ജെയ്‌നമ്മ തിരോധാന കേസ്; അന്വേഷണം അവസാനഘട്ടത്തിലേക്ക്, നിര്‍ണായക തെളിവുകള്‍ ലഭിച്ചു

പ്രതി ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ലെങ്കിലും മറ്റ് തെളിവുകളെല്ലാം ലഭിച്ചതായി അന്വേഷണ സംഘം പറയുന്നു

ചേര്‍ത്തല: ചേര്‍ത്തലയിലെ ജെയ്‌നമ്മ തിരോധാന കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടന്നതായി അന്വേഷണ സംഘം. കുറ്റകൃത്യം ചെയ്തതിന്റെ നിര്‍ണായക തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ സെബാസ്റ്റ്യനെതിരെ തട്ടികൊണ്ട് പോകല്‍ കുറ്റം ചുമത്തി. സെബാസ്റ്റ്യന്റെ രണ്ടാമത്തെ കസ്റ്റഡി കാലാവധി ഇന്ന് തീരുന്നതിനാല്‍ ഇയാളെ കോടതിയില്‍ ഹാജരാക്കും.

രണ്ടാഴ്ച്ച നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിന് കേസ് സംബന്ധിച്ച് വ്യക്തതയിലെത്താന്‍ സാധിച്ചത്. പ്രതി ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ലെങ്കിലും മറ്റ് തെളിവുകളെല്ലാം ലഭിച്ചതായി അന്വേഷണ സംഘം പറയുന്നു. ശാസ്ത്രീയ തെളിവുകളടക്കം ശേഖരിക്കാന്‍ സാധിച്ചതായും സംഘം കൂട്ടിച്ചേര്‍ത്തു. ഡിഎന്‍എ പരിശോധനാ ഫലവും ജെയ്‌നമ്മയുടെ മൊബൈല്‍ ഫോണ്‍ എവിടെ എന്നതിന്റെ ഉത്തരവുമാണ് ഇനി ലഭിക്കേണ്ടത്. നിലവിലെ തെളിവുകളുടെ അടിസ്ഥാനത്തില്‍ തട്ടിക്കൊണ്ട് പോകല്‍ വകുപ്പ് കൂടി സെബാസ്റ്റ്യനെതിരെ ചുമത്തിയിട്ടുണ്ട്.

നേരത്തെ കൊലപാതകവും തെളിവ് നശിപ്പിക്കലുമായിരുന്നു സെബാസ്റ്റ്യനെതിരെ ചുമത്തിയിരുന്ന കുറ്റങ്ങള്‍. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇയാളെ കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് സൂചന. ഡിഎന്‍എ പരിശോധന ഫലം കൂടി ലഭിച്ചാല്‍ കേസ് അന്വേഷണം പര്യവസാനത്തിലെത്തും എന്നാണ് കരുതുന്നത്.

Content Highlight; Crucial Evidence Found in Jaynamma Missing Case

To advertise here,contact us