ഗോവിന്ദച്ചാമി പറയുന്നത് പോലെ ഗോവിന്ദന്‍ സംസാരിക്കരുത്; കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍

മൈക്കും കുറേ ആളുകളെയും കാണുമ്പോള്‍ സ്ഥലകാലബോധം നഷ്ടപ്പെട്ടാണ് എം വി ഗോവിന്ദന്റെ പ്രതികരണമെന്നും വിമർശനം

കണ്ണൂര്‍: ഗോവിന്ദച്ചാമി സംസാരിക്കുന്നതുപോലെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സംസാരിക്കരുതെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാ.ഫിലിപ്പ് കവിയില്‍. മൈക്കും കുറേ ആളുകളെയും കാണുമ്പോള്‍ സ്ഥലകാലബോധം നഷ്ടപ്പെട്ടാണ് എം വി ഗോവിന്ദന്റെ പ്രതികരണമെന്ന് ഫാ. ഫിലിപ്പ് കവിയില്‍ പറഞ്ഞു. തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരായ വിമർശനത്തിന് പിന്നാലെയാണ് ഫാ. ഫിലിപ്പ് കവിയിലിന്‍റെ പ്രതികരണം.

പാംപ്ലാനി അവസരവാദിയെന്നായിരുന്നു കഴിഞ്ഞദിവസം എം വി ഗോവിന്ദൻ പറഞ്ഞത്. അതേ നാണയത്തില്‍ തലശ്ശേരി അതിരൂപതയും മറുപടി നല്‍കിയിരുന്നു. എകെജി സെന്റില്‍നിന്നും തീട്ടൂരം വാങ്ങിയതിന് ശേഷം മാത്രമേ കത്തോലിക്കാ സഭയിലെ മെത്രാന്മാര്‍ പ്രസ്താവന നടത്താന്‍ പാടുള്ളൂ എന്ന സമീപനം ഉള്ളില്‍ ഒളിപ്പിച്ചുവെച്ച ഫാസിസത്തിന്റെ മറ്റൊരു മുഖമാണെന്നായിരുന്നു തലശ്ശേരി അതിരൂപതയുടെ വിമര്‍ശനം.

സിപിഐഎമ്മിനേയും അതിന്റെ സെക്രട്ടറിയേയും നാല് തെറി പറഞ്ഞാല്‍ ആര്‍എസ്എസിന്റെ അഗീകാരം ലഭിക്കുമെന്നാണ് ചില പിതാക്കന്മാര്‍ കരുതുന്നതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജും പ്രതികരിച്ചു. ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെയായിരുന്നു പാംപ്ലാനിയുടെ ബിജെപി അനുകൂല പ്രസ്താവന.

Content Highlights: Catholic Congress Global Director Against M V Govindan

To advertise here,contact us