'എംപിയാകാനുള്ള എന്റെ യോഗ്യത ആർഎസ്എസിന്റെ ഭാഗമാണെന്നത്'; സി. സദാനന്ദൻ

തന്നെ എംപിയാക്കിയപ്പോൾ പിടിക്കാത്ത പലരും രാജ്യസഭയിൽ എത്തിയപ്പോൾ കെട്ടിപ്പിടിച്ചു, പഴയതൊക്കെ കുത്തിപ്പൊക്കുന്നത് ആർക്കും ഗുണം ചെയ്യില്ലെന്നും സദാനന്ദന്‍

കണ്ണൂർ: രാഷ്ട്രീയ സ്വയംസേവക സംഘമെന്ന പ്രസ്ഥാനത്തിന്റെ ഭാഗമാണെന്നതാണ് എംപിയാകാനുള്ള തന്റെ യോഗ്യതയെക്കുറിച്ച് ചോദിക്കുന്നവർക്കുള്ള മറുപടിയെന്ന് സി. സദാനന്ദൻ എംപി. ബിജെപി മട്ടന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉരുവച്ചാലിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചിലർ ആരോപിക്കുന്നത് പോലെ കുറ്റവാളിയാണ് താനെങ്കിൽ രാജ്യസഭയിൽ ഇത്ര സ്നേഹപൂർണമായ സ്വീകരണം ലഭിക്കുമായിരുന്നില്ല. തന്നെ എംപിയാക്കിയപ്പോൾ പിടിക്കാത്ത പലരും രാജ്യസഭയിൽ എത്തിയപ്പോൾ കെട്ടിപ്പിടിച്ചിട്ടുണ്ട്. പഴയതൊക്കെ കുത്തിപ്പൊക്കുന്നത് ആർക്കും ഗുണം ചെയ്യില്ലെന്നും കണ്ണൂരിന്റെ വികസനത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു.

വിലസുക എന്നത് ഒരു മോശം വാക്കല്ലെന്നും എം. വി ജയരാജന്റെ പരാമർശത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. സദാനന്ദന് പ്രവർത്തിക്കാൻ എം.വി ജയരാജന്റെ തിട്ടൂരം വേണ്ടെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് പറഞ്ഞു. സദാനന്ദന്റെ കാൽ വെട്ടിമാറ്റിയ കേസിലെ പ്രതികൾക്ക് യാത്രയയപ്പ് നൽകിയ കെ.കെ ശൈലജ എംഎൽഎ സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയതെന്നും അവർ രാജിവെച്ചൊഴിയണമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: 'My qualification to become an MP is that I am part of the RSS' says C Sadanandan

To advertise here,contact us