നിമിഷപ്രിയയുടെ ശിക്ഷാ ഇളവിന് വേണ്ടിശ്രമം; പലരും ക്രെഡിറ്റിന് വേണ്ടി ഇടപെട്ടു: ക്രെഡിറ്റ് വേണ്ടെന്ന് കാന്തപുരം

മുസ്‌ലിങ്ങള്‍ ആണെന്നതിന്റെ പേരില്‍ നമ്മളെ ആരും ഇവിടെ നിന്ന് ഇറക്കിവിടില്ലെന്നും കാന്തപുരം പറഞ്ഞു

കോഴിക്കോട്: യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ ശിക്ഷാ ഇളവിനായി ഇടപെട്ടതില്‍ പ്രതികരണവുമായി സമസ്ത എപി വിഭാഗം നേതാവ് കാന്തപുരം എ പി അബൂബക്കർ മുസലിയാര്‍. ചിലർ ക്രെഡിറ്റ് സമ്പാദിക്കാനായി എന്തൊക്കെയോ ചെയ്തുവെന്നും നമുക്ക് ക്രെഡിറ്റ് വേണ്ടെന്നും കാന്തപുരം പറഞ്ഞു.

'നല്ലവരായ എല്ലാവരും അതിനെ സ്വാഗതം ചെയ്തു. അതിനിടെ ചിലര്‍ ക്രെഡിറ്റ് സമ്പാദിക്കാന്‍ വേണ്ടി എന്തൊക്കയോ പറഞ്ഞു. നമുക്ക് ആരുടെയും ക്രെഡിറ്റൊന്നും വേണ്ട. അതൊക്കെ അവര് എടുത്തോട്ടെ', കാന്തപുരം പറഞ്ഞു.

മുസ്ലിംകള്‍ ആണെന്നതിന്റെ പേരില്‍ നമ്മളെ ആരും ഇവിടെ നിന്ന് ഇറക്കിവിടില്ല. അങ്ങനെ ആരും പേടിക്കേണ്ടതില്ല. ഒരു മതത്തിന്റെയും ആശയങ്ങള്‍ ആരിലും അടിച്ചേല്‍പ്പിക്കരുത്. പ്രയാസപ്പെടുന്ന മനുഷ്യര്‍ക്ക് ആശ്വാസവും സമാധാനവും തുല്യതയും ലഭിക്കാനായി ഏവരും ഇടപെടണമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍ പറഞ്ഞു. കല്ലേക്കാട് സംഘടിപ്പിച്ച 32-ാമത് എസ്എസ്എഫ് കേരള സാഹിത്യോത്സവത്തിൻ്റെ സമാപന സംഗമത്തിലായിരുന്നു പ്രതികരണം.

നിമിഷപ്രിയയുടെ മോചനത്തിനായുള്ള തന്റെ ഇടപെടലില്‍ ചെറിയ വിഭാഗം കുത്തിത്തിരുപ്പ് നടത്തിയെന്ന് നേരത്തെയും കാന്തപുരം അഭിപ്രായപ്പെട്ടിരുന്നു. അവിടത്തെ കുടുംബത്തോട് നിങ്ങളീ ചില്ലിക്കാശിനുവേണ്ടി അഭിമാനം വില്‍ക്കുകയാണോ എന്ന് ചോദിച്ച് അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നും കാന്തപുരം പറഞ്ഞിരുന്നു.

Content Highlights: Nimisha Priya case No need for Credit Said kanthapuram

To advertise here,contact us