ചങ്കൂറ്റമുണ്ടെങ്കിൽ നിയമസഭാതെരഞ്ഞെടുപ്പിൽ തൃശൂർ വന്ന് മത്സരിക്ക്: കെ സുരേന്ദ്രനെ വെല്ലുവിളിച്ച് സന്ദീപ് വാര്യർ

'ഈ കക്ഷിയല്ലേ പണ്ട് മഞ്ചേശ്വരത്ത് പതിനയ്യായിരം കളളവോട്ട് ചെയ്തുവെന്ന് പറഞ്ഞ് കോടതിയില്‍ പോയത്? സുരേന്ദ്രന്‍ തൂങ്ങിച്ചത്തോ? സുരേന്ദ്രന്‍ തൂങ്ങിച്ചത്തില്ല എന്ന് മാത്രമല്ല കേസ് പിന്‍വലിച്ച് കണ്ടംവഴി ഓടുകയാണ് ചെയ്തത്': സന്ദീപ് വാര്യർ പറഞ്ഞു

തൃശൂര്‍: തൃശൂരില്‍ കളളവോട്ട് ചേര്‍ത്തതിനെ ന്യായീകരിച്ച ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാണ് സന്ദീപ് വാര്യര്‍ കെ സുരേന്ദ്രനെ വെല്ലുവിളിച്ചത്. ചങ്കൂറ്റമുണ്ടെങ്കില്‍ തൃശൂര്‍ ടൗണ്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കണമെന്നും സുരേന്ദ്രനെ കോണ്‍ഗ്രസും യുഡിഎഫും ചേര്‍ന്ന് പരാജയപ്പെടുത്തുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. വോട്ട് കൊളളയ്‌ക്കെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന ഫ്രീഡം ലൈറ്റ് നൈറ്റ് മാര്‍ച്ചില്‍ സംസാരിക്കവെയാണ് അദ്ദേഹം സുരേന്ദ്രനെ വെല്ലുവിളിച്ചത്.

'എന്തിനാണ് സുരേന്ദ്രാ വേറെ ആളുകളുടെ പേര് പറയുന്നത്? സുരേന്ദ്രനെ ഞാന്‍ വെല്ലുവിളിക്കുകയാണ്, ആണത്തമുണ്ടെങ്കില്‍, ചങ്കൂറ്റമുണ്ടെങ്കില്‍, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ടൗണ്‍ മണ്ഡലത്തില്‍ വന്ന് മത്സരിക്ക്. കോണ്‍ഗ്രസ് നിങ്ങളെ പരാജയപ്പെടുത്തും. യുഡിഎഫ് നിങ്ങളെ പരാജയപ്പെടുത്തും. സുരേന്ദ്രന്‍ ആ ഹെലികോപ്റ്റര്‍ ഒന്ന് തിരിച്ച് തൃശൂരില്‍ ലാന്‍ഡ് ചെയ്യണം. കേരളം മുഴുവന്‍ നടന്ന്, പറന്ന് മത്സരിച്ചതല്ലേ? ഇനി തൃശൂര്‍ കൂടിയല്ലേ ബാക്കിയുളളൂ, ഇവിടെക്കൂടി മത്സരിക്ക്, ഞങ്ങള്‍ തോല്‍പ്പിച്ച് വിട്ട് കാണിച്ചുതരാം. കോണ്‍ഗ്രസ് പ്രസ്ഥാനം ഒന്നിച്ചുനിന്ന്, യുഡിഎഫ് ഒറ്റക്കെട്ടായി തൃശൂര്‍ തിരിച്ചുപിടിക്കാന്‍ പോവുകയാണ്'- സന്ദീപ് വാര്യര്‍ പറഞ്ഞു.

പാര്‍ട്ടി ഫണ്ട് അടിച്ചുമാറ്റുന്ന കാര്യമാണെങ്കിലും കളളവോട്ട് വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുന്ന കാര്യമാണെങ്കിലും അതുപോലും വൃത്തിക്ക് ചെയ്യാന്‍ കഴിയാത്ത സാധനങ്ങളാണ് തൃശൂരിലെ ബിജെപി ഓഫീസിലിരിക്കുന്നതെന്ന് ആവര്‍ത്തിച്ച് തെളിയിക്കപ്പെടുകയാണെന്നും അദ്ദേഹം പരിഹസിച്ചു. തൃശൂരില്‍ വ്യാപകമായി കളളവോട്ട് ചെയ്തിട്ടുണ്ടെന്നത് വസ്തുതയാണെന്നും പൊന്നാനിയില്‍ നിന്നും ആലത്തൂരില്‍ നിന്നും ചാലക്കുടിയില്‍ നിന്നും ഒക്കെ പതിനായിരക്കണക്കിന് കളളവോട്ടുകള്‍ കൊണ്ടുവന്ന് ചേര്‍ത്തിട്ടുണ്ടെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

'ഞങ്ങള്‍ അറുപതിനായിരം കളളവോട്ട് ചേര്‍ത്തപ്പോള്‍ നിങ്ങള്‍ക്ക് തടയാന്‍ പറ്റിയില്ലല്ലോ, നിങ്ങള്‍ക്ക് പോയി തൂങ്ങിച്ചത്തൂടെ എന്നാണ് സുരേന്ദ്രന്‍ ഇന്നലെ കേരളത്തിലെ പൊതുസമൂഹത്തോട് ചോദിച്ചത്, ഈ കക്ഷിയല്ലേ പണ്ട് മഞ്ചേശ്വരത്ത് പതിനയ്യായിരം കളളവോട്ട് ചെയ്തുവെന്ന് പറഞ്ഞ് കോടതിയില്‍ പോയത്? സുരേന്ദ്രന്‍ തൂങ്ങിച്ചത്തോ? സുരേന്ദ്രന്‍ തൂങ്ങിച്ചത്തില്ല എന്ന് മാത്രമല്ല കേസ് പിന്‍വലിച്ച് കണ്ടംവഴി ഓടുകയാണ് ചെയ്തത്. ആ സുരേന്ദ്രനാണ് ചോദിക്കുന്നത് നിങ്ങള്‍ക്ക് തൂങ്ങിച്ചത്തൂടെ എന്ന്. എന്ത് ഭാഷയാണത്? എന്നിട്ട് യുഡിഎഫിനോട് ഒരു വെല്ലുവിളിയാണ്, തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ അടുത്ത തവണ ധൈര്യമുണ്ടെങ്കില്‍ മത്സരിക്കാന്‍ വാ, ഞങ്ങള്‍ ശോഭാ സുരേന്ദ്രനെ നിര്‍ത്തും എന്ന്.

പഴയ സിനിമയില്‍ എനിക്ക് പകരം രമണന്‍ ഗോദയിലേക്ക് ഇറങ്ങും എന്ന് പറഞ്ഞതുപോലെ. ശോഭ എവിടെയും ജയിക്കരുതെന്ന് സുരേന്ദ്രന് നിര്‍ബന്ധമുണ്ട്. അതുകൊണ്ടാണ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ തന്നെ കൊണ്ടുവന്ന് നിര്‍ത്തണം എന്ന് പറഞ്ഞത്. സുരേന്ദ്രന്‍ പ്രസിഡന്റായിരുന്ന കാലത്ത് ആ പാവത്തിന് ജയിക്കാവുന്ന ഒരു മണ്ഡലവും കൊടുത്തിട്ടില്ല. അവിടെ മുഴുവന്‍ അടിവലിയായിരുന്നു. പോയ ഇടങ്ങളിലെല്ലാം ശോഭ സുരേന്ദ്രനെതിരെ പരാതികൊടുത്തിട്ടുണ്ട്. എന്നിട്ടിപ്പോ വീണ്ടും ആ പാവത്തിനലെ ബലിയാടാക്കാനായി ആപ്പുവെച്ചിട്ട് പോയിരിക്കുകയാണ്'- സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്ത് സ്ഥിരതാമസമുള്ള സുരേഷ് ഗോപിയുടേയും കുടുംബത്തിന്റേയും സുരേഷ് ഗോപിയുടെ ഡ്രൈവറുടേതും അടക്കം വോട്ട് തൃശ്ശൂരില്‍ ചേര്‍ത്തതിനെയാണ് കെ സുരേന്ദ്രൻ ന്യായീകരിച്ചത്. ഇന്ത്യന്‍ പൗരന്‍ ആറ് മാസത്തില്‍ കൂടുതല്‍ സ്ഥിരതാമസമുള്ള സ്ഥലത്ത് വോട്ട് ചേര്‍ക്കാമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. വിരലില്‍ എണ്ണാവുന്ന ഏതെങ്കിലും ചില വോട്ടുകള്‍വെച്ചാണ് കോണ്‍ഗ്രസും സിപിഐഎമ്മും ബിജെപിക്കെതിരെ തിരിഞ്ഞത്. സുരേഷ് ഗോപി ഒരു വര്‍ഷം സമ്പൂര്‍ണ്ണമായി തൃശ്ശൂരിലുണ്ടായിരുന്നുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. 60,000 കള്ളവോട്ട് എംഎല്‍എ പോലും ഇല്ലാത്ത പാര്‍ട്ടി ഇവിടെ ചേര്‍ക്കുമ്പോള്‍ സിപിഐഎമ്മും കോണ്‍ഗ്രസും എന്തെടുക്കുവായിരുന്നുവെന്നും കെ സുരേന്ദ്രന്‍ പരിഹസിച്ചു. അതിലും നല്ലത് കെട്ടിത്തൂങ്ങി ചാവുന്നതാണെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

Content Highlights: Sandeep Warrier challenges K Surendran to contest from thrissur constituency

To advertise here,contact us