നമ്മുടെ ദേശീയതയെ വക്രീകരിച്ച് ഭിന്നിപ്പുണ്ടാക്കാൻ പ്രതിലോമ ശക്തികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നു: മുഖ്യമന്ത്രി

രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ നിന്നും പൊതുജനശ്രദ്ധ തിരിച്ചുവിടാന്‍ വര്‍ഗീയ ധ്രുവീകരണത്തിന് കോപ്പുകൂട്ടുകയാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സാമൂഹികവും സാമുദായികവുമായ എല്ലാ വേര്‍തിരിവുകളെയും അതിജീവിച്ച് ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി ദേശീയ പ്രസ്ഥാനത്തില്‍ അണിനിരന്നതിന്റെ ഫലമാണ് നാം നേടിയെടുത്ത സ്വാതന്ത്ര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രാദേശികവും ഭാഷാപരവും സമുദായികപരവുമായ വൈവിധ്യങ്ങളുടെ കലവറയാണ് ഈ രാജ്യമെന്ന് പിണറായി വിജയന്‍ ഫേസ്ബുക്കിൽ കുറിച്ചു.

'മതനിരപേക്ഷതയിലും മൈത്രിയിലും സഹവര്‍ത്തിത്വത്തിലും ഊന്നിയ നമ്മുടെ ദേശീയതയെ വക്രീകരിച്ച് ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ പ്രതിലോമ ശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. തെറ്റായ ഭരണനയങ്ങളെ വിമര്‍ശിച്ച് തിരുത്താന്‍ ശ്രമിക്കുന്നത് രാജ്യദ്രോഹമാണെന്ന് മുറവിളി കൂട്ടുകയാണ് ഈ ശക്തികള്‍. നമ്മുടെ ദേശീയപ്രസ്ഥാനത്തിന്റെ മഹത്തായ പാരമ്പര്യത്തെ താറടിച്ചുകാണിക്കാനാണ് ഇവര്‍ മുതിരുന്നത്. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ നിന്നും പൊതുജനശ്രദ്ധ തിരിച്ചുവിടാന്‍ വര്‍ഗീയ ധ്രുവീകരണത്തിന് കോപ്പുകൂട്ടുകയാണ്. ഉന്നതമായ ജനാധിപത്യ സംസ്‌കാരം പുലരുന്ന ഒരു രാഷ്ട്രത്തിന് ചേര്‍ന്നതാണോ ഈ പ്രവണതകളെന്ന് നാം ആത്മപരിശോധന നടത്തേണ്ട സന്ദര്‍ഭം കൂടിയാണ് ഈ സ്വാതന്ത്ര്യദിനം', മുഖ്യമന്ത്രി പറഞ്ഞു.

ഐതിഹാസികമായ സമരപോരാട്ടങ്ങളിലൂടെ സ്വാതന്ത്ര്യം നേടിയെടുത്ത ജനതയാണ് നാമെന്നും നമ്മുടെ ജനാധിപത്യ സംസ്‌കാരമെന്നത് മാനവികതയിലും പരസ്പരസ്‌നേഹത്തിലും അടിയുറച്ചതാണെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളുള്ള രാജ്യമായി ഇന്ത്യയെ മാറ്റിത്തീര്‍ക്കുകയെന്നത് രാഷ്ട്രനിര്‍മ്മാതാക്കള്‍ നമുക്ക് കൈമാറിയ വലിയ കടമ കൂടിയാണ്. ഇന്നലെകള്‍ നല്‍കിയ കരുത്തും പാഠങ്ങളും ഉള്‍ക്കൊണ്ട് ഒരു പുതിയ നാളെ നമുക്ക് സൃഷ്ടിക്കേണ്ടതുണ്ട്. എല്ലാവരും തുല്യരായി ജീവിക്കുന്ന ഒരു പുതിയ ഇന്ത്യ സൃഷ്ടിക്കാന്‍ ഈ സ്വാതന്ത്ര്യ ദിനം നമുക്ക് ഊര്‍ജ്ജം പകരട്ടെയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാഗമായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തി. ശേഷം സംസ്ഥാനത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി സംസാരിച്ചു. ഒരുമ ഇല്ലാതാക്കാൻ രാജ്യത്തിന് അകത്തുള്ളവർ ശ്രമിക്കുന്നുണ്ട്. ഒരുമയെ ഛിദ്രമാക്കാൻ പോരുന്ന വിപൽക്കരമായ ഭീഷണികൾ ഉയർത്തുന്നു. വർഗീയ ശക്തികൾ ജാതിയും മതവും പറയുന്നുവെന്നും ഇന്ത്യ എന്ന വികാരത്തെ ഛിദ്രമാക്കാനാണ് ശ്രമമെന്നും ഇതിനെ ചെറുത്ത് തോൽപ്പിക്കാൻ നമുക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: CM Pinarayi Vijayan on Independence day

To advertise here,contact us