പാലക്കാട്: പാലക്കാട് ഡിവൈഎഫ്ഐ കാല്നട പ്രചാരണ ജാഥയിലേക്ക് കാര് ഇടിച്ചു കയറ്റാന് ശ്രമിച്ചെന്ന പരാതിയില് കേസെടുത്തു. തൃശൂര് കരിപ്പാളി സ്വദേശി പ്രദീപിനെതിരെയാണ് ഡിവൈഎഫ്ഐയുടെ പരാതിയില് ചാലിശ്ശേരി പൊലീസ് കേസ് എടുത്തത്. രാഷ്ട്രീയ വിരോധം വെച്ചുള്ള നടപടിയെന്നാണ് എഫ്ഐആറിലുള്ളത്. അമിത വേഗതയില് കാര് പരിപാടിക്ക് ഇടയിലേയ്ക്ക് ഇടിച്ചു കയറ്റാന് ശ്രമിച്ചുവെന്നും പൊലീസ് പറയുന്നു.
പാലക്കാട് തൃത്താല തിരുമിറ്റക്കോട് ഇന്നലെ നടന്ന ഡിവൈഎഫ്ഐ സമരസംഗമ പ്രചാരണ ജാഥയുടെ വേദിയിലേക്കാണ് കാര് ഇടിച്ചു കയറ്റാന് ശ്രമിച്ചത്. സംഭവത്തിന് പിന്നില് ആര്എസ്എസ് പ്രവര്ത്തകനാണെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് ആരോപിച്ചിരുന്നു.
'കാര് വേദിയുടെ അടുത്ത് വെച്ച് ഓഫായത്തിനാലാണ് വലിയ അപകടം ഒഴിവായത്. സംസ്ഥാനത്താകെ ഓഗസ്റ്റ്-15 ന് ഡിവൈഎഫ്ഐ ബ്ലോക്ക് കേന്ദ്രങ്ങളില് സംഘടിപ്പിക്കുന്ന സമര സംഗമത്തിന്റെ പ്രചരണാര്ത്ഥം നടത്തുന്ന പ്രചരണ ജാഥയ്ക്ക് നേരെയാണ് തിരുമിറ്റക്കോട് ആര്എസ്എസ് ആക്രമണം ഉണ്ടായത്. 'രാജ്യത്താകെ ആര്എസ്എസ് നടത്തുന്ന വര്ഗീയ പ്രവാരണങ്ങളെ തുറന്ന് കാട്ടി ഞങ്ങള്ക്കു വേണം തൊഴില് ഞങ്ങള്ക്ക് വേണം മതേതര ഇന്ത്യ എന്ന മുദ്രാവാക്യം ഉയര്ത്തിപ്പിടിച്ചു നടക്കുന്ന പ്രചരണത്തില് വിറളി പിടിച്ചാണ് ആക്രമണം' എന്നും ഡിവൈഎഫ്ഐ ആരോപിച്ചിരുന്നു.
Content Highlights: Attempt to ram car into DYFI procession at Palakkad Case registered