പത്തനംതിട്ട: സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ മന്ത്രി കെ രാജനെതിരെ വിമർശനം. പ്രതിനിധി സമ്മേളനത്തിലെ ചർച്ചക്കിടെയായിരുന്നു പ്രതിനിധികൾ മന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചത്. തൃശ്ശൂർ ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിയിൽ മന്ത്രി കെ രാജന് ധാർമിക ഉത്തരവാദിത്വം ഉണ്ടെന്ന വിമർശനമാണ് പ്രതിനിധികൾ ഉയർത്തിയത്. പൂരം അലങ്കോലപ്പെട്ടതിലും മന്ത്രി കെ രാജന് ധാർമിക ഉത്തരവാദിത്വം ഉണ്ടെന്ന് വിമർശനം ഉയർന്നു.
മന്ത്രി വീണ ജോർജിനെതിരെയും സമ്മേളനത്തിൽ വിമർശനം ഉയർന്നു. ആരോഗ്യ മേഖലയെ മന്ത്രി വീണാ ജോർജ് തകർത്തു എന്നായിരുന്നു വിമർശനം. നവ കേരള സദസ്സ് നടത്തിപ്പിൽ ധൂർത്ത് നടന്നുവെന്നും വിമർശനം ഉയർന്നു. ഇതിനിടെ അടൂരിൽ നിന്നുള്ള ഗ്രൂപ്പ് ചർച്ചയെ ചൊല്ലി നേതാക്കൾ തമ്മിൽ തർക്കമുണ്ടായി. ജില്ലാ നേതൃത്വം ഇടപെട്ട് തർക്കം അവസാനിപ്പിക്കുകയായിരുന്നു.
സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ രാഷ്ട്രീയ റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനം. സംസ്ഥാനത്ത് കൊടും കുറ്റവാളികൾക്ക് സംരക്ഷണം ലഭിക്കുന്നുവെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്. കൊടി സുനിയേപ്പോലുള്ളവർ ജയിൽ വിശ്രമ, വിനോദ കേന്ദ്രം പോലെ ഉപയോഗിക്കുന്നതായും രാഷ്ട്രീയ റിപ്പോർട്ടിൽ പറയുന്നു.
പൊലീസുകാർ അമിതാധികാരം ഉപയോഗിക്കുന്നതായും എഡിജിപി എം ആർ അജിത് കുമാറിനെപ്പോലെയുള്ളവർ മന്ത്രിമാരെപ്പോലും അംഗീകരിക്കുന്നില്ലെന്നും റിപ്പോർട്ടിൽ വിമർശനം ഉണ്ട്. കാപ്പാ, പോക്സോ കേസ് പ്രതികൾക്ക് രാഷ്ട്രീയ സ്വീകരണം ലഭിക്കുന്ന സാഹചര്യമുണ്ട്. സർക്കാർ വകുപ്പുകളിൽ കുടുംബ ശ്രീ അംഗങ്ങളെ തിരുകിക്കയറ്റുകയാണെന്നും ഇത് പിഎസ്സിയേയും എംപ്ലോയ്മെന്റ് എക്സേഞ്ചിനെയും നോക്ക് കുത്തിയാക്കുകയാണെന്നും രാഷ്ട്രീയ റിപ്പോർട്ടിൽ വിമർശിച്ചിരുന്നു.
സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ഉദ്ഘാടനം ചെയ്തത്. ആട്ടിൻ തോലിട്ട ചെന്നായ്ക്കളെപ്പോലെയാണ് ബിജെപി നേതൃത്വം ക്രൈസ്തവ സഭകളുടെ അടുത്തേക്ക് വരുന്നതെന്ന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവേ ബിനോയ് വിശ്വം പറഞ്ഞിരുന്നു.
Content Highlights: Minister Rajan criticized at CPI Pathanamthitta district conference