സംസ്ഥാനത്തെ പാലങ്ങളുടെ തകർച്ച പഠിക്കാൻ വിദഗ്ധ സമിതി; തീരുമാനവുമായി പൊതുമരാമത്ത് വകുപ്പ്

പൊതുമരാമത്ത് വകുപ്പിലെ ചീഫ് എഞ്ചിനീയര്‍മാരെ കൂടി സമിതിയില്‍ ഉള്‍പ്പെടുത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് പാലങ്ങളുടെ തകർച്ച പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കാന്‍ തീരുമാനം. ‌പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.നിര്‍മ്മാണ പ്രവൃത്തികളിലെ സാങ്കേതിക നടപടിക്രമങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് പഠിക്കാനും വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

ഐഐടി, എന്‍ഐടി തുടങ്ങിയ സ്ഥാപനങ്ങളിലെ വിദഗ്ദ്ധരെ ഉള്‍പ്പെടുത്തിയാകും പ്രത്യേക സമിതി രൂപീകരിക്കുക. പൊതുമരാമത്ത് വകുപ്പിലെ ചീഫ് എഞ്ചിനീയര്‍മാരെ കൂടി സമിതിയില്‍ ഉള്‍പ്പെടുത്തും. നിലവില്‍ പിഡബ്ല്യുഡി മാന്വലില്‍ നിഷ്ക്കര്‍ഷിച്ച കാര്യങ്ങളില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തണമെന്ന കാര്യം സമിതി പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. പ്രവൃത്തിയിടങ്ങളില്‍ കൂടുതലായി എന്തൊക്കെ സംവിധാനങ്ങള്‍ ഒരുക്കണമെന്ന കാര്യങ്ങളും പരിശോധിക്കണം. സമിതി സമയബന്ധിതമായി റിപ്പോര്‍ട്ട് നല്‍കുന്നുവെന്ന് ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. ഇതിനായി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

പാലം നിര്‍മ്മാണ പ്രവൃത്തികളില്‍ അപകടങ്ങള്‍ സംഭവിക്കുന്നതിന് ഉപകരണങ്ങളുടെ സാങ്കേതിക പ്രശ്നങ്ങള്‍ കൂടി കാരണമാകുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഇതേ കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുവാന്‍ മന്ത്രി നിര്‍ദ്ദേശിച്ചത്. യോഗത്തില്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ.ബിജു ഐഎഎസ്, ചീഫ് എഞ്ചിനീയര്‍മാര്‍ എന്നിവർ പങ്കെടുത്തു.

Content Highlight : Expert committee to study bridge collapse; Experts from IITs, NITs will be members of the committee

To advertise here,contact us