ഇടുക്കി: രാജ്യത്താകെ വോട്ടര്പ്പട്ടിക ക്രമക്കേട് സംബന്ധിച്ച ആരോപണം ഉയരുമ്പോള് ഇടുക്കിയിലും ഇരട്ട വോട്ട് ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്ഗ്രസ്. ഉടുമ്പന്ചോല മണ്ഡലത്തിലാണ് പതിനായിരത്തിലധികം ഇരട്ട വോട്ടുകളുള്ളതായി കോണ്ഗ്രസ് ആരോപിക്കുന്നത്. കേരളത്തില് താമസിക്കാത്തവര്ക്കും സ്വന്തമായി റേഷന്കാര്ഡ് ഇല്ലാത്തവര്ക്ക് പോലും ഉടുമ്പന്ചോലയില് വോട്ടുണ്ട് എന്നാണ് കോണ്ഗ്രസ് ആരോപണം.
ഇതേ ആളുകള്ക്ക് തമിഴ്നാട്ടിലും വോട്ടുണ്ടെന്നും കെപിസിസി മീഡിയ വക്താവ് സേനാപതി വേണു വ്യക്തമാക്കി. ഇലക്ഷന് കമ്മീഷന് വിഷയത്തില് അടിയന്തരമായി ഇടപെടല് നടത്തണമെന്ന് സേനാപതി വേണു ആവശ്യപ്പട്ടു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില് 1109 വോട്ടുകള്ക്കാണ് യുഡിഎഫ് സ്ഥാനാര്ത്ഥിയായി മത്സരിച്ച സേനാപതി വേണു എല്ഡിഎഫ് സ്ഥാനാര്ത്ഥി എംഎം മണിയോട് പരാജയപ്പെട്ടത്.
വോട്ടർപ്പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാണിച്ച് രാഹുൽ ഗാന്ധിയടക്കമുള്ള എംഎൽഎമാർ പാർലമെന്റിന് മുന്നിൽ പ്രതിഷേധം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇടുക്കിയിലും വോട്ടർപ്പട്ടികയിലെ ഗുരുതര പ്രശ്നങ്ങൾ ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തുന്നത്.
ഇന്ന് വിഷയം ഉന്നയിച്ച് പാർലമെന്റിന് മുന്നിൽ നടത്തിയ പ്രതിഷേധത്തിൽ പ്രതിപക്ഷ എംപിമാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അറസ്റ്റ് ചെയ്തതോടെ വാഹനത്തിലിരുന്നും ഇവർ പ്രതിഷേധ മുദ്രാവാക്യം ഉയർത്തി. ഭരണഘടന ഉയർത്തിപ്പിടിച്ചാണ് പ്രിയങ്കാ ഗാന്ധി പൊലീസ് വാഹനത്തിലേക്ക് കയറിയത്. അതേസമയം ഇലക്ഷൻ കമ്മീഷനെ കാണാനുള്ള തീരുമാനം പ്രതിപക്ഷം ഉപേക്ഷിച്ചു. മുപ്പത് എംപിമാർക്ക് മാത്രം കാണാൻ കമ്മീഷൻ അനുമതി നൽകിയതിന് പിന്നാലെയാണിത്.
Content Highlight; Congress alleges voting irregularities in Idukki