ജോസഫ് പാംപ്ലാനിയെ ഒറ്റപ്പെടുത്തി അക്രമിക്കുന്നത് അവസാനിപ്പിക്കണം; സിറോ മലബാർ സഭ

സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ അടക്കമുള്ള സിപിഐഎം നേതാക്കൾ നടത്തിവരുന്ന പ്രസ്താവനകൾ നിരുത്തരവാദപരവും തെറ്റിദ്ധാരണാജനകവുമാണെന്ന് സിറോ മലബാർ സഭ

കൊച്ചി: ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയെ ഒറ്റപ്പെടുത്തി അക്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന് സിറോ മലബാർ സഭ. വാർത്താക്കുറിപ്പിലൂടെയായിരുന്നു സിറോ മലബാർ സഭയുടെ പ്രതികരണം. മാർ ജോസഫ് പാംപ്ലാനിക്കെതിരെ സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ അടക്കമുള്ള സിപിഐഎം നേതാക്കൾ നടത്തിവരുന്ന പ്രസ്താവനകൾ നിരുത്തരവാദപരവും തെറ്റിദ്ധാരണാജനകവുമാണെന്ന് വാർത്താക്കുറിപ്പ് കുറ്റപ്പെടുത്തുന്നുണ്ട്.

ഛത്തീസ്​ഗഡിൽ ജയിലിലടക്കപ്പെട്ട മലയാളി സന്യാസിനിമാരുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ മാർ ജോസഫ് പാംപ്ലാനി കേന്ദ്ര ആഭ്യന്തരമന്ത്രിക്കും പ്രധാനമന്ത്രിക്കും നന്ദിപറഞ്ഞതിനെ സിപിഐഎം നേതാക്കൾ അനവസരത്തിൽ ഉയർത്തിക്കൊണ്ട് വന്നുവെന്നും വാർത്താക്കുറിപ്പ് കുറ്റപ്പെടുത്തുന്നുണ്ട്. ഇത് മാർ ജോസഫ് പാംപ്ലാനിയെ ആക്ഷേപിക്കാനുള്ള ശ്രമമാണെന്നും അത് അപലപനീയമാണെന്നും വാർ‌ത്താക്കുറിപ്പ് കുറ്റപ്പെടുത്തുന്നു. സന്യാസിനിമാരുടെ മോചനം സാധ്യമാക്കുന്നതിന് സഹായിച്ച കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും ഭരണപക്ഷ-പ്രതിപക്ഷ നേതാക്കൾക്കും മാധ്യമങ്ങൾക്കും, പൊതുസമൂഹത്തിനും നന്ദി പ്രകാശിപ്പിക്കുന്ന സിറോ മലബാർ സഭയുടെ ഔദ്യാഗികമായ പൊതുനിലപാട് ആവർത്തിക്കുക മാത്രമാണ് മാർ ജോസഫ് പാംപ്ലാനി ചെയ്തതെന്നും വാർത്താക്കുറിപ്പ് വ്യക്തമാക്കുന്നുണ്ട്. ഈ വിഷയത്തിൽ തങ്ങളുടെ രാഷ്ട്രീയ താല്പര്യ സംരക്ഷണത്തിനായി ഒരു രാഷ്ട്രീയപാർട്ടി അവരുടെ വിവിധ സംവിധാനങ്ങളിലൂടെ അനവസരത്തിലുള്ള പ്രസ്താവനകൾ വഴി മാർ‌ ജോസഫ് പാംപ്ലാനിയെ അകാരണമായി അക്രമിക്കുകയായിരുന്നുവെന്നും സിറോ മലബാർ സഭ കുറ്റപ്പെടുത്തി.

സിറോ മലബാർ സഭയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേകമായ പ്രതിപത്തിയില്ലെന്നും വാർത്താക്കുറിപ്പ് വ്യക്തമാക്കുന്നുണ്ട്. സഭയുടെ രാഷ്ട്രീയം വിഷയങ്ങളോടുള്ള നിലപാടുകളിൽ അധിഷ്ഠിതമാണ്‌. തെറ്റ് ചെയ്യുമ്പോൾ അത് തെറ്റാണെന്ന് ചൂണ്ടിക്കാണിക്കാനും, ശരി ചെയ്യുമ്പോൾ അത് അംഗീകരിക്കാനും സഭയ്ക്കു മടിയില്ല. ആർക്കു എപ്പോൾ നന്ദി പറയണം ആരെ വിമർശിക്കണം എന്ന് സഭ തീരുമാനിക്കുന്ന പ്രക്രിയയിൽ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും ഇടമില്ലെന്നും പ്രസ്താവന ചൂണ്ടിക്കാണി. ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും അവയുടെ സമുന്നതരായ നേതാക്കളെയും അംഗീകരിക്കുന്നതിൽ സഭ ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്നും സിറോ മലബാർ‌ സഭ പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്. ഇതേ ജനാധിപത്യ മര്യാദ രാഷ്ട്രീയ നേതാക്കൾ അവരുടെ പ്രസ്താവനകളിലും ഇടപെടലുകളിലും പ്രകടിപ്പിക്കണമെന്നു സഭ ആഗ്രഹിക്കുന്നുവെന്നും പ്രസ്താവന ചൂണ്ടിക്കാണിക്കുന്നുണ്ട്.

മാർ ജോസഫ് പാംപ്ലാനിയെ അകാരണമായി ഒറ്റപ്പെടുത്തി വിമർശിക്കാനുള്ള പ്രവണതയിൽനിന്നും ബന്ധപ്പെട്ടവർ പിന്മാറണമെന്നും പ്രസ്താവന ആവശ്യപ്പെടുന്നുണ്ട്. ആവശ്യത്തിലധികം സംസാരിച്ച് കഴിഞ്ഞതിനാൽ ഈ വിഷയം ഉടൻ അവസാനിപ്പിക്കണമെന്ന അഭ്യർത്ഥനയും സഭ മുന്നോട്ട് വെച്ചിട്ടുണ്ട്.

പാംപ്ലാനി അവസരവാദിയാണെന്നും ഇത്രയും ശക്തമായി അവസരവാദം പറയുന്ന മറ്റൊരാൾ ഇല്ലെന്നും എം വി ഗോവിന്ദൻ വിമർശിച്ചിരുന്നു. ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോഴും ജാമ്യം ലഭിച്ചപ്പോഴും പാംപ്ലാനി നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഗോവിന്ദന്റെ കടന്നാക്രമണം. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോൾ പാംപ്ലാനി ബിജെപിക്കെതിരെ പറഞ്ഞു. ജാമ്യം കിട്ടിയപ്പോൾ അമിത് ഷാ ഉൾപ്പെടെയുള്ളവർക്ക് സ്തുതി. അച്ചന്മാർ കേക്കും കൊണ്ട് സോപ്പിടാൻ പോയി. ഇടക്കിടക്ക് വരുന്ന മനംമാറ്റം കൊണ്ട് ക്രിസ്ത്യാനിയോ മുസ്ലിമോ കമ്മ്യൂണിസ്റ്റോ രക്ഷപ്പെടാൻ പോകുന്നില്ലെന്ന് എം വി ഗോവിന്ദൻ പറഞ്ഞിരുന്നു.

Content Highlights: Syro-Malabar Church urges end to isolation and attacks on Joseph Pamplani

To advertise here,contact us