ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കാൽ നക്കാൻ ആർഎസ്എസ് പോയി; മോദിയുടെ പുകഴ്ത്തലില്‍ ബിനോയ് വിശ്വം

അവരാണ് ഏറ്റവും വലിയ ദേശസ്‌നേഹികൾ എന്ന് ആര്‍എസ്എസ് തന്നെ പറയുന്നു. ഇത്തരം വ്യാഖ്യാനങ്ങളെ പുച്ഛത്തോടെ തള്ളിക്കളയുകയാണെന്ന് ബിനോയ് വിശ്വം

പത്തനംതിട്ട: സ്വാതന്ത്ര്യദിന പ്രസംഗത്തിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആർഎസ്എസ് പുകഴ്ത്തലിനു പിന്നാലെ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആർഎസ്എസ് ഒരു സാംസ്‌കാരിക പ്രസ്ഥാനമെന്ന് നേതൃത്വം പറയുന്നു, അവരാണ് ഏറ്റവും വലിയ ദേശസ്‌നേഹികൾ എന്ന് അവർതന്നെ പറയുന്നു. ഇത്തരം വ്യാഖ്യാനങ്ങളെ പുച്ഛത്തോടെ തള്ളിക്കളയുകയാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.

സവർക്കറെ ആർഎസ്എസ് വീര സവർക്കർ എന്ന് വിളിക്കുന്നു. അദ്ദേഹം ജയിൽവാസം അനുഭവിച്ചു എന്നാണ് ആർഎസ്എസ് പറയുന്നത്. സവർക്കർ എഴുതിയ കത്തുകൾ മാപ്പപേക്ഷയായിരുന്നു. ബ്രിട്ടീഷ് രാജ്ഞിക്കാണ് കത്തയച്ചത്. വഴിതെറ്റിപ്പോയ പുത്രനോട് അലിവ് തോന്നി വിട്ടയച്ചാൽ ആജ്ഞാനുവർത്തിയായി പ്രവർത്തിക്കാം എന്നാണ് അദ്ദേഹം അറിയിച്ചത്. അതാണ് വീര സവർക്കർ എന്നും ബിനോയ് വിശ്വം പറഞ്ഞു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കാൽ നക്കാൻ ആർഎസ്എസ് പോയെന്നും അദ്ദേഹം വിമർശിച്ചു.

ബിജെപി നേതാക്കളിൽ നിന്നും കേക്ക് വാങ്ങാൻ ചിലർ കൈ നീട്ടുകയാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. ആട്ടിൻതോലിട്ട ചെന്നായ്ക്കളെ പോലെയാണ് ബിജെപി നേതൃത്വം വരുന്നത്. എന്തോ കാരണത്താൽ ബിജെപിയുമായി ചിലർ ചങ്ങാത്തം കൂടുന്നു. രാജ്യത്തിന്റെ ശത്രു ആയാണ് ഇവരെ ബിജെപി നേതൃത്വം കാണുന്നത്. ബിജെപിയിൽ നിന്ന് നന്മ പ്രതീക്ഷിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

കമ്മ്യൂണിസ്റ്റുകാർ പാവങ്ങൾക്ക് വേണ്ടിയാണ് നിൽക്കുന്നത്. ബാബരി മസ്ജിദ് പൊളിച്ചപ്പോൾ സ്‌നേഹമതിൽ കെട്ടിത്തീർത്തത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ നിന്ന് വിറച്ചപ്പോൾ അവർക്ക് അഭയം നൽകിയത് പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക ഇന്ത്യയുടെ നെഞ്ചത്ത് കയറുമ്പോൾ 56 ഇഞ്ച് വലിപ്പം എവിടെപോയെന്നും ബിനോയ് വിശ്വം ചോദിച്ചു.

Content Highlights: Binoy Viswam against RSS

To advertise here,contact us