കാസര്കോട്: കെഎസ്യു കാസര്കോട് ജില്ലാ പ്രസിഡന്റിനെ മാറ്റണമെന്ന പരാതിക്ക് പിന്നാലെ എംഎസ്എഫിനെ പരസ്യമായി വെല്ലുവിളിച്ച് കെഎസ്യു നേതാക്കള്. മുന്നണി മര്യാദ ഒരുകൂട്ടര്ക്ക് മാത്രം ബാധകമായ കാര്യമല്ലെന്നും പറ്റി നില്ക്കുന്ന ഇത്തിള് മരത്തെ നശിപ്പിക്കാന് നോക്കിയാല് വെട്ടിമാറ്റാതെ വഴിയില്ലെന്നും കെഎസ്യു സംസ്ഥാന ഉപാധ്യക്ഷന് അരുണ് രാജേന്ദ്രന് ഫേസ്ബുക്കില് കുറിച്ചു. കെഎസ്യു ഭാരവാഹി ആരാകണമെന്ന് സംഘടന തീരുമാനിക്കുമെന്നും സഹിക്കുന്നതിനും ക്ഷമിക്കുന്നതിനും പരിധിയുണ്ടെന്നും അരുണ് രാജേന്ദ്രന് മുന്നറിയിപ്പ് നല്കി.
'മുന്നണിയും മുന്നണി മര്യാദയും കെഎസ്യുന്റെ മാത്രം ബാധ്യതയല്ല….!കെഎസ്യു ഭാരവാഹി ആരാവണം എപ്പോള് ആക്കണം എന്നൊക്കെ ഞങ്ങള് തീരുമാനിക്കും….!സഹിക്കുന്നതിനും ക്ഷമിക്കുന്നതിനും ഒരു പരിധിയുണ്ട്…!മരത്തില് പറ്റി നില്ക്കുന്ന ഇത്തിള് മരത്തെ നശിപ്പിക്കാന് നോക്കിയാല് വെട്ടി മാറ്റുകയല്ലാതെ വഴിയില്ല…!'
(അരുണ് രാജേന്ദ്രന്)മുന്നണി മര്യാദ ഒരു കൂട്ടര്ക്ക് മാത്രം ബാധകമായ കാര്യമല്ലെന്ന് കെഎസ്യു ഉപാധ്യക്ഷന് യദു കൃഷ്ണന് എംജെയും ഫേസ്ബുക്കിലൂടെ രംഗത്തെത്തി. കെഎസ്യു ജില്ലാ പ്രസിഡന്റ് പദവിയില് ആരെ നിയോഗിക്കണമെന്നും ഒരാളെ എപ്പോള് ഒഴിവാക്കണമെന്നുമൊക്കെയുള്ള വിഷയങ്ങളിന്മേല് തീരുമാനമെടുക്കാന് മറ്റൊരു സംഘടനയ്ക്ക് ആരും ചുമതല നല്കിയിട്ടില്ലെന്നും യദു കൃഷ്ണന് പറഞ്ഞു.
മുന്നണി മര്യാദ ഒരു കൂട്ടർക്ക് മാത്രം ബാധകമായ കാര്യമല്ല....
കെ.എസ്.യു ജില്ലാ പ്രസിഡന്റ് പദവിയിൽ ആരെ നിയോഗിക്കണമെന്നും, ആ സ്ഥാനത്ത് നിന്നും ഒരാളെ എപ്പോൾ ഒഴിവാക്കണമെന്നുമൊക്കെയുള്ള വിഷയങ്ങളിന്മേൽ തീരുമാനമെടുക്കാൻ മറ്റൊരു സംഘടനയ്ക്ക് ആരും ചുമതലകൾ നൽകിയിട്ടില്ല.
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മുന്നണിയായി മത്സരിക്കേണ്ട ബാധ്യത ഒരു കൂട്ടരിൽ മാത്രം നിഷിപ്തമാണെന്നും കരുതേണ്ട.
(യദു കൃഷ്ണൻ എം ജെ)
കണ്ണൂര് സര്വ്വകലാശാല തെരഞ്ഞെടുപ്പില് കെഎസ്യു മുന്നണി മര്യാദ ലംഘിച്ചെന്നും ജില്ലാ പ്രസിഡന്റ് വഞ്ചിച്ചെന്നും കാണിച്ചാണ് എംഎസ്എഫ് ഡിസിസിക്കും കെപിസിസിക്കും പരാതി നല്കിയത്. കണ്ണൂര് സര്വകലാശാല യൂണിയന് തെരഞ്ഞെടുപ്പില് കാസര്കോട് ജില്ല എക്സിക്യൂട്ടീവ് സ്ഥാനത്തേക്ക് യുഡിഎസ്എഫ് സ്ഥാനാര്ത്ഥി ജയിക്കുന്നത് ചരിത്രത്തിലാദ്യമായാണ്. എന്നാല് ഈ വിജയം ഇല്ലാതാക്കാന് കെഎസ്യു കാസര്കോട് ജില്ലാ പ്രസിഡന്റ് ശ്രമിച്ചെന്നാണ് എംഎസ്എഫിന്റെ പരാതി. 17 യുയുസിമാര് എംഎസ്എഫിനും നാല് യുയുസിമാര് കെഎസ്യുവിനും കാസര്കോട് ജില്ലയിലുണ്ട്. ഇതില് മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിലെ കെഎസ്യു യുയുസിയെ ജില്ലാ പ്രസിഡന്റ് വോട്ടെടുപ്പില് പങ്കെടുക്കുന്നതില് നിന്നും പിന്തിരിപ്പിച്ചെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് ഡിസിസി പ്രസിഡണ്ടിനും കെപിസിസി പ്രസിഡണ്ടിനും പ്രതിപക്ഷ നേതാവിനും എംഎസ്എഫ് പരാതി നല്കുകയായിരുന്നു.
അതിനിടെ സംഭവത്തില് കെഎസ്യുവിനെ പരിഹസിച്ച് എസ്എഫ്ഐ രംഗത്തെത്തി. കെഎസ്യു പ്രസിഡന്റ് നാവനക്കണമെങ്കില് എംഎസ്എഫ് തീരുമാനിക്കണം എന്നാണ് പരിഹാസം.
Content Highlights: KSU Vice President Arun Rajendran against MSF