'സിനിമാ ലോകത്തെ വനിതാ ശക്തിയുടെ അഭിമാന നിമിഷം'; 'അമ്മ' തെരഞ്ഞെടുപ്പില്‍ ഉമാ തോമസ് എംഎൽഎ

പുതിയ ടീമിന് ആശംസകളും ഉമാ തോമസ് നേര്‍ന്നു

തിരുവനന്തപുരം: സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്ക് ആശംസകള്‍ നേര്‍ന്ന് ഉമാ തോമസ് എംഎല്‍എ. സിനിമാ ലോകത്തെ വനിതാ ശക്തിയുടെ അഭിമാന നിമിഷം എന്നാണ് സ്ത്രീകളുടെ വിജയത്തെക്കുറിച്ച് ഉമാ തോമസ് ഫേസ്ബുക്കിൽ കുറിച്ചത്. അമ്മയുടെ പുതിയ പ്രസിഡന്റായി ശ്വേത മേനോന്‍ തെരഞ്ഞെടുക്കപ്പെട്ടതും മുഖ്യഭാരവാഹികളായി പുരുഷന്മാര്‍ക്കൊപ്പം വനിതകള്‍ക്ക് നേതൃത്വം ലഭിച്ചതും അഭിമാനകരവും മലയാള സിനിമ ലോകത്തിന് പ്രചോദനവുമാണ് എന്നും ഉമാ തോമസ് കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സിനിമാ ലോകത്തെ വനിതാ ശക്തിയുടെ അഭിമാന നിമിഷം.

AMMAയുടെ പുതിയ പ്രസിഡന്റായി ശ്വേത മേനോൻ തെരഞ്ഞെടുക്കപ്പെട്ടതും, മുഖ്യ ഭാരവാഹികളായി പുരുഷന്മാർക്കൊപ്പം വനിതകൾക്ക് നേതൃത്വം ലഭിച്ചതും അഭിമാനകരവും, മലയാള സിനിമാ ലോകത്തിന് പ്രചോദനവുമാണ്. കലയും വനിതാ ശക്തിയും കൈകോർക്കുന്ന ഈ പുതിയ ടീമിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.

-ഉമ തോമസ്

അമ്മയുടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് നടി ശ്വേതാ മേനോനായിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്. ദേവനായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. ശ്വേത 159 വോട്ടുകള്‍ നേടിയപ്പോള്‍ ദേവന് നേടാനായത് 132 വോട്ടുകള്‍ മാത്രമായിരുന്നു. ആറ് വോട്ടുകള്‍ അസാധുവായി. വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ജയന്‍ ചേര്‍ത്തല, ലക്ഷ്മിപ്രിയ, നാസര്‍ ലത്തീഫ് എന്നിവരായിരുന്നു മത്സര രംഗത്ത് ഉണ്ടായിരുന്നത്. ജയന്‍ ചേര്‍ത്തലയും ലക്ഷ്മിപ്രിയയും വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. ജയന്‍ ചേര്‍ത്തലയ്ക്ക് 267 വോട്ടുകളും ലക്ഷ്മിപ്രിയക്ക് 139 വോട്ടുകളുമാണ് ലഭിച്ചത്. നാസർ ലത്തീഫ് 96 വോട്ടുകളും നേടി.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് കുക്കു പരമേശ്വരനാണ് തെരഞ്ഞെടുക്കപ്പെട്ടത്. 172 വോട്ടുകളാണ് കുക്കു നേടിയത്. രവീന്ദ്രന്‍ 115 വോട്ടുകളും നേടി. പതിനൊന്ന് വോട്ടുകള്‍ അസാധുവായി. ട്രഷററായി ഉണ്ണി ശിവപാല്‍ തെരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിയായി അന്‍സിബ ഹസന്‍ നേരത്തേ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Content Highlight; Uma Thomas reacts on AMMA election

To advertise here,contact us