കായംകുളം: ഭാര്യയെ കാണാനില്ലെന്ന് പരാതി നല്കി കാത്തിരുന്നു, വിവരമൊന്നുമില്ലാതിരുന്നതിനെ തുടര്ന്ന് ഭര്ത്താവ് വിനോദ് ജീവനൊടുക്കി. എന്നാല് വിനോദിന്റെ മരണത്തിന് മൂന്ന് ദിവസത്തിന് ശേഷം ഭാര്യയെ കണ്ടെത്തി. ഭാര്യയെ കാണാനില്ലെന്ന് പരാതി നല്കി രണ്ട് മാസങ്ങള് കാത്തിരുന്നെങ്കിലും കണ്ടെത്താന് കഴിയാതെ വന്നതോടെയായിരുന്നു കായംകുളം കണ്ണമ്പള്ളി ഭാഗം വിഷ്ണു ഭവനത്തില് വിനോദ് (49)ജീവനൊടുക്കിയത്. വെള്ളിയാഴ്ച്ചയായിരുന്നു സംഭവം. കണ്ണൂരില് ഹോംനേഴ്സായി ജോലി ചെയ്തിരുന്ന ഭാര്യ രഞ്ജിനിയെ ചൊവ്വാഴ്ച്ചയാണ് കായംകുളം പൊലീസ് കണ്ടെത്തിയത്.
ജൂണ് 11-ന് രാവിലെ ബാങ്കിലേക്ക് പോകുന്നു എന്ന് പറഞ്ഞായിരുന്നു രഞ്ജിനി വീട്ടില് നിന്ന് ഇറങ്ങിയത്. രഞ്ജിനി സെക്രട്ടറിയായ കുടുംബശ്രീ യൂണിറ്റ് കനറാബാങ്കില് നിന്ന് ഒന്നേകാല് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇവര്ക്ക് ആകെ മൂന്ന് ലക്ഷം രൂപയുടെ ബാധ്യത ഉണ്ടായിരുന്നുവെന്നാണ് വീട്ടുകാര് പറയുന്നത്.
നേരത്തെ സിസിടിവി പരിശോധിച്ചപ്പോള് രഞ്ജിനി ബാങ്കില് പോയിരുന്നില്ലെന്ന് മനസിലായിരുന്നു. ഓട്ടോറിക്ഷയില് കായംകുളത്തെത്തിയ രഞ്ജിനി റെയില്വേ സ്റ്റേഷന് ഭാഗത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് അവസാനമായി ലഭിച്ചത്.
മൊബൈല് ഫോണ് എടുക്കാതെയാണ് രഞ്ജിനി പോയെന്നതിനാല് ആ വഴിക്കുള്ള അന്വേഷണവും നടന്നില്ല. ഭാര്യയെ കണ്ടെത്താത്തതില് വിനോദ് അതീവ നിരാശനായിരുന്നു. ഇതിന് പിന്നാലെ 'കടം നമുക്ക് തീര്ക്കാം, നീ തിരികെ വാ' എന്ന തരത്തിലുള്ള പോസ്റ്റുകള് സോഷ്യല് മീഡിയയില് വിനോദ് പങ്കുവെച്ചിരുന്നു.
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)
Content Highlight; Man Dies After Wife Went Missing; Police Later Find Her