സുരേഷ് ഗോപി രാജ്യദ്രോഹി, കുമ്പിടി ഗോപി എന്നാണ് ഇനി വിളിക്കേണ്ടത്, അന്തസുണ്ടെങ്കില്‍ രാജിവെക്കണം: വി കെ സനോജ്

'തൃശൂർ കട്ടെടുത്ത കള്ളനാണ് സുരേഷ് ഗോപി. തൃശൂരിൽ ഇനി മത്സരിച്ചാൽ നിലംതൊടില്ല'

തിരുവനന്തപുരം : കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. സുരേഷ് ഗോപി രാജ്യദ്രോഹിയാണെന്നും അന്തസുണ്ടെങ്കിൽ രാജി വെക്കണമെന്നും വി കെ സനോജ് പറഞ്ഞു. കുമ്പിടി ഗോപി എന്നാണ് സുരേഷ് ഗോപിയെ ഇനി വിളിക്കേണ്ടത്. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുമ്പോൾ ഒരക്ഷരം മിണ്ടിയില്ലയെന്നും സനോജ് കുറ്റപ്പെടുത്തി. തൃശൂർ എടുത്തതല്ലയെന്നും തൃശൂർ കട്ടെടുത്ത കള്ളനാണ് സുരേഷ് ഗോപിയെന്നും ഇനി മത്സരിച്ചാൽ നിലംതൊടില്ലയെന്നും വി കെ സനോജ് പരിഹസിച്ചു. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ രാജി ആവശ്യപ്പെട്ട് തൃശൂരിലെ ക്യാമ്പ് ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി കെ സനോജ്.

ഡിവൈഎഫ്ഐയുടെ മാർച്ച് ഓഫീസിന്റെ അരകിലോമീറ്റർ അകലെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗിച്ചപ്പോൾ റോഡരികിൽ ഉണ്ടായിരുന്ന പരസ്യ ബോർഡ് വീഴുകയും ഒരു പ്രവർത്തകന് തലയിൽ പരിക്കേൽക്കുകയും ചെയ്തു. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം, തൃശ്ശൂരിലെ വോട്ടർ പട്ടികയിലെ ക്രമക്കേട് തുടങ്ങിയ കാര്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം. സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസിനു മുന്നിൽ ബിജെപി പ്രവർത്തകരും സംഘടിച്ചിരുന്നു. കനത്ത പൊലീസ് വിന്യാസമാണ് പൊലീസ് ഒരുക്കിയത്.

അതേസമയം വോട്ടര്‍പട്ടിക ക്രമക്കേടില്‍ സുരേഷ് ഗോപിക്കെതിരെ നേരത്തെ ഗുരുതര ആരോപണങ്ങളാണ് സിപിഐഎമ്മും കോൺഗ്രസും ഉന്നയിച്ചിരിക്കുന്നത്. തൃശൂരിൽ വിജയിച്ച സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ സഹോദരന്‍ ഉള്‍പ്പെടെ 11 പേരെ ബൂത്ത് നമ്പര്‍ 116ല്‍ 1016 മുതല്‍ 1026 വരെ ക്രമനമ്പറില്‍ ചേര്‍ത്തുതായി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ആരോപിച്ചിരുന്നു.തൃശൂരില്‍ ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച് കള്ളവോട്ടുകള്‍ ചേര്‍ത്തത് സുരേഷ് ഗോപിയുടെ നേതൃത്വത്തിലാണെന്നും കോണ്‍ഗ്രസും സിപിഐഎമ്മും ആരോപിച്ചിരുന്നു. പിന്നാലെ സുരേഷ് ഗോപിയുടെ സഹോദരന്‍, ആര്‍എസ്എസ് നേതാവ് കെ ആര്‍ ഷാജി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇരട്ട വോട്ടും സുരേഷ് ഗോപിയുടെ ഡ്രൈവര്‍ക്ക് വ്യാജവോട്ടും കണ്ടെത്തിയിരുന്നു. തൃശ്ശൂരിലെ അപ്പാര്‍ട്‌മെന്റുകളും വാടക വീടുകളും കേന്ദ്രീകരിച്ച് വലിയതോതില്‍ വോട്ട് ചേര്‍ത്തുവെന്ന ആരോപണം ശക്തമാണ്.

അതിനിടെയാണ് മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിച്ച് ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളില്‍ ഒരാളായ സിസ്റ്റര്‍ പ്രീതി മേരിയുടെ വീട്ടിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി എത്തിയത്. എന്നാല്‍ വോട്ടര്‍പ്പട്ടികയിലെ ക്രമക്കേട് ആരോപണങ്ങള്‍ക്കിടെ തൃശ്ശൂരിലെത്തിയ സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. ഒടുക്കം സഹായിച്ചതിന് നന്ദിയെന്ന് മാത്രം പറഞ്ഞ് ഒറ്റവരിയില്‍ മാധ്യമങ്ങളെ പരിഹസിക്കുകയാണ് ചെയ്തത്.

Content Highlight : 'Suresh Gopi is a thief who stole Thrissur'; VK Sanoj strongly criticizes Union Minister

To advertise here,contact us