തൃശ്ശൂര്: തിരുവനന്തപുരത്ത് സ്ഥിരതാമസമുള്ള സുരേഷ് ഗോപിയുടേയും കുടുംബത്തിന്റേയും സുരേഷ് ഗോപിയുടെ ഡ്രൈവറുടേതും അടക്കം വോട്ട് തൃശ്ശൂരില് ചേര്ത്തതിനെ ന്യായീകരിച്ച് ബിജെപി മുന് അധ്യക്ഷന് കെ സുരേന്ദ്രന്. ഇന്ത്യന് പൗരന് ആറ് മാസത്തില് കൂടുതല് സ്ഥിരതാമസമുള്ള സ്ഥലത്ത് വോട്ട് ചേര്ക്കാമെന്ന് കെ സുരേന്ദ്രന് പറഞ്ഞു. വിരലില് എണ്ണാവുന്ന ഏതെങ്കിലും ചില വോട്ടുകള്വെച്ചാണ് കോണ്ഗ്രസും സിപിഐഎമ്മും ബിജെപിക്കെതിരെ തിരിഞ്ഞത്. സുരേഷ് ഗോപി ഒരു വര്ഷം സമ്പൂര്ണ്ണമായി തൃശ്ശൂരിലുണ്ടായിരുന്നുവെന്നും കെ സുരേന്ദ്രന് പറഞ്ഞു.
60,000 കള്ളവോട്ട് എംഎല്എ പോലും ഇല്ലാത്ത പാര്ട്ടി ഇവിടെ ചേര്ക്കുമ്പോള് സിപിഐഎമ്മും കോണ്ഗ്രസും എന്തെടുക്കുവായിരുന്നുവെന്നും കെ സുരേന്ദ്രന് പരിഹസിച്ചു. അതിലും നല്ലത് കെട്ടിത്തൂങ്ങി ചാവുന്നതാണെന്നും സുരേന്ദ്രന് പറഞ്ഞു. സുരേഷ് ഗോപി തെരഞ്ഞെടുപ്പില് മത്സരിക്കുമ്പോള് അധ്യക്ഷന് താനായിരുന്നു. അവിടെ എന്താണ് നടന്നതെന്നും പ്രചാരണം എങ്ങനെയായിരുന്നുവെന്നും തനിക്ക് അറിയാം. വോട്ടര്പ്പട്ടികയില് പേരുചേര്ക്കുന്നതിന് പാര്ട്ടി എന്തെല്ലാമാണ് ചെയ്തത് എന്നതിന് വ്യക്തമായ മറുപടിയുണ്ടെന്നും കെ സുരേന്ദന് പറഞ്ഞു.
വിവാദങ്ങളില് പ്രതികരിക്കാതെ സുരേഷ് ഗോപി ഒഴിഞ്ഞുമാറുന്നതിനെയും കെ സുരേന്ദ്രന് ന്യായീകരിച്ചു. സുരേഷ് ഗോപിയല്ല തെരഞ്ഞെടുപ്പ് നടത്തിയത്. ബിജെപിയാണ്. സുരേഷ് ഗോപി മറുപടി പറയേണ്ടതില്ല. തെരഞ്ഞെടുപ്പ് നടത്തിയത് പാര്ട്ടിയാണ്. വിജയത്തില് ആക്ഷേപമുണ്ടെങ്കില് കോടതിയില് പോകാം. 2029 ല് മാത്രമല്ല 2034 ലും സുരേഷ് ഗോപി ഇവിടെയുണ്ടാകും. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന് ഇവിടെ തന്നെയുണ്ടാകും, കുറുനരികള് ഓരിയിടുക. 89 വോട്ടിന് തോറ്റ സ്ഥാനാര്ത്ഥിയാണ് താന്. അന്ന് 6000 കള്ളവോട്ടുകള് തനിക്കെതിരെ നടന്നിട്ടുണ്ട്. ബഹളം വെച്ചില്ല. എതിര്സ്ഥാനാര്ത്ഥി മരിച്ചതിനാല് കേസ് പിന്വലിച്ചു. ഇതാണ് രാഷ്ട്രീയത്തില് എല്ലാവരും ചെയ്യേണ്ടത്. നിയമനടപടിയുമായി മുന്നോട്ട് പോകാം എന്നും സുരേന്ദ്രന് പറഞ്ഞു.
അതിനിടെ കെ സുരേന്ദ്രനെ പരിഹസിച്ച് കോണ്ഗ്രസ് വക്താവ് സന്ദീപ് വാര്യര് രംഗത്തെത്തി. മഞ്ചേശ്വരത്ത് കള്ളവോട്ട് ഉണ്ടെന്ന് ആരോപിച്ച സുരേന്ദ്രന് തൂങ്ങി ചത്തോ? ഇല്ല… പിന്നെന്ത് ചെയ്തു? കേസ് പിന്വലിച്ച് കണ്ടം വഴി ഓടി എന്നായിരുന്നു സന്ദീപ് വാര്യരുടെ പരിഹാസം.
Content Highlights: What were the CPIM and Congress doing when 60,000 fake votes were added ask K Surendran