അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്‌സ് സംഘടനയെ ഇനി വനിതകൾ നയിക്കുമെന്നത് നല്ല വാർത്ത: മന്ത്രി വി ശിവൻകുട്ടി

അമ്മയുടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് നടി ശ്വേതാ മേനോനായിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്

തിരുവനന്തപുരം: സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രധാന സ്ഥാനങ്ങളിലേക്ക് വനിതകള്‍ തെരഞ്ഞെടുക്കപ്പെട്ടതിൽ അഭിനന്ദനവുമായി മന്ത്രി വി ശിവന്‍കുട്ടി. അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്‌സ് സംഘടനയെ ഇനി വനിതകള്‍ നയിക്കുമെന്നത് നല്ല വാര്‍ത്തയാണെന്ന് മന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

അമ്മയുടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് നടി ശ്വേതാ മേനോനായിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്. ദേവനായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. ശ്വേത 159 വോട്ടുകള്‍ നേടിയപ്പോള്‍ ദേവന് നേടാനായത് 132 വോട്ടുകള്‍ മാത്രമായിരുന്നു. ആറ് വോട്ടുകള്‍ അസാധുവായി. വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ജയന്‍ ചേര്‍ത്തല, ലക്ഷ്മിപ്രിയ, നാസര്‍ ലത്തീഫ് എന്നിവരായിരുന്നു മത്സര രംഗത്ത് ഉണ്ടായിരുന്നത്. ജയന്‍ ചേര്‍ത്തലയും ലക്ഷ്മിപ്രിയയും വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. ജയന്‍ ചേര്‍ത്തലയ്ക്ക് 267 വോട്ടുകളും ലക്ഷ്മിപ്രിയക്ക് 139 വോട്ടുകളുമാണ് ലഭിച്ചത്. നാസർ ലത്തീഫ് 96 വോട്ടുകളും നേടി.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് കുക്കു പരമേശ്വരനാണ് തെരഞ്ഞെടുക്കപ്പെട്ടത്. 172 വോട്ടുകളാണ് കുക്കു നേടിയത്. രവീന്ദ്രന്‍ 115 വോട്ടുകളും നേടി. പതിനൊന്ന് വോട്ടുകള്‍ അസാധുവായി. ട്രഷററായി ഉണ്ണി ശിവപാല്‍ തെരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിയായി അന്‍സിബ ഹസന്‍ നേരത്തേ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Content Highlights- Minister v sivankutty congrats to association of malayalam movie artists new team

To advertise here,contact us