വി ഡി സതീശന് പുകഴ്ത്തൽ; കെ മുരളീധരന്റെ പ്രസ്താവന അനാവശ്യമെന്ന് വിലയിരുത്തൽ; നേതാക്കള്‍ക്ക് അതൃപ്തി

കെ കരുണാകരന്റെ ശാപം ഏറ്റുവാങ്ങാത്ത ഒരാളാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നായിരുന്നു കെ മുരളീധരന്റെ പരാമര്‍ശം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പുകഴ്ത്തിക്കൊണ്ടുള്ള കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്റെ പരാമര്‍ശത്തില്‍ നേതാക്കള്‍ക്ക് അതൃപ്തി. മുരളീധരന്റെ പ്രസ്താവന അനാവശ്യമായിരുന്നുവെന്നും നിര്‍ണായക രാഷ്ട്രീയ സാഹചര്യത്തില്‍ വിവാദമുണ്ടാക്കുകയാണെന്നുമാണ് നേതാക്കളുടെ വിലയിരുത്തല്‍.

ഹൈക്കമാന്‍ഡിനും മുതിര്‍ന്ന നേതാക്കള്‍ക്കും മുരളീധരന്റെ പ്രസ്താവനയില്‍ അതൃപ്തിയുണ്ട്. കോണ്‍ഗ്രസ് സജീവമായി തദ്ദേശ തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകളിലേക്ക് കടന്ന സാഹചര്യം കൂടി മുന്നിലുണ്ട്. ഒപ്പം വോട്ടര്‍പട്ടിക ക്രമക്കേട് വിഷയത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി നീങ്ങുകയാണ്. ഇതിനിടെ മുരളീധരന്റെ പ്രസ്താവന പാർട്ടിയെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുമെന്നാണ് നേതാക്കളുടെ അഭിപ്രായം.

കെ കരുണാകരന്റെ ശാപം ഏറ്റുവാങ്ങാത്ത ഒരാളാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നായിരുന്നു കെ മുരളീധരന്റെ പരാമര്‍ശം. അതിനാല്‍ വി ഡി സതീശന്റെ പ്രമോഷന് ഭാവിയിലും തടസ്സം ഉണ്ടാകില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞിരുന്നു. പിന്നാലെതാന്‍ ജ്യേഷ്ഠ സഹോദരന്റെ സ്ഥാനത്ത് പ്രതിഷ്ഠിച്ചയാളാണ് കെ മുരളീധരന്‍ എന്നും അദ്ദേഹം പറയുന്നത് നൂറു ശതമാനവും സത്യസന്ധമായാണെന്നും ഇത് കാലം തെളിയിക്കുമെന്നും സതീശന്‍ പറഞ്ഞിരുന്നു. തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടന്ന എം എ ജോണ്‍ പുരസ്‌കാര സമര്‍പ്പണ വേദിയിലായിരുന്നു പരാമര്‍ശം.

Content Highlights: Congress leaders unhappy with K Muraleedharan's praising VD Satheesan

To advertise here,contact us