അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അജിത് കുമാറിന് തിരിച്ചടി; ക്ലീൻചിറ്റ് നല്‍കിയ അന്വേഷണ റിപ്പോർട്ട് കോടതി തള്ളി

വീട് നിര്‍മ്മാണം, ഫ്ളാറ്റ് വാങ്ങല്‍, സ്വര്‍ണ്ണക്കടത്ത് എന്നിവയില്‍ അജിത്കുമാര്‍ അഴിമതി നടത്തിയതായി കണ്ടെത്താനായില്ലെന്നായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്

കൊച്ചി: അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് തിരിച്ചടി. ക്ലീന്‍ചിറ്റ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം സ്‌പെഷ്യല്‍ വിജിലന്‍സ് കോടതി തള്ളി. കോടതി നേരിട്ട് പരാതിക്കാരൻ നാഗരാജിന്‍റെ മൊഴി രേഖപ്പെടുത്തും. വീട് നിര്‍മ്മാണം, ഫ്ളാറ്റ് വാങ്ങല്‍, സ്വര്‍ണ്ണക്കടത്ത് എന്നിവയില്‍ അജിത്കുമാര്‍ അഴിമതി നടത്തിയതായി കണ്ടെത്താനായില്ലെന്നായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുന്‍ എംഎല്‍എ പി വി അന്‍വറും വിഷയം ഉന്നയിച്ചിരുന്നു.

1994 മുതല്‍ 2025 വരെയുള്ള വാര്‍ഷിക ആസ്തി സ്റ്റേറ്റ്‌മെന്റും ഇന്‍കം ടാക്‌സ് റിട്ടേണുകളും ശേഖരിക്കാതെയുള്ള അന്വേഷണം പ്രഹസനം മാത്രമായിരുന്നുവെന്ന് പരാതിക്കാരനായ നാഗരാജ് ഉന്നയിച്ചു. വീട്, ഫ്‌ളാറ്റ് എന്നിവ റെയ്ഡ് ചെയ്ത് നിര്‍ണ്ണായക രേഖകള്‍ കണ്ടെടുത്തില്ല. സ്വര്‍ണ്ണം, വെള്ളി, വജ്രം ഉള്‍പ്പെടെയുള്ള വസ്തുവകകള്‍ എന്നിവ റവന്യൂ അധികാരികള്‍, ഗവ:പിഡബ്ല്യുഡി അധികൃതര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധിച്ച് തിട്ടപ്പെടുത്തി മൂല്യ നിര്‍ണ്ണയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ല. ബാങ്ക് അക്കൗണ്ട്, സ്ഥിര നിക്ഷേപ രസീതുകള്‍, ബാങ്ക് ലോക്കറുകള്‍ എന്നിവ പരിശോധിച്ചിട്ടില്ല.സ്ഥാവര-ജംഗമ സ്വത്തുക്കള്‍ വാങ്ങല്‍, വില്‍ക്കല്‍ എന്നിവക്ക് ആള്‍ഇന്ത്യ സര്‍വീസ് പെരുമാറ്റ ചട്ടം 1968 പ്രകാരമുള്ള അനുമതി ഉത്തരവ് ഹാജരാക്കിയിട്ടില്ല. മറച്ചു വെച്ച സ്ഥാവര ജംഗമ ആസ്തികള്‍ കണ്ടെത്താന്‍ രജിസ്‌ട്രേഷന്‍ ഐജി, ലാന്റ് റവന്യൂ കമ്മീഷണര്‍ എന്നിവര്‍ക്ക് കത്ത് നല്‍കി വിവരം ലഭ്യമാക്കിയിട്ടില്ല. മൊബൈല്‍ ഫോണ്‍ കാള്‍ റെക്കോര്‍ഡ് ഡീറ്റെയില്‍സ് നോഡല്‍ ഓഫീസര്‍മാരില്‍ നിന്ന് ശേഖരിച്ചിട്ടില്ല. പ്രതികളുടെ ഫോണ്‍വിളി, ടവര്‍ ലൊക്കേഷന്‍ സാന്നിധ്യം എന്നിവ ഹൈടെക് എന്‍ക്വയറി സെല്‍ മുഖേന അന്വേഷിച്ചില്ല. നിയമപരമായ വരുമാനം, വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം എന്നിവ വേര്‍തിരിച്ച് സാമ്പത്തിക വര്‍ദ്ധന ശതമാനം രേഖപ്പെടുത്തിയ ചെക്ക് പിരീയഡ് കണക്കാക്കിയില്ല. മലപ്പുറം എസ്പി ഓഫീസില്‍ നിന്ന് കടത്തിയ തേക്കു മരത്തടികള്‍ കണ്ടെത്തിയില്ല. പ്രതികളെ കുറ്റപ്പെടുത്തുന്ന തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാതെ ബോധപൂര്‍വ്വം മറച്ചു വെച്ചു. കവടിയാര്‍ ബഹുനില കെട്ടിട നിര്‍മ്മാണം 3.58 കോടി പ്രോജക്റ്റ് ചെലവാണെന്ന് വഞ്ചിയൂര്‍ എസ്ബിഐ ഹോം ലോണ്‍ ചീഫ് മാനേജര്‍ പ്രശാന്ത് കുമാറിന്റെ മൊഴി വിജിലന്‍സ് അവഗണിച്ചുവെന്നും നാഗരാജ് ഉന്നയിച്ചു. ഇക്കാര്യങ്ങൾ കോടതി മുഖവിലക്കെടുക്കുകയായിരുന്നു.

കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്തിന് മലപ്പുറം എസ് പി സുജിത് ദാസ് ഒത്താശ ചെയ്തെന്നും ഇതിന്റെ വിഹിതം അജിത് കുമാറിന് ലഭിച്ചുവെന്നുമായിരുന്നു അന്‍വറിന്റെ ആരോപണം. എന്നാല്‍ പൂര്‍ണ്ണമായും തെറ്റാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്താനായതെന്നായിരുന്നു വിജിലൻസ് റിപ്പോര്‍ട്ട്.

ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന് തൊട്ടുമുന്‍പ് 2016 ഫെബ്രുവരി പത്തൊന്‍പതിന് കവടിയാറില്‍ അജിത് കുമാര്‍ ഫ്ളാറ്റ് വാങ്ങി. 33,80,100 രൂപയായിരുന്നു അതിന്റെ വില. പത്ത് ദിവസത്തിന് ശേഷം 65 ലക്ഷം രൂപയ്ക്ക് ഈ ഫ്ളാറ്റ് വിറ്റു. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും ഫ്ളാറ്റ് ആരാണ് വാങ്ങിയതെന്നത് അടക്കമുള്ള വിഷയങ്ങള്‍ അന്വേഷിക്കണമെന്നും പി വി അന്‍വര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ രേഖകളും പി വി അന്‍വര്‍ പുറത്തുവിട്ടിരുന്നു.

Content Highlights: ADGP MR Ajith Kumar suffers setback in disproportionate assets case

To advertise here,contact us