കെജിഎംസിടിഎയുടെ ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പിൽനിന്ന് ഡിഎംഇ അടക്കമുള്ള മൂന്നുപേർ പുറത്ത്

ചില സഹപ്രവർത്തകർ കുടുക്കാൻ നോക്കിയെന്നും വെള്ളിത്തുട്ടുകൾക്കായി മരണത്തിലേക്ക് തള്ളിവിടാൻ ശ്രമിച്ചുവെന്നുമുള്ള സന്ദേശം ഡോ ഹാരിസ് വാട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ചിരുന്നു.

തിരുവനന്തപുരം: കെജിഎംസിടിഎയുടെ ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പിൽനിന്ന് ഡിഎംഇ അടക്കമുള്ള മൂന്നുപേരെ പുറത്താക്കി. ഡിഎംഇ, സൂപ്രണ്ട്, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ എന്നിവരെയാണ് പുറത്താക്കിയത്. അതേസമയം ഇവർ കെജിഎംസിടിഎയുടെ ജനറൽ ഗ്രൂപ്പിൽ അംഗങ്ങളായി തുടരും. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പി കെ ജബ്ബാറിനെ ഒരാഴ്ചയ്ക്ക് മുൻപേ പുറത്താക്കിയിരുന്നു.

അഡ്മിനിസ്‌ട്രേറ്റീവ് തലത്തിലുളവരെ പുറത്താക്കുക സ്വാഭാവിക നടപടിക്രമമാണ്. ഭരണചുമതലയുടെ കാലാവധി പൂർത്തിയാക്കിയ ശേഷം ഇഅവരെ ഗ്രൂപ്പിലേക്ക് തിരിച്ചെടുക്കുമെന്നും കെജിഎംസിടിഎ അറിയിച്ചു. പുറത്താക്കുന്ന വിവരം ഇവരെ അറിയിച്ചിരുന്നുവെന്ന് കെജിഎംസിടിഎ വ്യക്തമാക്കി. അതേസമയം ഡോ ഹാരിസിന്റെ വിഷയവുമായി ഇതിന് ബന്ധമില്ലെന്ന് സംഘടന അറിയിച്ചു. എന്നാൽ ഹാരിസ് വിഷയത്തിലെ എതിർപ്പാണ് കേരള ഗവ. മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ തിരുവനന്തപുരം യൂണിറ്റിന്റെ നടപടിക്കു പിന്നിലെന്നും പറയപ്പെടുന്നുണ്ട്.

കേരളം കൂടെ നിന്നു, പക്ഷേ ചില സഹപ്രവർത്തകർ കുടുക്കാൻ നോക്കി. വെള്ളിത്തുട്ടുകൾക്കായി മരണത്തിലേക്ക് തള്ളിവിടാൻ ശ്രമിച്ചു. അവർക്ക് കാലം മാപ്പു നൽകട്ടേ എന്ന സന്ദേശം ഡോ ഹാരിസ് കെജിഎംസിടിഎ വാട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ചിരുന്നു. അതിന് പിന്നാലെയാണ് വാട്സ് ആപ്പ് ഗ്രൂപ്പിലെ ഈ പുറത്താക്കല്‍.

Content Highlights: Three people, including DME, removed from KGMCTA's official WhatsApp group

To advertise here,contact us