കോഴിക്കോട്: വഴിയില്ലാതെ വലഞ്ഞ് കോഴിക്കോട് കോട്ടൂര് പട്ടികവര്ഗ ഉന്നതി നിവാസികള്. ബാലുശ്ശേരി നിയോജക മണ്ഡലത്തിലാണ് കോട്ടൂര് പഞ്ചായത്ത് സ്ഥതി ചെയ്യുന്നത്. ഇവിടെ വാകയാട് എന്ന പ്രദേശത്താണ് കോളനി സ്ഥിതി ചെയ്യുന്നത്. വഴിയില്ലാത്തതിനാല് ഇവിടെ രോഗികള് അടക്കം ദുരിതം പേറുകയാണ്. കഴിഞ്ഞ ദിവസം കാന്സര് രോഗിയെ ആശുപത്രിയില് എത്തിക്കാന് ചുമന്നായിരുന്നു നാട്ടുകാര് കുന്നിറക്കിയത്. ഇതിന്റെ ദൃശ്യങ്ങള് സോഷ്യല് മീഡിയയില് വൈറലായതോടെ വിഷയം വ്യാപക ചര്ച്ചയായിരിക്കുകയാണ്. ഉന്നതി നിവാസികള്ക്ക് റോഡ് വേണമെന്ന ആവശ്യം ഇതോടെ ശക്തമായിട്ടുണ്ട്.
പതിനേഴ് കുടുംബങ്ങളാണ് ഈ ഉന്നതിയില് താമസിക്കുന്നത്. റോഡില്ലാത്തതിനാല് ഈ കുടുംബങ്ങള് ഒറ്റപ്പെട്ട നിലയിലാണ്. കാന്സര് രോഗിയായ വിജയനെയായിരുന്നു കഴിഞ്ഞ ദിവസം നാട്ടുകാര് ചുമത്ത് താഴെയിറക്കിയത്. അവശത നേരിടുന്ന മറ്റ് രോഗികളുടെ അവസ്ഥയും സമാനമാണ്. റോഡിലെത്തണമെങ്കില് നൂറ്റിയമ്പത് മീറ്റര് കുന്നിറങ്ങണം എന്നതാണ് അവസ്ഥ. കുന്നിലുള്ള ചെറിയ വഴിയിലാകട്ടെ നിറയെ കല്ലുകളും. അടിയന്തഘട്ടം വരുന്ന സാഹചര്യത്തില് ഉന്നതി നിവാസികള് ഏറെ കഷ്ടപ്പെടുന്നതാണ് സാഹചര്യം. മുകളില് നിന്ന് താഴെയിറങ്ങാന് രണ്ട് വഴികളുണ്ടെങ്കിലും സാഹചര്യം സമാനമാണ്. ദിവസവും ജോലിക്ക് പോകുന്നവരും കുട്ടികളും അടക്കം ഏറെ ബുദ്ധിമുട്ടിയാണ് താഴെയിറങ്ങുന്നത്. ഒരു വീട് പണിയണമെന്ന് വെച്ചാല് ഉന്നതി നിവാസികള് ഏറെ കഷ്ടപ്പെടുന്ന സാഹചര്യമുണ്ട്.
റോഡ് വേണമെന്നത് ഉന്നതി നിവാസികളുടെ ഏറെ നാളായുള്ള ആവശ്യമാണ്. റോഡ് നിര്മാണത്തിന് ജില്ലാ പഞ്ചായത്തും പട്ടികവര്ഗ ക്ഷേമ വകുപ്പും ഫണ്ട് വകയിരുത്തിയിട്ടുമുണ്ട്. എന്നാല് റോഡ് നിര്മാണം ഒരടിപോലും മുന്നോട്ടുപോയിട്ടില്ല എന്നതാണ് വസ്തുത. അധികാരികള് ഇനിയെങ്കിലും കണ്ണ് തുറക്കണമെന്നാണ് ഉന്നതി നിവാസികള് പറയുന്നത്.
Content Highlights- Residents of st unnathi in kozhikode kottoor stranded without a way out