തിരുവനന്തപുരം: ഓൺലൈൻ മദ്യ വില്പനയുമായി ബന്ധപ്പെട്ട് 10 ദിവസത്തിനുള്ളിൽ ആപ്പ് വികസിപ്പിക്കുമെന്ന് ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി റിപ്പോർട്ടറിനോട്. മൂന്ന് വർഷമായി ഇക്കാര്യം സംബന്ധിച്ച് സർക്കാരിന് ശുപാർശ നൽകുന്നുണ്ട്. അനുകൂല തീരുമാനം ഉണ്ടായാൽ വാതിൽപ്പടി മദ്യവിതരണം ആരംഭിക്കും. 23 വയസ്സ് പൂർത്തിയായവർക്കു മാത്രം മദ്യം നൽകാനാണ് ശുപാർശയെന്നും ഹർഷിത അട്ടല്ലൂരി പറഞ്ഞു.
ഒരു തവണ മൂന്നു ലീറ്റർ മദ്യം ഓർഡർ ചെയ്യാം. കൂടുതൽ വിതരണ കമ്പനികൾ രംഗത്തെത്തിയാൽ ടെൻഡർ വിളിക്കുമെന്നും ബെവ്കോ എം ഡി പറഞ്ഞു. അതേസമയം ഓൺലൈൻ മദ്യ വില്പന ഉദ്ദേശിക്കുന്നില്ലെന്നാണ് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികളുടെ സഹകരണത്തോടെ ആപ്പ് മുഖേന മദ്യം വീട്ടിലെത്തിക്കുന്ന പദ്ധതിയാണ് ബെവ്കോ മുന്നോട്ടുവെക്കുന്നത്.
ഔട്ട്ലറ്റിന് മുന്നിലെ തിരക്കുകുറക്കാൻ എന്ന വ്യാജേന മദ്യം വീടുകളിൽ എത്തിച്ചു നൽകാനുള്ള ബെവ്കോയുടെ നീക്കം തടയുമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി അറിയിച്ചു. കെസിബിസി മദ്യവിരുദ്ധ സമിതി ഡോർ റ്റു ഡോർ ബോധവൽക്കരണ പരിപാടിയിൽ മുന്നേറ്റം നടത്തുമ്പോൾ അതിനെ തടയുന്ന രീതിയിലാണ് ബെവ്കോയുടെ മദ്യത്തിന്റെ ഡോർ ഡെലിവറി നീക്കമെന്നാണ് വിമര്ശനം. മദ്യശാലകളിൽ എത്താത്തവരെയും കുടിപ്പിച്ച് കിടത്താനുള്ള നയം ഇടതു പക്ഷത്തിന് യോജിച്ചതാണോ എന്ന് ആലോചിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള പറഞ്ഞിരുന്നു.
ഓൺലെെൻ വിതരണത്തിലൂടെ മദ്യലഭ്യത വർദ്ധിപ്പിച്ച് ക്രമസമാധാന ചർച്ചക്ക് വേഗം കൂട്ടുന്ന സർക്കാറിന്റെ തെറ്റായ നിലപാടിൽ നിന്നുംപിൻമാറണമെന്നാണ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചത്.
Content Highlights: Online liquor sales; App to be developed within 10 days, says Bevco MD