തിരുവനന്തപുരം: എഡിജിപി എം ആര് അജിത് കുമാറിനെതിരെ കേസെടുക്കാന് മതിയായ തെളിവുണ്ടെന്ന് തിരുവനന്തപുരം വിജിലന്സ് കോടതി. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് പ്രഥമദൃഷ്ട്യാ നിലനില്ക്കുമെന്ന് കോടതി വ്യക്തമാക്കി. അജിത് കുമാറിനെതിരെ അന്വേഷണം നടത്താന് പര്യാപ്തമായ കേസാണിതെന്നും അദ്ദേഹം കുറ്റകൃത്യം നടത്തിയെന്ന് കരുതേണ്ടിവരുമെന്നും കോടതി പറഞ്ഞു.
വിജിലൻസിനെതിരെ വിചാരണക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ അനുമതി തേടിയല്ല വിജിലൻസ് അന്വേഷണം നടത്തേണ്ടത്. ഇത് നിയമ തത്വങ്ങൾക്ക് എതിരാണെന്നും വിജിലൻസ് കോടതി ചൂണ്ടിക്കാണിച്ചു. മുഖ്യമന്ത്രിയുടെ അനുമതി തേടിയതെന്തിനെന്നതിൽ വ്യക്തതയില്ല. എം ആർ അജിത് കുമാറിനെ കുറ്റവിമുക്തനാക്കാൻ രാഷ്ട്രീയ നേതൃത്വം ഇടപെട്ടതാണ് പ്രശ്നം. എംആർ അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ മുഖ്യമന്ത്രിയുടെ അനുമതി വേണ്ട. ക്ലീൻചിറ്റ് അംഗീകരിച്ച മുഖ്യമന്ത്രിയുടെ നടപടി നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച വിജിലൻസ് കോടതി ഇക്കാര്യത്തിൽ കൂടുതൽ പരാമർശം നടത്തുന്നില്ലെന്നും വ്യക്തമാക്കി.
പരാതിക്കാരന് ഉയര്ത്തിയ ആക്ഷേപങ്ങള് തളളിക്കളയാനാകില്ലെന്നും അജിത് കുമാറിനെതിരായ അന്വേഷണം നിയമാനുസൃതമല്ലെന്നും കോടതി പറഞ്ഞു. അപാകതകളോടെയാണ് അന്വേഷണമെങ്കില് അജിത് കുമാറിന് ഗുണഫലം ലഭിക്കുമെന്ന് പറഞ്ഞ കോടതി, മതിയായ തെളിവുകളില്ലെന്ന പ്രോസിക്യൂഷന് വാദം തളളി.
വിജിലന്സ് വസ്തുതാപരമായി അന്വേഷിച്ചില്ലെന്ന് കോടതി പറഞ്ഞു. ആക്ഷേപമുയര്ത്തിയ കാലത്തെ വരുമാനം അന്വേഷണ ഉദ്യോഗസ്ഥര് പരിശോധിച്ചില്ല. വസ്തു വാങ്ങാനായി ഉപയോഗിച്ച പണം എവിടെനിന്നും വന്നുവെന്നും പരിശോധിച്ചില്ല. വരുമാനവും സ്വത്തും ആനുപാതികമാണോ എന്നും പരിശോധിച്ചില്ല. വിജിലന്സ് മാനുവല് അനുസരിച്ചായിരുന്നില്ല അന്വേഷണം. അന്വേഷണത്തിന് സുപ്രീംകോടതിയുടെ മാര്ഗനിര്ദേശങ്ങളും പാലിച്ചില്ല. പരാതിക്കാരന്റെ ഭാഗം കേട്ടല്ല അന്വേഷണ ഉദ്യോഗസ്ഥന് അന്വേഷണ റിപ്പോര്ട്ട് നല്കിയതെന്നും കോടതി പറഞ്ഞു.
നിയമ നടപടികളുമായി പരാതിക്കാരന് മുന്നോട്ടുപോകാമെന്നും കേസ് തെളിയിക്കാന് വിജിലന്സിന്റെ രേഖകളും ഉപയോഗിക്കാമെന്നും കോടതി വ്യക്തമാക്കി. എംആര് അജിത് കുമാര് ഏഴ് കോടി രൂപയുടെ പത്ത് സെന്റ് വസ്തു വാങ്ങിയെന്നും 12,000 സ്ക്വയര്ഫീറ്റ് വിസ്തൃതിയുളള മണിമാളിക നിര്മ്മിച്ചുവെന്നുമാണ് ആക്ഷേപം. 8.40 കോടി രൂപയുടെ 12 സെന്റ് വസ്തു ബിനാമി പേരില് കവടിയാറില് വാങ്ങിയെന്നും ആക്ഷേപമുണ്ട്.
Content Highlights: There is sufficient evidence to file a case against MR Ajith Kumar: Thiruvananthapuram Vigilance Court