'ഗർവ്വികളോട് കൂടെ കവർച്ച പങ്കിടുന്നതിനേക്കാൾ താഴ്മയുളളവരോട് കൂടെ താഴ്മയുളളവനായിരിക്കുന്നത് നല്ലത്'

മന്ത്രിയെന്നല്ല, എംഎല്‍എ ആകാന്‍ പോലും മന്ത്രി വീണയ്ക്ക് യോഗ്യത ഇല്ല എന്നായിരുന്നു ജോണ്‍സണ്‍ പി ജെയുടെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പാര്‍ട്ടി നടപടി നേരിട്ടതിനു പിന്നാലെ വീണ്ടും പോസ്റ്റുമായി സിപിഐഎം പത്തനംതിട്ട ഇലന്തൂർ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന ജോണ്‍സണ്‍ പി ജെ. 'ഗര്‍വ്വികളോട് കൂടെ കവര്‍ച്ച പങ്കിടുന്നതിനേക്കാള്‍ താഴ്മയുളളവരോടു കൂടെ താഴ്മയുളളവനായിരിക്കുന്നതാണ് നല്ലത്' എന്നാണ് ജോണ്‍സണ്‍ പി ജെയുടെ ഫേസ്ബുക്ക് പോസ്റ്റ്. മൂന്നുമാസത്തേക്കാണ് ജോണ്‍സനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ച സംഭവത്തിലാണ് മന്ത്രി വീണാ ജോര്‍ജിനെതിരെ സിപിഐഎം നേതാക്കള്‍ തന്നെ വിമര്‍ശനവുമായി രംഗത്തുവന്നത്. സംഭവത്തിൽ സിഡബ്ല്യുസി മുന്‍ ചെയര്‍മാന്‍ അഡ്വ. എന്‍ രാജീവിനെതിരെയും പാർട്ടി നടപടി എടുത്തിരുന്നു. രാജീവിനെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. മന്ത്രിയെന്നല്ല, എംഎല്‍എ ആകാന്‍ പോലും മന്ത്രി വീണയ്ക്ക് യോഗ്യത ഇല്ല എന്നായിരുന്നു ജോണ്‍സണ്‍ പി ജെയുടെ ഫേസ്ബുക്ക് പോസ്റ്റ്.

മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയില്‍ ചികിത്സ തേടിയതിനെയായിരുന്നു എന്‍ രാജീവ് പരോക്ഷമായി വിമര്‍ശിച്ചത്. സ്‌കൂളില്‍ കേട്ടെഴുത്ത് ഉണ്ടെങ്കില്‍ വയറുവേദന വരുമെന്നും വയറുവേദന എന്ന് പറഞ്ഞ് വീട്ടില്‍ ഇരിക്കുമെന്നുമായിരുന്നു രാജീവ് പരിഹസിച്ചത്. ഒത്താല്‍ രക്ഷപ്പെട്ടു എന്നാണ് അവസ്ഥയെന്നും എന്നാണ് രാജീവ് പറഞ്ഞത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് രോഗിയുടെ കൂട്ടിരിപ്പുകാരി മരിച്ച സംഭവം വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു.

Content Highlights: Cpim leader johnson pj facebook post against veena george

To advertise here,contact us