സഞ്ജീവിനും ശശികല ടീച്ചർക്കും ഒരേ സ്വരം; MSFനും നവാസിനും SFIയുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് വേണ്ട: അലോഷ്യസ് സേവ്യർ

'എംഎസ്എഫിനെ വര്‍ഗീയ സംഘടനയായി ചിത്രീകരിക്കാനുള്ള ശ്രമം ചരിത്രത്തെ പറ്റിയുള്ള അറിവില്ലായ്മയുടെ ഭാഗമാണ്'

കൊച്ചി: എംഎസ്എഫിനും സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനുമെതിരായ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. പി എസ് സഞ്ജീവിന്റെ പ്രസ്താവന വിവരക്കേടിന്റെ ഭാഗമെന്ന് പറയാതെ വയ്യെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. കേരളത്തില്‍ വര്‍ഗീയ അജണ്ടകള്‍ നടപ്പിലാക്കാന്‍ വേണ്ടി സംഘപരിവാര്‍ കേന്ദ്രത്തില്‍ നിന്ന് പുറപ്പെടുവിക്കുന്ന വിഷലിപ്തമായ വാക്കുകള്‍ക്ക് സമാനമാണ് പി എസ് സഞ്ജീവിന്റെ പ്രസ്താവനയെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

എംഎസ്എഫിനെ വര്‍ഗീയ സംഘടനയായി ചിത്രീകരിക്കാനുള്ള ശ്രമം ചരിത്രത്തെ പറ്റിയുള്ള അറിവില്ലായ്മയുടെ ഭാഗമാണെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു. എംഎസ്എഫിനും പി കെ നവാസിനും എസ്എഫ്‌ഐയുടെ ഗുഡ് സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. പി എസ് സഞ്ജീവിന്റെയും ശശികല ടീച്ചറിന്റെയും സ്വരം ഒരു പോലെയാണ് എന്ന് പറയാതെ വയ്യ. വര്‍ഗീയത പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നുള്ളത് എക്കാലവും സിപിഐഎമ്മിനും എസ്എഫ്ഐക്കും ഹോബിയാണ്. മതേതരത്വവും ജനാധിപത്യവും പറയാനും പ്രവര്‍ത്തിക്കാനും ഇല്ലാതെവരുമ്പോള്‍ വര്‍ഗീയത പറയുകയല്ലാതെ പിന്നെയെന്താണ് ഫാഷിസ്റ്റുകള്‍ ചെയ്യുക? എംഎസ്എഫിനെ വര്‍ഗീയ സംഘടനയാക്കുകയും പി കെ നവാസിനെ വര്‍ഗീയവാദിയാക്കുകയും ചെയ്യുന്നതിലൂടെ സഞ്ജീവ് ചെയ്യുന്നത് മറിച്ചൊന്നല്ല. കേരളം ഈ നൂറ്റാണ്ടില്‍ കണ്ട കൊടും വര്‍ഗീയത പ്രചരിപ്പിക്കുന്ന, മുസ്‌ലിം വിരുദ്ധത പ്രചരിപ്പിക്കുന്നവരാണ് സിപിഐഎമ്മെന്നും അലോഷ്യസ് സേവ്യര്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എംഎസ്എഫ് വര്‍ഗീയ സംഘടനയെന്നും, പി കെ നവാസ് വര്‍ഗീയവാദിയുമാണെന്നുമുള്ള എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന്റെ പ്രസ്താവന വിവരക്കേടിന്റെ ഭാഗമെന്ന് പറയാതെ വയ്യ. 'പിഎസ് സഞ്ജീവ് ശശികല ടീച്ചറിന് പഠിക്കരുത്'. കേരളത്തില്‍ വര്‍ഗീയ അജണ്ടകള്‍ നടപ്പിലാക്കാന്‍ വേണ്ടി സംഘപരിവാര്‍ കേന്ദ്രത്തില്‍ നിന്നും പുറപ്പെടുവിക്കുന്ന വിഷലിപ്തമായ വാക്കുകള്‍ക്ക് സമാനമാണ് പി എസ് സഞ്ജീവ് ഇന്നലെ നടത്തിയ പ്രസ്താവന.

എംഎസ്എഫിനെ വര്‍ഗീയ സംഘടനയായി ചിത്രീകരിക്കാനുള്ള ശ്രമം ചരിത്രത്തെ പറ്റിയുള്ള അറിവില്ലായ്മയുടെ ഭാഗമാണ്. ഏതായാലും എംഎസ്എഫിനും പി കെ നവാസിനും എസ്എഫ്‌ഐയുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. പി എസ് സഞ്ജീവിന്റെയും ശശികല ടീച്ചറിന്റെയും സ്വരം ഒരു പോലെയാണ് എന്ന് പറയാതെ വയ്യ. വര്‍ഗീയത പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നുള്ളത് എക്കാലവും സിപിഐഎമ്മിനും എസ്എഫ്ഐക്കും ഹോബിയാണ്. മതേതരത്വവും ജനാധിപത്യവും പറയാനും പ്രവര്‍ത്തിക്കാനും ഇല്ലാതെവരുമ്പോള്‍ വര്‍ഗീയത പറയുകയല്ലാതെ പിന്നെയെന്താണ് ഫാഷിസ്റ്റുകള്‍ ചെയ്യുക? എംഎസ്എഫിനെ വര്‍ഗീയ സംഘടനയാക്കുകയും പി കെ നവാസിനെ വര്‍ഗീയവാദിയാക്കുകയും ചെയ്യുന്നതിലൂടെ എസ്എഫ്‌ഐ പ്രസിഡന്റ് പി എസ് സഞ്ജീവ് ചെയ്യുന്നത് മറിച്ചൊന്നല്ല. കേരളം ഈ നൂറ്റാണ്ടില്‍ കണ്ട കൊടും വര്‍ഗീയത പ്രചരിപ്പിക്കുന്ന, മുസ്‌ലിം വിരുദ്ധത പ്രചരിപ്പിക്കുന്നവരാണ് സിപിഐഎം. അതിന് എത്രയോ ഉദാഹരണം നമ്മള്‍ കണ്ടതാണ്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എം സ്വരാജിന് പരസ്യപിന്തുണ പ്രഖാപിച്ചത് ഹിന്ദു മഹാസഭയാണ്. അതിനെ ഹൃദയംകൊണ്ട് പുണരുകയാണ് സ്വരാജും സിപിഐഎമ്മും ചെയ്തത്. എന്നിട്ടിപ്പോള്‍ എസ്എഫ്‌ഐക്ക്എംഎസ്എഫ് വര്‍ഗീയ സംഘടന! ഇതിനെല്ലാം പിന്നില്‍ തികഞ്ഞ മുസ്‌ലിം വിരുദ്ധത ഒന്ന് മാത്രമാണ് എന്ന് വ്യക്തം. ഒപ്പം തുടര്‍ പരാജയങ്ങളിലെ തീര്‍ത്താല്‍ തീരാത്ത നിരാശയും കലിയും. ഒന്നു പറയാം എംഎസ്എഫ് മുസ്‌ലിം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയാണ്. പി കെ നവാസ് അതിന്റെ സംസ്ഥാന അധ്യക്ഷനുമാണ്. യുഡിഎസ്എഫ് മുന്നണിയുടെ കരുത്തുറ്റ നേതാവുമാണ്. അതുകൊണ്ട് സഞ്ജീവ് ചുമ്മ' ഈ ഞഞ്ഞാ പിഞ്ഞാ ' വര്‍ത്തമാനം ഒക്കെ നിര്‍ത്തുക, അല്ലെങ്കില്‍ വായില്‍ വിഷം നുരയ്ക്കുന്ന ശശികല ടീച്ചറിന്റെ പിന്‍തലമുറക്കാരനായി കാലം നിങ്ങളെ മുദ്ര കുത്തും.

അലോഷ്യസ് സേവ്യര്‍

എംഎസ്എഫിനും പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെയും ആഞ്ഞടിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് രംഗത്തെത്തിയിരുന്നു. എംഎസ്എഫ് കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ വര്‍ഗീയവാദ സംഘടനയാണെന്ന് പി എസ് സഞ്ജീവ് പറഞ്ഞിരുന്നു. കേരളം കണ്ടിട്ടുള്ള ലക്ഷണമൊത്ത വര്‍ഗീയവാദ സംഘടനയാണ് എംഎസ്എഫ്. നിങ്ങളുടെ പേര് മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷന്‍ എന്നാണ്. സ്വത്വ ബോധമൊന്നുമല്ല എംഎസ്എഫ് കൈകാര്യം ചെയ്യുന്നത്. ജമാഅത്തെ ഇസ്ലാമിക്കും ക്യാമ്പസ് ഫ്രണ്ടിനും അടക്കം വേദിയൊരുക്കുന്ന സംഘടനയാണ് എംഎസ്എഫ്. പട്ടിയെ പഠിച്ച് നാട്ടില്‍ അക്രമം നടത്തുന്ന എസ്ഡിപിഐക്കാരുടെയും നിരോധിച്ച സിഎഫ്ഐയുടേയും ബാക്കി പത്രമാണ് എംഎസ്എഫ്. പി കെ നവാസ് എന്നാന്തരം വര്‍ഗീയവാദിയാണെന്നും സഞ്ജീവ് പറഞ്ഞിരുന്നു. ഇത് വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു.

Content Highlights- KSU leader Aloshious Xavier against P S Sanjeev over his statement against msf and p k navas

To advertise here,contact us