ഇടുക്കി: ഉടുമ്പന്ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം. തെളിവായി കോണ്ഗ്രസ് പുറത്തുവിട്ട രേഖകള് വ്യാജമായി നിര്മ്മിച്ചതാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്ഗീസ് റിപ്പോര്ട്ടറിനോട് പറഞ്ഞു. കോണ്ഗ്രസ് മുമ്പും വ്യാജ രേഖകള് ഉണ്ടാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സിപിഐഎമ്മിന് ഉടുമ്പന്ചോലയില് രാഷ്ട്രീയ അടിത്തറയുണ്ട്. ഉടുമ്പന്ചോലയില് വികസനം നടക്കുന്നതിനാല് തുടര്ച്ചയായി സിപിഐഎം ജയിക്കുന്നു എന്നും സി വി വര്ഗീസ് പറഞ്ഞു. ഉടുമ്പന്ചോലയില് ഇരട്ട വോട്ട് ഉള്ള 25 പേരുടെ വിവരങ്ങള് കോണ്ഗ്രസ് പുറത്ത് വിട്ടിരുന്നു. രാജ്യത്താകെ വോട്ടര്പ്പട്ടിക ക്രമക്കേട് സംബന്ധിച്ച ആരോപണം ഉയരുന്നതിനിടയിലായിരുന്നു ഉടുമ്പന്ചോലയില് ഇരട്ട വോട്ട് ആരോപണവുമായി കോണ്ഗ്രസ് രംഗത്തെത്തിയത്.
പതിനായിരത്തിലധികം ഇരട്ട വോട്ടുകളുള്ളതായാണ് കോണ്ഗ്രസ് ആരോപിക്കുന്നത്. കേരളത്തില് താമസിക്കാത്തവര്ക്കും സ്വന്തമായി റേഷന്കാര്ഡ് ഇല്ലാത്തവര്ക്ക് പോലും ഉടുമ്പന്ചോലയില് വോട്ടുണ്ട് എന്നാണ് കോണ്ഗ്രസ് ആരോപണം. ഇതേ ആളുകള്ക്ക് തമിഴ്നാട്ടിലും വോട്ടുണ്ടെന്നും കെപിസിസി മീഡിയ വക്താവ് സേനാപതി വേണു ആരോപിച്ചിരുന്നു.
Content Highlights: CPIM reject Congress allegation on Udumbanchola double vote