അങ്കണവാടി കുട്ടികളെ രാഖി കെട്ടിക്കാന്‍ ആവശ്യപ്പെട്ട് വര്‍ക്കല സിഡിപിഓയുടെ നിര്‍ദ്ദേശം; ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം

ഇങ്ങനെ ആവശ്യപ്പെടുന്ന ശബ്ദസന്ദേശം റിപ്പോര്‍ട്ടറിന് ലഭിച്ചു.

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് അങ്കണവാടി കുട്ടികള്‍ക്ക് രാഖി കെട്ടാന്‍ നിര്‍ദേശം. വര്‍ക്കല ചൈല്‍ഡ് ഡെവലപ്‌മെന്റ് പ്രൊജക്ട് ഓഫീസര്‍ ജ്യോതിഷ് മതിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇങ്ങനെ ആവശ്യപ്പെടുന്ന ശബ്ദസന്ദേശം റിപ്പോര്‍ട്ടറിന് ലഭിച്ചു.

അംഗന്‍വാടി ടീച്ചര്‍മാര്‍ക്കാണ് വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി നിര്‍ദേശം നല്‍കിയത്. രാഖി ഉണ്ടാക്കി കുട്ടികളുടെ കയ്യില്‍ കെട്ടി ഫോട്ടോ അയക്കാനാണ് നിര്‍ദേശം. ഈ ചിത്രത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യാനുള്ളതാണെന്നും ജ്യോതിഷ് മതി പറയുന്നുണ്ട്. സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

അങ്കണവാടി കുട്ടികള്‍ക്ക് രാഖി കെട്ടാന്‍ നിര്‍ദ്ദേശിച്ചത് രാഷ്ട്രീയപ്രേരിതമായി ചെയ്തതല്ലെന്ന് ജ്യോതിഷ് മതി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് ഉണ്ട്. രാഖി മെയ്ക്കിങ്, ഫ്‌ളാഗ് മെയ്ക്കിങ് എന്നൊരു കാര്യം അതില്‍ പറയുന്നുണ്ട്. ത്രിവര്‍ണ പതാകയെ കുറിച്ച് അവബോധം ഉണ്ടാക്കുക എന്നതാണ് ഉദ്ദേശം. കേന്ദ്രത്തിന്റെ ഉത്തരവ് ശിശുവികസന വകുപ്പ് ഡയറക്ടര്‍ തന്നത് താന്‍ പാലിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ആണ് ഓഡിയോ അയച്ചത്. കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് പാലിച്ചു എന്നത് മാത്രമാണ് ചെയ്തത്. രാഷ്ട്രീയ ലക്ഷ്യം വച്ചു ചെയ്തതല്ല. സര്‍ക്കാര്‍ പറയുന്ന ജോലി ചെയ്യണം എന്നത് കൊണ്ടാണ് ചെയ്തത് .ഇങ്ങനെ ഒരു വശം ആലോചിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Anganwadi children advised to tie Rakhi on Independence Day

To advertise here,contact us