തിരുവനന്തപുരം: എഡിജിപി അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ അന്വേഷണ റിപ്പോർട്ട് റിപ്പോർട്ടറിന്. അജിത് കുമാർ നൽകിയ മൊഴി അന്വേഷണ റിപ്പോർട്ടിൽ അതേപടി പകർത്തി വെച്ചിരിക്കുകയാണ് എന്ന ആക്ഷേപത്തെ സാധൂകരിക്കുന്നതാണ് പുറത്ത് വന്നിരിക്കുന്ന അന്വേഷണ റിപ്പോർട്ട്. പരാതിക്കാരൻ പറഞ്ഞതെല്ലാം കള്ളമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അന്വേഷണ സംഘം പരാതിക്കാരൻ്റെ മൊഴിപോലും എടുത്തിട്ടില്ല എന്നാണ് വ്യക്തമാകുന്നത്. അജിത് കുമാറിനെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത് ലീഗൽ അഡ്വൈസറുടെ ഒപ്പില്ലാതെയാണെന്നതും ഗൗരവകരമാണ്. സാധാരണ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമ്പോൾ ലീഗൽ അഡ്വൈസറുടെ ഒപ്പുണ്ടാകാറുണ്ട് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മലപ്പുറം എസ് പി ഓഫീസിലെ മരം മുറി നടപടിക്രമം പാലിച്ചാണെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. നിയമവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും തേക്ക് മരം കൊണ്ട് അജിത് കുമാർ ഫർണീച്ചർ ഉണ്ടാക്കിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. സ്വർണ്ണക്കടത്തിൽ എഡിജിപി എം ആർ അജിത് കുമാർ നിരപരാധിയാണെന്നും അൻവറിൻ്റെ ആരോപണം വ്യാജമാണെന്നും റിപ്പോർട്ട് പറയുന്നു.
പരാതിയിൽ പറഞ്ഞിരുന്ന ഫ്ലാറ്റ് അജിത് കുമാർ 2009 ൽ വാങ്ങിയതാണെന്നും ഉടമയും അജിത് കുമാറും തിരക്കായതിനാൽ ആധാരം നീണ്ടുപോയി എന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ആധാരം നടത്തിയില്ലെന്ന വിവരം വിൽക്കുന്ന സമയത്താണ് എഡിജിപി അജിത് കുമാർ മനസ്സിലാക്കിയത് എന്നാണ് ഫ്ലാറ്റ് വാങ്ങിയതും വിറ്റതും തമ്മിലുള്ള ചെറിയ ഇടവേളകൾ ഉണ്ടാകാൻ കാരണമെന്ന് എഡിജിപിയുടെ മൊഴി വിശ്വാസത്തിലെടുത്ത് അന്വേഷണ സംഘം വ്യക്തമാക്കിയിരിക്കുന്നത്.
എഡിജിപി എം ആർ അജിത് കുമാറിന്റെ സ്വത്ത് വിവരങ്ങൾ സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അൻവർ ഉന്നയിച്ച എല്ലാ ആരോപണങ്ങളും കളവാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. തേക്ക് മരം വെട്ടി കടത്തൽ. ഷാജൻ സ്കറിയയുമായി ബന്ധപ്പെട്ട വിഷയം, വീട് വെക്കൽ, ഫ്ലാറ്റ് കച്ചവടം, വിദേശ യാത്ര, ദുബൈയിലെ ബിസിനസ് തുടങ്ങിയ അൻവർ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതവും, വാസ്തവ വിരുദ്ധവുമാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. എം ആർ അജിത് കുമാർ നൽകിയ മൊഴിയുടെ മറ്റൊരു പകർപ്പാണ് അന്വേഷണ സംഘം റിപ്പോർട്ടാക്കിയിരിക്കുന്നത് എന്ന ആക്ഷേപം ഇതോടെ ശക്തമാകുകയാണ്.
നേരത്തെ എഡിജിപി എം ആർ അജിത് കുമാറിന് ക്ലീൻചിറ്റ് നൽകിയതിനെതിരെ തിരുവനന്തപുരം വിജിലൻസ് കോടതി വിമർശനം ഉന്നയിച്ചിരുന്നു. ക്ലീൻചിറ്റ് അംഗീകരിച്ച മുഖ്യമന്ത്രിയുടെ നടപടി നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. വിജിലൻസിനെതിരെ വിചാരണക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ അനുമതി തേടിയല്ല വിജിലൻസ് അന്വേഷണം നടത്തേണ്ടത്. ഇത് നിയമ തത്വങ്ങൾക്ക് എതിരാണെന്നും വിജിലൻസ് കോടതി ചൂണ്ടിക്കാണിച്ചു. മുഖ്യമന്ത്രിയുടെ അനുമതി തേടിയതെന്തിനെന്നതിൽ വ്യക്തതയില്ല. എം ആർ അജിത് കുമാറിനെ കുറ്റവിമുക്തനാക്കാൻ രാഷ്ട്രീയ നേതൃത്വം ഇടപെട്ടതാണ് പ്രശ്നം. എം ആർ അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ മുഖ്യമന്ത്രിയുടെ അനുമതി വേണ്ട. ക്ലീൻചിറ്റ് അംഗീകരിച്ച മുഖ്യമന്ത്രിയുടെ നടപടി നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച വിജിലൻസ് കോടതി ഇക്കാര്യത്തിൽ കൂടുതൽ പരാമർശം നടത്തുന്നില്ലെന്നത് അടക്കമുള്ള കടുത്ത വിമർശനവും ഉന്നയിച്ചിരുന്നു.
എം ആർ അജിത് കുമാറിനെതിരെ കേസെടുക്കാൻ മതിയായ തെളിവുണ്ടെന്നും തിരുവനന്തപുരം വിജിലൻസ് കോടതി നിരീക്ഷിച്ചിരുന്നു. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. അജിത് കുമാറിനെതിരെ അന്വേഷണം നടത്താൻ പര്യാപ്തമായ കേസാണിതെന്നും അദ്ദേഹം കുറ്റകൃത്യം നടത്തിയെന്ന് കരുതേണ്ടിവരുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
Content Highlights: Vigilance report copies ADGP Ajith Kumar's statement exactly investigation report to reporter