ലഖ്നൗ: തുടര്ച്ചയായി തന്നെ ലൈംഗികമായി പീഡിപ്പിച്ച മകനെ അമ്മ വാക്കത്തി കൊണ്ട് വെട്ടിക്കൊന്നു. ഉത്തര്പ്രദേശിലെ മാണ്ഡവാലിയിലെ ശ്യാമിവാല ഗ്രാമത്തിലാണ് 32കാരനായ മകനെ അമ്മ വെട്ടിക്കൊലപ്പെടുത്തിയത്. 56കാരിയായ അമ്മ ഓഗസ്റ്റ് ഏഴിന് രാത്രിയായിരുന്നു മകനെ കൊലപ്പെടുത്തിയത്.
അവിവാഹിതനായ മകന് അശോക് മദ്യലഹരിയില് തന്നെ ബലാത്സംഗം ചെയ്തു എന്നാണ് അമ്മ പൊലീസിന് നല്കിയ മൊഴി. മകന് തന്നെ ബലാത്സംഗം ചെയ്ത കാര്യം പുറത്ത് പറയാതെ മറച്ചുവച്ചതായിരുന്നു. എന്നാല് ഏഴാം തിയതി മദ്യലഹരിയില് വീണ്ടും ഉപദ്രവിക്കാന് ശ്രമിച്ചു. മകനില് നിന്നും കുതറി മാറിയ അമ്മ വീട്ടില് നിന്നും മാറി നില്ക്കുകയും മകന് ഉറങ്ങി എന്ന് ഉറപ്പാക്കിയ ശേഷം വാക്കത്തി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു.
മകനെ കൊലപ്പെടുത്തിയ ശേഷം വീട്ടില് കള്ളന് കയറിയെന്നും അയാള് മകനെ അപായപ്പെടുത്തി എന്നും അവര് നാട്ടുകാരെ വിശ്വസിപ്പിച്ചു. ഓടിക്കൂടിയ നാട്ടുകാര് കണ്ടത് രക്തത്തില് കുളിച്ച് കിടക്കുന്ന അശോകിനെയായിരുന്നു. എന്നാല് സംഭവസ്ഥലം പരിശോധിച്ച പൊലീസിന് കള്ളന് അശോകിനെ കൊലപ്പെടുത്തി എന്ന വിശദീകരണത്തില് ദുരൂഹത തോന്നിയിരുന്നു. പിന്നീട് നടന്ന വിശദമായ ചോദ്യം ചെയ്യലില് താനാണ് മകനെ കൊലപ്പെടുത്തിയതെന്ന് അമ്മ തുറന്ന് പറയുകയായിരുന്നു.
മകന് ആദ്യം തന്നെ ബലാത്സംഗം ചെയ്തിരുന്നു എന്നും രണ്ടാമതും അതിനുള്ള ശ്രമം നടന്നപ്പോഴാണ് കൊലപ്പെടുത്തിയതെന്നും അവര് പൊലീസിനോട് പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച വാക്കത്തിയും രക്തക്കറ പുരണ്ട വസ്ത്രങ്ങളും പ്രതിയുടെ വീട്ടില് നിന്ന് കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.
Content Highlight; Woman Held for Killing Son After Alleged Sexual Assault