കൊച്ചി: ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തിലേക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ക്ഷണം. എസ്എന്ഡിപി യോഗം കണയന്നൂര് യൂണിയന് സംഘടിപ്പിക്കുന്ന പരിപാടിയിലേക്കാണ് ക്ഷണം. എറണാകുളത്ത് അടുത്ത മാസം ഏഴിനാണ് പരിപാടി. വി ഡി സതീശനെതിരെ എസ്എന്ഡിപി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശന് രൂക്ഷമായ വിമര്ശനമാണ് അടുത്ത കാലത്ത് നടത്തി വരുന്നത്.
വരുന്ന തെരഞ്ഞെടുപ്പില് യുഡിഎഫ് 98 സീറ്റുകള് നേടി അധികാരത്തിലെത്തിയാല് താന് എസ്എന്ഡിപി യോഗം ജനറല് സെക്രട്ടറി പദം രാജിവെയ്ക്കാന് തയ്യാറാണെന്ന് വെള്ളാപ്പള്ളി നടേശന് പ്രഖ്യാപിച്ചിരുന്നു. മറിച്ചായാല് സതീശന് പദവികള് രാജിവച്ച് രാഷ്ട്രീയ വനവാസത്തിന് പോകണം. ഈ വെല്ലുവിളി ഏറ്റെടുക്കാന് തയ്യാറാണോ എന്നും ചോദിച്ചിരുന്നു. അടുത്ത തവണ യുഡിഎഫ് അധികാരത്തിലെത്തിയില്ലെങ്കില് താന് രാഷ്ട്രീയ വനവാസത്തിന് പോകുമെന്നും സതീശന് മറുപടിയും നല്കിയിരുന്നു. ഈ വാക്പോരിന് ശേഷമാണ് സതീശനെ എസ്എന്ഡിപി വേദിയിലേക്കുള്ള ക്ഷണം.
എസ്എന്ഡിപി പരിപാടിയിലേക്കുള്ള ക്ഷണത്തെ കുറിച്ച് വി ഡി സതീശന് പ്രതികരിച്ചു. എറണാകുളത്ത് രണ്ടിടത്ത് തന്നെ ക്ഷണിച്ചിട്ടുണ്ട്. തനിക്ക് വെള്ളാപ്പള്ളിയുമായി ഒരു പിണക്കവുമില്ല. പരിപാടിയില് പങ്കെടുക്കും. വെള്ളാപ്പള്ളി നടേശന്റെ അനുവാദമില്ലാതെ ക്ഷണിക്കുമെന്ന് കരുതുന്നില്ല. പ്രത്യേക വിഷയങ്ങളിലാണ് നിലപാട് പറഞ്ഞതെന്നും വി ഡി സതീശന് പറഞ്ഞു.
Content Highlights: VD Satheesan to the SNDP stage