ്രതികരിച്ചിരുന്നു.

Content Highlights: Court files case against Indu Menon for making defamatory remarks against akhil p dharmajan

To advertise here,contact us