തലശ്ശേരിയിലെ കൊടുവള്ളി റെയിൽവെ മേൽപ്പാലം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

മെച്ചപ്പെട്ട പശ്ചാത്തല സൗകര്യങ്ങളുള്ള നാടായി കേരളത്തെ മാറ്റിത്തീർക്കുന്നതിലേക്കുള്ള പ്രധാന ചുവടുവെയ്പ്പ് കൂടിയാണ് കൊടുവള്ളി മേൽപ്പാലം

കണ്ണൂർ: തലശ്ശേരി ജനതയുടെ ചിരകാല സ്വപ്നമായ കൊടുവള്ളി മേൽപ്പാലം യാഥാർഥ്യമായി. കിഫ്ബി സഹായത്തോടെ നിർമ്മിക്കുന്ന സംസ്ഥാനത്തെ പത്ത് റെയിൽവേ മേൽപ്പാലങ്ങളിൽ ഒന്നായ കൊടുവള്ളി മേൽപ്പാലം നാടിന് സമർപ്പിച്ചു. പദ്ധതിക്കായി ഭൂമിയേറ്റെടുക്കാനുള്ള 16.25 കോടി രൂപ പൂർണ്ണമായും വഹിച്ചത് സംസ്ഥാന സർക്കാരാണ്. 36.37 കോടിയുടെ പദ്ധതിയിൽ നിർമ്മാണത്തിനായി 10.06 കോടി രൂപ സംസ്ഥാന സർക്കാരും അത്ര തന്നെ തുക റെയിൽവേയും ചെലവഴിച്ചു. കൊടുവള്ളി മേൽപ്പാലത്തിനായി സംസ്ഥാനം ആകെ ചെലവഴിച്ചത് 26.31 കോടി രൂപയാണ്. മേൽപ്പാലം പൂർത്തിയായതോടെ“ലെവൽ ക്രോസ് വിമുക്ത കേരളം” എന്ന ലക്ഷ്യത്തിലേക്ക് കേരളം അതിവേഗം നടന്നടുക്കുകയാണ്. മെച്ചപ്പെട്ട പശ്ചാത്തല സൗകര്യങ്ങളുള്ള നാടായി കേരളത്തെ മാറ്റിത്തീർക്കുന്നതിലേക്കുള്ള പ്രധാന ചുവടുവെയ്പ്പ് കൂടിയാണ് കൊടുവള്ളി മേൽപ്പാലം

കിഫ്ബി ഫണ്ടിൽ പിണറായി ഗ്രാമപഞ്ചായത്തിലെ ഉമ്മൻചിറ പുഴയ്ക്ക് കുറുകെ നിർമ്മിച്ച ചേക്കൂ പാലം റെഗുലേറ്റർ കം ബ്രിഡ്ജ് (ആർ സി ബി) ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിര്ർവഹിച്ചു. 2017ലെ ബജറ്റിൽ വരൾച്ച പ്രതിരോധത്തിന് വേണ്ടി പുഴകളെ തന്നെ റിസർവോയറുകളായി മാറ്റാൻ അനുയോജ്യമായ സ്ഥലങ്ങളിൽ 30 റെഗുലേറ്ററുകൾ കിഫ്ബി ഫണ്ടിംഗിലൂടെ നടപ്പിലാക്കാൻ പ്രഖ്യാപിച്ചിരുന്നു. അതിൽ ഒന്നാണ് ഇവിടെ യാഥാർഥ്യമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് അടിസ്ഥാന സൗകര്യവികസനത്തിൽ 62,000 കോടിയുടെ വികസനം കിഫ്ബി പദ്ധതികൾ വഴി കൊണ്ടുവരാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കിഫ്ബി വഴി ഒട്ടേറെ ബൃഹദ് പദ്ധതികൾ സർക്കാർ നടപ്പാക്കുകയാണ്. സ്‌കൂളുകൾ, മേൽപ്പാലങ്ങൾ, ആശുപത്രി കെട്ടിടം അങ്ങനെ സംസ്ഥാനത്തൊട്ടാകെ നിരവധി പദ്ധതികൾ പൂർത്തിയായി. ഒട്ടേറെ പ്രവൃത്തികൾ നടന്നുവരുന്നു. പ്രാദേശിക വികസന പദ്ധതികൾക്കും സർക്കാർ ഊന്നൽ നൽകുന്നു. ചേക്കൂ പാലം ആർസിബി അതിനുദാഹരണമാണ്. സംസ്ഥാനപദ്ധതികളും പ്രാദേശിക വികസന പദ്ധതികളും നടപ്പാക്കി നവകേരള പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഞ്ചരക്കണ്ടി പുഴയുടെ കൈവഴി ആയ ഉമ്മഞ്ചിറ പുഴയിൽ പിണറായി, എരഞ്ഞോളി പഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിച്ചിരിക്കുന്നത്. 36.77 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി ചെലവിട്ടത്. 48 മീറ്റർ നീളത്തിൽ റഗുലേറ്ററും ഇരുവശത്തും 42 മീറ്റർ പാലവും അപ്രോച്ച് റോഡും ഇതിന്റെ ഭാഗമാണ്. മൂന്നര കിലോമീറ്റർ നീളത്തിൽ ഇരു കരയിലും കയർ ഭൂവസ്ത്രമുപയോഗിച്ച് സംരക്ഷണ ബണ്ടും മത്സ്യ കൃഷിക്കായി 12 സ്ലൂയിസുകളും സജ്ജമാക്കിയിട്ടുണ്ട്. രണ്ടര മീറ്റർ ഉയരത്തിൽ വെള്ളം ശേഖരിക്കാൻ പറ്റുന്ന വിധം വൈദ്യുതിയിൽ പ്രവർത്തിപ്പിക്കുന്ന മെക്കാനിക്കൽ ഷട്ടറുകളോട് കൂടിയതാണ് റെഗുലേറ്റർ. 3.50 കിലോമീറ്ററോളം നീളത്തിൽ ജലസംഭരണം സാധ്യമാവും. എരഞ്ഞോളി, പിണറായി പഞ്ചായത്തുകളിലെ കുടിവെള്ള ദൗർലഭ്യത്തിനും ഉപ്പുവെള്ളം കയറിയുള്ള കൃഷി നാശത്തിനും ശാശ്വത പരിഹാരമാണ് ഈ പദ്ധതി. പദ്ധതി പ്രവർത്തന സജ്ജമായതോടെ 1360 ഏക്കറിൽ കൃഷി ഇറക്കാനാവും.

തലശ്ശേരി വഴി കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡായ തലശ്ശേരി-അഞ്ചരക്കണ്ടി റോഡിലെ കാലപ്പഴക്കം വന്ന ചേക്കൂ പാലത്തിനു പകരം പുതിയ പാലം വേണ്ടതിനാൽ റെഗുലേറ്ററിനു മുകളിൽ പാലം കൂടി നിർമിച്ചിട്ടുണ്ട്. കൊയിലാണ്ടി, വടകര ഭാഗത്തുള്ളർക്കും തലശ്ശേരി വഴി കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ചേരാൻ പറ്റിയ റോഡാണിത്. ഭാവിയിൽ വിമാനത്താവള റോഡ് നാലുവരി ആക്കുമ്പോൾ രണ്ടു വരി പാത ഇതിനു മുകളിലൂടെ ആണ് പോവുക. ജലവിഭവ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷനാണ് നിർമ്മാണ ചുമതല നിർവഹിച്ചത്. പൗലോസ് ജോർജ് കൺസ്ട്രക്ഷൻ കമ്പനിയാണ് നിർമ്മാണ പ്രവർത്തനം നടത്തിയത്. ചടങ്ങിൽ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷനായി. നിയമസഭാസ്പീക്കർ അഡ്വ. എ എൻ ഷംസീർ മുഖ്യാതിഥിയായി.

Content Highlights: Chief Minister dedicates Koduvally Railway Overbridge in Thalassery to the nation

To advertise here,contact us