ജലീലിന്റെ കിളി പോയിരിക്കുകയാണെന്ന് ഫിറോസ്;തന്‍റെ പിതാവില്‍ നിന്ന് കടം വാങ്ങിച്ചാണ് ഭൂമി വാങ്ങിയതെന്ന് ഹരീഷ്

എത്രയോ കാലം കഴിഞ്ഞാണ് ആ കടം ഫിറോസ് തിരികെ കൊടുത്തത് എന്ന് താന്‍ ഓര്‍മ്മിക്കുന്നുവെന്ന് ഹരീഷ് വാസുദേവൻ

മലപ്പുറം: വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിക്കുന്നുവെന്നാരോപിച്ച് കെ ടി ജലീല്‍ വിജിലന്‍സില്‍ നല്‍കിയ പരാതിയോട് പ്രതികരിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. കെ ടി ജലീലിന്റെ അഴിമതിയും പിന്‍വാതില്‍ നിയമനവും കയ്യോടെ പൊക്കിയതിന് ശേഷം ഇക്കഴിഞ്ഞ ഏഴ് കൊല്ലമായി തനിക്കെതിരെ വിവിധങ്ങളായി പരാതി നല്‍കുകയാണെന്ന് പി കെ ഫിറോസ് ചൂണ്ടിക്കാട്ടി. കെ ടി ജലീലിന്റെ കിളി പോയിരിക്കുകയാണെന്നും രാവിലെ എഴുന്നേറ്റാല്‍ മുതല്‍ പിച്ചും പേയും പറയുകയാണെന്നും പി കെ ഫിറോസ് പരിഹസിച്ചു.

തനിക്കെതിരെ പരാതി കൊടുക്കാന്‍ വേണ്ടി മാത്രം കെ ടി ജലീല്‍ സര്‍ക്കാര്‍ ശമ്പളം കൊടുത്ത് ഒരാളെ ഓഫീസില്‍ നിയമിച്ചിരുന്നു. എന്നിട്ടെന്തായി എന്നും പി കെ ഫിറോസ് ചോദിച്ചു. തനിക്കെതിരായ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തി പരാതി രാഷ്ട്രീയപ്രേരിതമാണെന്ന് തെളിഞ്ഞാല്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യരുതെന്നും പി കെ ഫിറോസ് പറഞ്ഞു.

ഫിറോസിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

നമ്മുടെ ജലീലിക്കാക്ക് ആകെ കിളി പോയിരിക്കുകയാണ്. എന്നും രാവിലെ എണീറ്റാല്‍ 'പി.കെ ഫിറോസ്, പി.കെ ഫിറോസ്' എന്ന് പല വട്ടം ഉരുവിടുക, പിന്നെ ഇടക്കിടക്ക് 'വയനാട് വയനാട്'' 'ലീഗ് ലീഗ്'' എന്ന് പിച്ചും പേയും പറയുക. ഇതൊക്കെയാണ് ഇക്കാന്റെ ഇപ്പോഴത്തെ ജോലി.എനിക്കെതിരെ പരാതി കൊടുക്കാന്‍ വേണ്ടി മാത്രം സര്‍ക്കാര്‍ ശമ്പളം കൊടുത്ത് ഒരാളെ മന്ത്രി ആപ്പീസില്‍ ജോലിക്കെന്ന പേരില്‍ നിയമിച്ചിരുന്നു. അയാള് നാടായ നാട് മുഴുവന്‍ പരാതി കൊടുത്തു. എന്നിട്ടെന്തായി? എല്ലാം ഖുദാ ഗവ??! എന്ത് ചെയ്താലും കൈവിട്ട വാക്കും തെറിച്ചു പോയ മന്ത്രി സ്ഥാനവും തിരികെ കിട്ടൂല ഇക്കാ.ഇപ്പോ ഇക്ക തന്നെ യുദ്ധം നേരിട്ട് ഏറ്റെടുത്തിരിക്കുകയാണ്. 2011ല്‍ 13 സെന്റ് സ്ഥലം വാങ്ങിയത് ഇക്കാക്ക് സഹിച്ചിട്ടില്ലത്രേ! എം.എല്‍.എയും മന്ത്രിയുമൊന്നുമല്ലാത്ത ഒരാള്‍ക്ക് ഇതൊക്കെ എങ്ങിനെ സാധിച്ചു എന്ന് പുള്ളിയെ ബോധ്യപ്പെടുത്തിയിട്ടല്ലത്രേ! പോരാത്തതിന് 2013ല്‍ വീട് പണിയും തുടങ്ങി. 2020 ആകുമ്പോഴേക്ക് പണിയും തീര്‍ത്തു. ഇതൊക്കെ ഇക്ക എങ്ങിനെ സഹിക്കും?ഒരു പണിയുമെടുക്കാതെ സ്ഥലം വാങ്ങുന്നതും വീട് വെക്കുന്നതുമൊക്കെ കൂടെയുള്ളവരുടെ ശീലമല്ലേ ഇക്കാ? മുമ്പൊരു നേതാവിന്റെ വീട് കാണാന്‍ പോയതും അതിന്റെ പേരില്‍ അവരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തതുമൊക്കെ ഇക്ക മറക്കാനിടയില്ലല്ലോ? സേവനമൊന്നും നല്‍കാതെ ലക്ഷങ്ങള്‍ വാങ്ങിയ ഒരു കേസ് കൂടെയുള്ളവര്‍ ഇപ്പോ നടത്തുന്നതും അറിഞ്ഞൂടെ ഇക്കാക്ക്. എല്ലാരും അങ്ങിനെ ആണെന്ന് വിചാരിക്കല്ലേ ഇക്കാ.ഇക്കാഒന്ന് ചോദിച്ചോട്ടെഎനിക്ക് ജോലിയും കൂലിയുമില്ലാന്ന് ഒരു ഭാഗത്ത് പറയുകയും വേറൊരു ഭാഗത്ത് ട്രാവല്‍സും വില്ല പ്രോജക്ടുമൊക്കെ ഉണ്ടെന്നും പറയുന്നത് കേട്ടല്ലോ! ഒന്നും അങ്ങോട്ട് മെനയാകുന്നില്ലല്ലോ ഇക്കാ!പിന്നെ ഇക്കാ,പരാതി കൊടുക്കുന്നതൊക്കെ കൊള്ളാം. പോലീസ് അന്വേഷണം നടത്തി ഇക്കാന്റെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ് ചവറ്റു കൊട്ടയിലിട്ടാല്‍ അവരെ സസ്‌പെന്റ് ചെയ്യരുത്. അതും കഴിഞ്ഞ് ഇക്ക കൊടുക്കുന്ന സ്വകാര്യ അന്യായം കോടതി എടുത്ത് തോട്ടിലെറിയുമ്പോള്‍ ജഡ്ജിയെ തെറി വിളിക്കരുത്.ഇക്കാ…ഇക്കയുടെ അഴിമതിയും പിന്‍വാതില്‍ നിയമനവും ഞാന്‍ കയ്യോടെ പൊക്കിയതിന് ശേഷം ഇക്കഴിഞ്ഞ ഏഴ് കൊല്ലമായിട്ട് എനിക്കെതിരെ എന്തെല്ലാം അന്വേഷണം നടത്തി, എവിടെയെല്ലാം പരാതി നല്‍കി. എന്നിട്ട് എന്തെങ്കിലും ആയോ ഇക്കാ?അത് കൊണ്ട് അവസാനമായിട്ട് പറയാണ്നീ നെനച്ചാല്‍ എതുമേ മുടിയാത് അണ്ണാ…

പി കെ ഫിറോസ് വരവില്‍ കഴിഞ്ഞ് സ്വത്ത് സമ്പാദിക്കുന്നുവെന്നും ഇതില്‍ അന്വേഷണം നടത്തണം എന്നുമായിരുന്നു കെ ടി ജലീലിന്റെ പരാതി. പരമ്പരാഗതമായി സ്വത്തോ സ്വന്തമായി ജോലിയോ ഇല്ലാത്ത ഫിറോസിന് ഉപജീവനം നടത്താന്‍ പാര്‍ട്ടി എന്തെങ്കിലും ധനസഹായം നല്‍കിയതായും അറിവില്ലെന്നും പിന്നെ എങ്ങനെയാണ് ഫിറോസിന് ഇത്രയധികം ധനം സമ്പാദിക്കാന്‍ കഴിഞ്ഞതെന്ന് അന്വേഷിക്കണമെന്നുമാണ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.

അതിനിടെ പി കെ ഫിറോസിന്റെ മറുപടിക്ക് താഴെ ഹൈക്കോടതി അഭിഭാഷകന്‍ ഹരീഷ് വാസുദേവനും കമന്റ് പങ്കുവെച്ചു. ഒരു സ്ഥലം വാങ്ങാന്‍ ആഗ്രഹമുണ്ടെന്നും തല്‍ക്കാലം പൈസ ഇല്ലെന്നും പറഞ്ഞ് പി കെ ഫിറോസ് തന്റെ പിതാവിനെ സമീപിച്ചിരുന്നുവെന്നാണ് ഹരീഷ് വാസുദേവന്‍ കുറിച്ചത്.പണം കെെമാറിയതിന്‍റെ ബാങ്ക് രേഖകള്‍ കൈവശമുണ്ടെന്നും ഹരീഷ് പറഞ്ഞു.

അഡ്വ. ഹരീഷ് വാസുദേവന്റെ പ്രതികരണം-

ആ സ്ഥലം വാങ്ങാന്‍ ആഗ്രഹമുണ്ട് തല്‍ക്കാലം പൈസയില്ല എന്ന് പറഞ്ഞിട്ട് വീട്ടില്‍ വന്നു എന്റെ അച്ഛന്റെ കയ്യില്‍ നിന്ന് പണം കടം വാങ്ങിച്ചാണല്ലോ ഫിറോസ് ആ സ്ഥലം അന്ന് വാങ്ങിയത്. കടം ബാങ്ക് വഴിയാണ് തന്നതും. എത്രയോ കാലം കഴിഞ്ഞാണ് ആ കടം ഫിറോസ് തിരികെ കൊടുത്തത് എന്ന് ഞാന്‍ ഓര്‍മ്മിക്കുന്നു. Bank Statements are still with us.ഇനി പോലീസ് എന്റെ അച്ഛനെയും അന്വേഷിച്ച് വരുമോ ആവോ.

Content Highlights: P K Firos Against K T Jaleel Hareesh Vasudevan Comment over post

To advertise here,contact us