നവീന്‍ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍

ഹര്‍ജി നിയമപരമായും വസ്തുതാപരമായും നിലനില്‍ക്കില്ലെന്നാണ് സര്‍ക്കാര്‍ വാദം

കണ്ണൂര്‍: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍. ഹര്‍ജി നിയമപരമായും വസ്തുതാപരമായും നിലനില്‍ക്കില്ലെന്നാണ് സര്‍ക്കാര്‍ വാദം. കേസുമായി ബന്ധപ്പെട്ട് ആവശ്യമായ തെളിവുകളെല്ലാം ശേഖരിച്ചു. അന്വേഷണ പരിധിയിലുള്ള മുഴുവന്‍ കാര്യങ്ങളും സമഗ്രമായി പരിശോധിച്ചു. പി പി ദിവ്യ കുറ്റക്കാരിയെന്ന് കണ്ടെത്തിയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു.

സാക്ഷി മൊഴികളില്‍ തീയതി രേഖപ്പെടുത്താന്‍ വിട്ടുപോയതാണെന്നും പ്രതിയെ സഹായിക്കാന്‍ തീയതി രേഖപ്പെടുത്തിയില്ല എന്ന ആരോപണം വാസ്തവവിരുദ്ധമാണെന്നും പൊലീസ് പറയുന്നു. അന്വേഷണത്തില്‍ അപാകത ആരോപിച്ച് കുടുംബം നേരത്തെയും കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയും സുപ്രീം കോടതിയും ഈ ആവശ്യം തള്ളിയതാണ്. അതിനാല്‍ കുടുംബത്തിന്റെ തുടരന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി തള്ളണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

ഇക്കഴിഞ്ഞ അഞ്ചാം തീയതിയായിരുന്നു നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജു കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. പൊലീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ളതായിരുന്നു ഹര്‍ജി. പ്രതിക്ക് രക്ഷപ്പെടാന്‍ പഴുതുകളുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കുറ്റം തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ മറച്ചുവെച്ചുവെന്നും നവീന്‍ ബാബുവിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.

കുറ്റപത്രത്തിലെ പതിമൂന്ന് പിഴവുകള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. പ്രശാന്തനില്‍ നിന്ന് നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് പ്രചരിപ്പിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. ഇക്കാര്യം തെറ്റെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ അന്വേഷണത്തില്‍ തെളിഞ്ഞു. എന്നാല്‍ ഇക്കാര്യത്തെപ്പറ്റി എസ്‌ഐടി പ്രത്യേക അന്വേഷണം നടത്തിയില്ലെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കാന്‍ നവീന്‍ ബാബു കാലതാമസം വരുത്തിയിട്ടില്ല. നവീന്‍ ബാബു കുറ്റസമ്മതം നടത്തിയെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞിട്ടില്ല. ജില്ലാ കളക്ടറുടെ ആദ്യ പ്രതികരണവും മൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ട്. ജില്ലാ കളക്ടറുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് എസ്‌ഐടി അന്വേഷിച്ചില്ലെന്നും മൊഴികള്‍ അവഗണിച്ചതിലൂടെ അന്വേഷണം എസ്‌ഐടി അട്ടിമറിച്ചുവെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. പ്രശാന്തന്റെ സ്വത്തും സ്വര്‍ണ്ണപ്പണയവും വിശദീകരിക്കുന്ന മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നായിരുന്നു ഹര്‍ജിയിലെ മറ്റൊരു ആരോപണം. സ്വര്‍ണ്ണപ്പണയം കൈക്കൂലി നല്‍കാനെന്ന മൊഴി എസ്‌ഐടിയെ വഴിതെറ്റിക്കാനാണ്. പ്രശാന്തന്റെ മൊഴിയിലെ വൈരുദ്ധ്യം തെളിയിക്കാന്‍ എസ്‌ഐടി ബാങ്ക് അക്കൗണ്ട് രേഖകള്‍ കണ്ടെത്തിയില്ല. നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് മുഖ്യമന്ത്രിക്ക് പ്രശാന്തന്‍ നല്‍കിയ പരാതിയിലില്ല. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെപ്പറ്റി പ്രൊസിക്യൂഷന്‍ മറച്ചുപിടിച്ചുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നവീന്‍ ബാബുവിന്റെ ക്വാര്‍ട്ടേഴ്‌സിന് സമീപത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തുവെന്നും സിസിടിവി ദൃശ്യങ്ങളിലുള്ള ആളുകളെ എസ്‌ഐടി തിരിച്ചറിഞ്ഞില്ലെന്നും ആരോപണമുണ്ട്. സമ്പൂര്‍ണ്ണ സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ എസ്‌ഐടിക്ക് കഴിഞ്ഞില്ല. കേസില്‍ പ്രതിഭാഗത്തെ സഹായിക്കാനാണ് വിജിലന്‍സ് വകുപ്പ് ഇടപെട്ടതെന്നും ഹര്‍ജിയില്‍ കുറ്റപ്പെടുത്തിയിരുന്നു.

ഒക്ടോബര്‍ 15 നാണ് നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിന് യാത്രയയപ്പ് നല്‍കുന്ന പരിപാടിയിലേക്ക് അപ്രതീക്ഷിതമായി പി പി ദിവ്യ എത്തുകയും കളക്ടര്‍ അരുണ്‍ കെ വിജയന്റെ സാന്നിധ്യത്തില്‍ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്ത് നവീന്‍ ബാബു ആത്മഹത്യ ചെയ്തുവെന്നാണ് കേസ്. കേസില്‍ പി പി ദിവ്യ മാത്രമാണ് പ്രതി. ദിവ്യയെ പ്രതിചേര്‍ത്തുള്ള കുറ്റപത്രം അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സംഭവം നടന്ന് 166 ദിവസത്തിന് ശേഷമായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 82 പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

Content Highlights- Investigation team oppose petition of manjusha on Naveen Babu death case

To advertise here,contact us