പാലക്കാട്: എംഎസ്എഫിനും സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെയും ആഞ്ഞടിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. എംഎസ്എഫ് കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ വര്ഗീയവാദ സംഘടനയാണെന്ന് പി എസ് സഞ്ജീവ് പറഞ്ഞു. കേരളം കണ്ടിട്ടുള്ള ലക്ഷണമൊത്ത വര്ഗീയവാദ സംഘടനയാണ് എംഎസ്എഫ്. നിങ്ങളുടെ പേര് മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷന് എന്നാണ്. സ്വത്വ ബോധമൊന്നുമല്ല എംഎസ്എഫ് കൈകാര്യം ചെയ്യുന്നത്. ജമാഅത്തെ ഇസ്ലാമിക്കും ക്യാമ്പസ് ഫ്രണ്ടിനും അടക്കം വേദിയൊരുക്കുന്ന സംഘടനയാണ് എംഎസ്എഫ്. പട്ടിയെ പഠിച്ച് നാട്ടില് അക്രമം നടത്തുന്ന എസ്ഡിപിഐക്കാരുടെയും നിരോധിച്ച സിഎഫ്ഐയുടേയും ബാക്കി പത്രമാണ് എംഎസ്എഫ്. പി കെ നവാസ് എന്നാന്തരം വര്ഗീയവാദിയാണെന്നും സഞ്ജീവ് പറഞ്ഞു. പാലക്കാട് സംഘടിപ്പിച്ച മുഹമ്മദ് മുസ്തഫ അനുസ്മരണയോഗത്തില് സംസാരിക്കുകയായിരുന്നു സഞ്ജീവ്.
എംഎസ്എഫ് വര്ഗീയവാദ സംഘടനാണെന്ന് തങ്ങള് എവിടെയും പറയുമെന്നും സഞ്ജീവ് പറഞ്ഞു. ഇത് പറയാന് തങ്ങള്ക്ക് പി കെ നവാസിന്റെ ലൈസന്സ് ആവശ്യമില്ല. തന്നെ പഠിപ്പിക്കാന് പി കെ നവാസ് ആരാണെന്നും സഞ്ജീവ് ചോദിച്ചു. തന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് ഇഎംഎസിനോട് ചോദിക്കണമെന്നാണ് പറഞ്ഞത്. ഇഎംഎസിനെ 'അക്കാവിക്കാ നമ്പൂതിരി' എന്ന് വിളിച്ചവരാണ് നിങ്ങള്. ആ നിങ്ങളാണോ ഇഎംഎസിനോട് ചോദിക്കാന് പറഞ്ഞത്. നെല്ലും പതിരുമെന്താണെന്ന് തങ്ങള്ക്കറിയാം. ഇന്ന് കേരളം കണ്ട ഏറ്റവും വലിയ തെറ്റായ, പതിരായ രാഷ്ട്രീയമാണ് എംഎസ്എഫ് കൈകാര്യം ചെയ്യുന്നത്. ഒന്നും അറിയാത്ത കുട്ടികളോട് പോലും വര്ഗീയതയാണ് എംഎസ്എഫ് പറയുന്നതെന്നും സഞ്ജീവ് പറഞ്ഞു.
കാലിക്കറ്റ് സര്വകലാശാലയില് എംഎസ്എഫ് ഒരു വെല്ലുവിളി നടത്തുന്നത് കണ്ടു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില് വിജയം ഉണ്ടായപ്പോള് കേരളത്തിലെ എസ്എഫ്ഐയെ അങ്ങ് മുക്കിത്താഴ്ത്താമെന്നാണോ നിങ്ങള് കരുതിയതെന്നും സഞ്ജീവ് ചോദിച്ചു. അങ്ങനെ മുക്കിത്താഴ്ത്താനുള്ള ആമ്പിയറൊന്നും പി കെ നവാസിനില്ല. അതിന് മാത്രം നവാസ് വളര്ന്നിട്ടില്ല. കേരളത്തിലെ പതിനാല് ജില്ലകളിലെ 90 ശതമാനം വരുന്ന സ്കൂളുകളിലും സര്വകലാശാലകളിലും എസ്എഫ്ഐയാണ്. ഇവിടെയൊന്നും എംഎസ്എഫിന് കടന്നുവരാന് കഴിയാത്തത് എന്തുകൊണ്ടാണ്?. മതവര്ഗീയവാദം മാത്രം കൈമുതലുള്ള സംഘടനയ്ക്ക് എങ്ങനെയാണ് കടന്നുവരാന് കഴിയുക. ആ എംഎസ്എഫാണോ എസ്എഫ്ഐക്ക് ക്ലാസ് എടുക്കുന്നത്? അതിന് മാത്രം എംഎസ്എഫ് വളര്ന്നോ?. മതവര്ഗീയവാദം പറയാന് കഴിയാത്ത, നിങ്ങളുടെ മാനേജ്മെന്റ് അല്ലാത്ത കോളേജുകളില് എംഎസ്എഫ്, യുഡിഎസ്എഫ് ആകുന്നത് എന്തുകൊണ്ടാണ്? അവിടെ നിങ്ങള്ക്ക് കെഎസ്യുവിനെ ആവശ്യമുണ്ട്. കെഎസ്യുവിനെ എംഎസ്എഫ് വിഴുങ്ങുകയാണ്. ആ എംഎസ്എഫിന എസ്ഡിപിഐയും സിഎഫ്ഐയും വിഴുങ്ങിയിരിക്കുന്നു. അതിന്റെ ഭാഗമായാണ് പി കെ നവാസിനെ പോലെയുള്ളവര് എംഎസ്എഫിന്റെ നേതൃത്വത്തിലേക്ക് എത്തിയതെന്നും സഞ്ജീവ് പറഞ്ഞു.
എസ്എഫ്ഐ നേതൃത്വത്തിലുള്ളവരെ പി കെ നവാസ് വിളിച്ചത് അഗ്രഹാര ബ്രാഹ്മണന് എന്നാണെന്നും നവാസിന്റെ മനസില് വര്ഗീയത എത്രത്തോളം ഉണ്ട് എന്ന് മനസിലാക്കാന് ആ ഒറ്റ പ്രസ്താവന മതിയെന്നും സഞ്ജീവ് പറഞ്ഞു. ഈ നാട്ടിലെ അഗ്രഹാര ബ്രാഹ്മണര് എല്ലാവരും വര്ഗീയവാദികളാണോ എന്നും സഞ്ജീവ് ചോദിച്ചു. വര്ഗീയ നിലപാടെടുക്കുന്നവന് ജാതിയോ മതമോ എല്ല പ്രശ്നം. വര്ഗീയ നിലപാടെടുക്കുന്നവന്റെ പ്രശ്നം അധികാരം മാത്രമാണ്. മതത്തെ ഉപയോഗിച്ച് രാഷ്ട്രീയ അധികാരം കീഴടക്കുക എന്നുള്ളതാണ് വര്ഗീയത. സംഘപരിവാറിനോട് ചേര്ന്നാണ് ഇപ്പോള് അവരുടെ പ്രവര്ത്തനം എന്നും സഞ്ജീവ് കൂട്ടിച്ചേര്ത്തു.
Content Highlights- Sfi state secretary p s Sanjeev against p k navas and muslim students federation