തൃശ്ശൂര്: വാണിയമ്പാറ മഞ്ഞവാരിയില് കാട്ടുപന്നി ആക്രമണത്തില് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. കൈ-കാലുകള്ക്ക് ഗുരുതരമായി പരിക്കേറ്റ പുതിയ വീട്ടില് സീനത്തി(50)നെ തൃശ്ശൂര് മെഡി. കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. തൃശ്ശൂര് സെന്റ് തോമസ് കോളേജിലെ കാന്റീന് ജീവനക്കാരിയായ സീനത്തിനെ രാവിലെ 6.30നാണ് കാട്ടുപന്നി ആക്രമിച്ചത്.
രാവിലെ ജോലിക്ക് പോകുന്ന വഴി റോഡില് കിടക്കുന്ന നിലയിലായിരുന്നു പന്നിയെ കണ്ടത്. പക്ഷെ തൊട്ടടുത്ത് എത്തിയ ശേഷമാണ് അത് പന്നിയാണെന്ന് തിരിച്ചറിഞ്ഞത്. നിമിഷ നേരം കൊണ്ട് സീനത്തിനെ പന്നി ആക്രമിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര് സീനത്തിനെ ഉടന് തന്നെ ആശുപത്രിയില് എത്തിച്ചു. ഈ പ്രദേശത്ത് വര്ഷങ്ങളായി വന്യമൃഗ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര് പറയുന്നു. മേഖലയില് സോളാര് വൈദ്യുതി വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും കൃത്യമായ പരിപാലനം നടത്താത്തതിനാല് ഈ സംവിധാനം തകര്ന്ന നിലയിലാണ്.
വിദ്യാര്ത്ഥികളായ രണ്ടു മക്കളുടെ പഠന ചെലവ് ഉള്പ്പെടെ വീട്ടിലെ മുഴുവന് കാര്യങ്ങളും നടക്കുന്നത് സീനത്തിന്റെ വരുമാനത്തിലാണ്. നിലവിലെ സാഹചര്യത്തില് ചികിത്സാ ചെലവ്, കുട്ടികളുടെ പഠനം എന്നിവ ഉള്പ്പെടെ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകും എന്ന ആശങ്കയിലാണ് സീനത്ത്.
Content Highlight; Wild Boar Attack in Thrissur