കൊച്ചി: അസോസിയേഷന് ഓഫ് മലയാളം മൂവീ ആര്ട്ടിസ്റ്റിസ് (അമ്മ) സംഘടനയില് അംഗമല്ലെന്ന് നടി ഭാവന. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള് അറിയില്ലെന്നും ഇപ്പോള് വിഷയത്തില് പ്രതികരിക്കാനില്ലെന്നും ഭാവന പറഞ്ഞു.
അതേസമയം അമ്മയില് നിന്ന് പുറത്ത് പോയവര് തിരിച്ചുവരണമെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ശ്വേത മേനോന് റിപ്പോര്ട്ടറിനോട് പ്രതികരിച്ചിരുന്നു. നടിയെ അക്രമിച്ച കേസിലെ അതിജീവിതയും സംഘടനയിലേക്ക് തിരിച്ചുവരട്ടേയെന്ന് ശ്വേത പ്രതികരിച്ചിരുന്നു. 'ഞങ്ങള് എല്ലാവരും അതിജീവിതയുടെ ഒപ്പമാണ്. ജനറല് ബോഡിയിലെ എല്ലാ അംഗങ്ങളും അവള്ക്കൊപ്പമാണ്. സ്ത്രീ ആണെങ്കിലും പുരുഷന്മാര് ആണെങ്കിലും ഒരു പ്രശ്നം വരുമ്പോള് ഞങ്ങള് എല്ലാവരും ഒരു കൂട്ടുകെട്ടാണ്. സംഘടനയിലേക്ക് അതിജീവിത തിരിച്ചുവരട്ടെ', ശ്വേത പറഞ്ഞു.
ഡബ്ല്യുസിസി അംഗങ്ങളെ ഇരുകയ്യും നീട്ടി അമ്മ സ്വീകരിക്കുമെന്നും റിപ്പോര്ട്ടറിനോട് ശ്വേത മേനോന് കഴിഞ്ഞ ദിവസം മനസുതുറന്നിരുന്നു. ഡബ്ല്യുസിസി അംഗങ്ങള് പിണങ്ങി പോയിട്ടൊന്നുമില്ല, അവരെല്ലാം അമ്മയുടെ കുടുംബത്തിന്റെ ഭാഗമാണ്. അവര് ഓക്കെ ആണെങ്കില് ഡബ്ല്യുസിസി അംഗങ്ങളെ വ്യക്തിപരമായി കണ്ട് സംസാരിക്കാന് ഞാന് തയ്യാറാണ്', വിജയത്തിന് ശേഷം ശ്വേത മേനോന് പ്രതികരിച്ചിരുന്നു.
ഇതാദ്യമായിട്ടാണ് അമ്മയുടെ തലപ്പത്തേക്ക് ഒരു വനിത എത്തുന്നത്. 20 വോട്ടിനാണ് ശ്വേത മേനോന് വിജയിച്ചത്. ശ്വേതയ്ക്ക് 159 വോട്ടുകള് ലഭിച്ചപ്പോള് ഒപ്പം മത്സരിച്ച ദേവന് 132 വോട്ടുകളാണ് ലഭിച്ചത്. ജനറല് സെക്രട്ടറി ആയി കുക്കു പരമേശ്വരന് തെരഞ്ഞെടുക്കപ്പെട്ടു. കുക്കു പരമേശ്വരനും രവീന്ദ്രനുമായിരുന്നു ജനറല് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്.
വൈസ് പ്രസിഡന്റ് ആയി ലക്ഷ്മിപ്രിയയും ജയന് ചേര്ത്തലയും തെരഞ്ഞെടുക്കപ്പെട്ടു. ലക്ഷ്മിപ്രിയ, ജയന് ചേര്ത്തല, നാസര് ലത്തീഫ് എന്നിവരായിരുന്നു വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ച ലക്ഷ്മിപ്രിയയ്ക്ക് 139 വോട്ടുകള് ലഭിച്ചപ്പോള് ഒപ്പം മത്സരിച്ച നാസര് ലത്തീഫിന് 96 വോട്ട് ലഭിച്ചു. ജന: സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് വിജയിച്ച കുക്കു പരമേശ്വരന് 172 വോട്ടുകള് ലഭിച്ചപ്പോള് ഒപ്പം മത്സരിച്ച രവീന്ദ്രന് 115 വോട്ട് ലഭിച്ചു.
Content Highlights: Bhavana reaction over AMMA election